വിവരാവകാശപ്രവർത്തകനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വിവരാവകാശപ്രവർത്തകനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വിവരാവകാശപ്രവർത്തകൻ തൃപ്പറ്റ് കല്ലൂർവീട്ടിൽ ശ്രീജിത്തിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം, പച്ചാളം സ്വദേശി രജീഷ് (35) ആണ് അറസ്റ്റിലായത്. ആക്രമണം നടന്ന ശ്രീജിത്തിന്റെ ചായക്കടയിലെത്തി പ്രതിയുമായി വടക്കേക്കാട് പോലീസ് തെളിവെടുപ്പ് നടത്തി. മൂന്നുപേരടങ്ങുന്ന കൊച്ചിയിലെ ക്വട്ടേഷൻസംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെക്കൂടി കിട്ടാനുണ്ട്. കൂടാതെ ഗൂഢാലോചനയിൽ പങ്കുള്ളവരെപ്പറ്റിയും ക്വട്ടേഷൻ നൽകിയവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16-ന് രാവിലെയാണ് സംഭവം. പുലർച്ചെയോടെ ശ്രീജിത്തിനെ കടയിൽ എത്തിയ രാജേഷും കൂട്ടരും ചായ കുടിച്ച് ഇരുന്ന്, ആളൊഴിഞ്ഞ തക്കത്തിൽ ആക്രമിക്കുകയായിരുന്നു.
ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയ പ്രതികൾ നാലുകിലോമീറ്റർ അകലെവെച്ച്, ബൈക്ക് മാറ്റി മൂന്നുപേർ ഒരുമിച്ച് സ്‌കൂട്ടറിൽ കയറിയാണ് ആക്രമണത്തിന് എത്തിയത്. ഇവർ അക്രമണം നടത്തി തിരിച്ചുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. പറവൂരിൽ പ്രതികൾ വെള്ളം കുടിക്കാൻ നിർത്തിയപ്പോൾ ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് തിരിച്ചറിഞ്ഞത്.
ആക്രമണം നടത്തി വിദഗ്‌ധമായി രക്ഷപ്പെട്ട പ്രതികളെക്കുറിച്ചുള്ള സൂചനയ്ക്കായി ഇരുനൂറിലധികം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഗുരുവായൂർ എ.സി.പി. രൂപവത്‌കരിച്ച പ്രത്യേകാന്വേഷണസംഘത്തിലെ എസ്‌.ഐ. പി.എസ്. അനിൽ, സി.പി.ഒ.മാരായ രൺദീപ്, മിഥുൻ, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Leave A Reply
error: Content is protected !!