സംരംഭകര്‍ക്കാശ്വാസം; ‘മീറ്റ് ദ മിനിസ്റ്റര്‍ ‘അദാലത്തില്‍ തീര്‍പ്പായത് 44 പരാതികള്‍

സംരംഭകര്‍ക്കാശ്വാസം; ‘മീറ്റ് ദ മിനിസ്റ്റര്‍ ‘അദാലത്തില്‍ തീര്‍പ്പായത് 44 പരാതികള്‍

കണ്ണൂർ: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്‌നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് ‘മീറ്റ് ദ മിനിസ്റ്റര്‍’. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന അദാലത്തില്‍ സ്വീകരിച്ച 94 പരാതികളില്‍ 44 എണ്ണം പരിഹരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവച്ചു. 27 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടവ, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടവ, പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങി 22 പരാതികള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി മാറ്റി വെച്ചു. ഇതിന് പുറമെ 39 പരാതികളാണ്  തത്സമയം സ്വീകരിച്ചത് .ഇവയുടെ വിശദാംശങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കും.തദ്ദേശ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, ജിയോളജി വകുപ്പ്, അഗ്‌നിരക്ഷാ, മലിനീകരണ നിയന്ത്രണ വിഭാഗം, ബാങ്ക് വായ്പ  തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായും ചര്‍ച്ച ചെയ്തത്.  ചെങ്കല്‍ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടവ, കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങള്‍, വായ്പാ വിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതികള്‍ ലഭിച്ചു. ഒരോ പരാതിയിന്‍മേലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. 

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് അദാലത്ത് നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തില്‍ ടോക്കണ്‍ നല്‍കിയാണ് അദാലത്തില്‍ പ്രവേശനം നല്‍കിയത്. ഒരുസമയം 10 പേര്‍ക്കാണ് അദാലത്ത് ഹാളിലേക്ക് പ്രവേശനം നല്‍കിയത്.   തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായകേന്ദ്രത്തിലും, ജില്ലാ വ്യവസായകേന്ദ്രത്തിലും നേരിട്ടും ഓണ്‍ലൈനിലുമാണ് പരാതികള്‍ സ്വീകരിച്ചത്.

ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ വാണിജ്യ  വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍,  കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  പി എന്‍ അനില്‍ കുമാര്‍, കിന്‍ഫ്ര, കെഎസ്ഐഡിസി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!