70,000 കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ച് വേറിട്ട കാമ്പയിനുമായി കോട്ടയം

70,000 കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ച് വേറിട്ട കാമ്പയിനുമായി കോട്ടയം

കോട്ടയം:ഒന്നര വർഷം പിന്നിട്ട കോവിഡ് പോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് അതുവഴി വേറിട്ട ബോധവത്കരണ കാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കമിടുന്നു. സംസ്ഥാനതലത്തിൽ നടത്തുന്ന ‘ബി ദ വാരിയർ’ കാമ്പയിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ ജില്ലയിലെ എഴുപതിനായിരത്തോളം ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കാളികളാകും. സെപ്റ്റംബർ 14 മുതൽ 20 വരെയാണ് പ്രചാരണം.

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും മുൻനിരപ്പോരാളികളായ 70,000 പേർക്കും എസ്.എം.എസ്. സന്ദേശം ലഭിക്കും. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കാമറക്ക് അനുവാദം നൽകുന്നതോടെ മൊബൈൽ സ്‌ക്രീനിൽ കാമറ ഫ്രെയിം തെളിയും.

മൊബൈലിന്റെ ഫ്രണ്ട് കാമറയിൽ തെളിയുന്ന സ്വന്തം മുഖത്തിൽ വിരലമർത്തുമ്പോൾ ‘കോവിഡ് പോരാളിയായതിൽ ഞാൻ അഭിമാനിക്കുന്നു’ (proud to be a warrior) എന്ന സന്ദേശവും ലോഗോയും അടങ്ങിയ ഫ്രെയിം മൊബൈലിൽ ലഭിക്കും. തുടർന്ന് സ്‌ക്രീനിന്റെ താഴെയായി കാണുന്ന ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഇത് സെർവറിലേക്കു സേവ് ചെയ്യപ്പെടും. സ്‌ക്രീനിൽനിന്നു ഫോട്ടോ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാം. ഇങ്ങനെ സേവ് ചെയ്യപ്പെടുന്ന ചിത്രം സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തോ പ്രൊഫൈൽ ആക്കിയോ മുന്നണിപ്പോരാളികൾക്ക് കാമ്പയിന്റെ ഭാഗമാകാം.

ജില്ലാതല ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 14) രാവിലെ 11.45ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു  . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വര്ഗീസ് തുടങ്ങിയവർ പങ്കെടുക്കും.

ഷെയർ ചെയ്യുന്നവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ‘ബി ദി വാരിയർ’ ഹോർഡിംഗുകൾ തയാറാക്കി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. പരമാവധി മുന്നണിപോരാളികളുടെ ഫോട്ടോകൾ ചേർത്ത് ഹോർഡിംഗുകൾ ഒരുക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ എം.പിമാർ, എം.എൽ.എ.മാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തി പ്രത്യേക ഡിജിറ്റൽ വാളുകൾ നിർമിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്-നഗരസഭ-റവന്യൂ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, ആശ- അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഓട്ടോറിക്ഷ-ടാക്‌സി ഡ്രൈവർമാർ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരെ പങ്കാളികളാകും.

കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും ചേർന്ന് തയാറാക്കിയ പ്രചാരണ പരിപാടിക്ക് പാലക്കാട് കൊസാക് ടെക്കും തൃശൂർ ഓക്ക് ട്രീ ബാൻഡ് വാഗണുമാണ് സാങ്കേതിക സഹായമൊരുക്കുന്നത്

Leave A Reply
error: Content is protected !!