സൈബർ ആക്രമണങ്ങൾ വർധിച്ചു; സൈബർ ഇൻഷുറൻസ് വിപുലമാക്കാൻ നീക്കം

സൈബർ ആക്രമണങ്ങൾ വർധിച്ചു; സൈബർ ഇൻഷുറൻസ് വിപുലമാക്കാൻ നീക്കം

മുംബൈ: ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ തുടങ്ങിയവയിലെ വിവരങ്ങൾ ചോർത്തിയോ മറ്റോ പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭ്യമാക്കാൻ മാതൃകാ ചട്ടക്കൂടൊരുങ്ങി. സൈബർ ആക്രമണങ്ങളും ഓൺലൈൻ തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (ഐ.ആർ.ഡി.എ.ഐ.) ഈ നീക്കം നടത്തിയത്.

ഏതെല്ലാംതരം പരിരക്ഷകളാകാം, ഏതെല്ലാം സാഹചര്യങ്ങളിൽ ക്ലെയിമുകൾ നിഷേധിക്കാം എന്നിങ്ങനെ വിശദമായ മാതൃകാ ചട്ടക്കൂടാണ് അതോറിറ്റി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ച് സൈബർ പോളിസികൾക്ക് കൂടുതൽ വ്യാപ്തി നൽകാൻ കമ്പനികൾക്കാവും. സൈബർരംഗത്ത് വാണിജ്യ-വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചുള്ള പോളിസികളാണ് കൂടുതലും. ചില കമ്പനികൾ വ്യക്തിഗത പോളിസികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിന്റെ വ്യാപ്തി കുറവാണ്. 2020 മാർച്ചിനുശേഷം രാജ്യത്ത് സൈബർ ആക്രമണങ്ങളിൽ 500 ശതമാനത്തിലധികം വർധനയുണ്ടായെന്നാണു കണക്ക്. കാർഡ് ക്ലോണിങ്, സിം ജാക്കിങ്, സ്കിമ്മിങ് പോലുള്ള തട്ടിപ്പുകൾ നിലവിൽ ഇൻഷുറൻസ് പരിധിയിലില്ല. ഇവയെ ഉൾപ്പെടുത്തണം. 5000 രൂപവരെ വരുന്ന ക്ലെയിമുകൾ എഫ്.ഐ.ആർ. ഇല്ലാതെ നൽകാം. അതിനുമുകളിലുള്ളവയ്ക്ക് എഫ്.ഐ.ആർ. നിർബന്ധമാകുമെന്നും റിപ്പോർട്ട് ഉണ്ട്.

Leave A Reply
error: Content is protected !!