പട്ടയമേള: നാളെ പാലക്കാട് ജില്ലയില്‍ വിതരണം ചെയ്യുന്നത് 1034 പട്ടയങ്ങള്‍

പട്ടയമേള: നാളെ പാലക്കാട് ജില്ലയില്‍ വിതരണം ചെയ്യുന്നത് 1034 പട്ടയങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് നാളെ രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 1034 പട്ടയങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. നാളെ ജില്ലയില്‍ താലൂക്ക് തലത്തിലും പട്ടയ വിതരണം നടക്കും. ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുക്കും. സംസ്ഥാന തല പരിപാടിയില്‍ റവന്യൂ, ഭവന, നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.

ഒരേക്കര്‍ ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ തികച്ചാക്കി ഭൂമി നല്‍കുന്ന കെ.എസ്.ടി (കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുന:രവകാശ സ്ഥാപനവും) പട്ടയ ഇനത്തില്‍ 133, ഭൂമി പതിവ്, ലക്ഷം വീട്, നാല് സെന്റ് പട്ടയ ഇനത്തിലായി 117, ലാന്റ് ട്രിബ്യൂണല്‍ പട്ടയ ഇനത്തില്‍ 784 എന്നിങ്ങനെയാണ് വിതരണം ചെയ്യുക.
താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍
പാലക്കാട് – കെ.എസ്.ടി പട്ടയം 89
ചിറ്റൂര്‍ – കെ.എസ്.ടി പട്ടയം 18
ആലത്തൂര്‍ – ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം – എട്ട്
മണ്ണാര്‍ക്കാട് – ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 15, കെ.എസ്.ടി പട്ടയം 26
ഒറ്റപ്പാലം – ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 41
പട്ടാമ്പി – ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം – 53
ഇത്തരത്തില്‍ ആകെ 250 പട്ടയങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Leave A Reply
error: Content is protected !!