മാവേലിക്കരയിൽ കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയ സംഭവം: ലിജു ഉമ്മൻ പിടിയിൽ

മാവേലിക്കരയിൽ കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയ സംഭവം: ലിജു ഉമ്മൻ പിടിയിൽ

മാവേലിക്കര: കഴിഞ്ഞ ഡിസംബർ 29-നു തഴക്കരയിൽ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പോലീസ് പിടികൂടി. മാവേലിക്കര പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എ.സി.പി.യുടെയും കളമശ്ശേരി ഇൻസ്പെക്ടറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ തടഞ്ഞുവെച്ചു.
തുടർന്നു മാവേലിക്കര എസ്.ഐ. അംശുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ലിജു ഉമ്മനെ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. ആശുപത്രിയിൽ ഇയാൾ എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ മാവേലിക്കര പോലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പോലീസ് വിവരം കൊച്ചിക്കു കൈമാറിയത്.
നാളുകളായി പോലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടിൽനിന്നാണു കഴിഞ്ഞ ഡിസംബറിൽ 29 കിലോ കഞ്ചാവും വാറ്റുപകരണങ്ങളും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും കെട്ടുകണക്കിന് ഹാൻസും പിടികൂടിയത്. നിമ്മിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്കൂട്ടറും അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Reply
error: Content is protected !!