60,000 അഫ്​ഗാനികളെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ച് ഖത്തർ

60,000 അഫ്​ഗാനികളെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ച് ഖത്തർ

ദോഹ: താലിബാൻ അധികാരമേറ്റ ശേഷം ജീവൻ രക്ഷിക്കാനായി രാജ്യം വിടേണ്ടി വന്ന 60,000 ത്തോളം അഫ്ഗാനികളെ വിവിധ രാജ്യങ്ങളിൽ സുരക്ഷിതമായി എത്തിച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ഇൻഫർമേഷൻ ഓഫിസ്​ അധ്യക്ഷൻ അഹമദ് ബിൻ സഈദ് ജാബിർ അൽ റുമൈഹി വ്യക്തമാക്കി .

അതെ സമയം ഏതാനും അഫ്ഗാൻ പൗരന്മാർ മാത്രമാണ് ഖത്തറിൽ അവശേഷിക്കുന്നതെന്നും തുടർന്നുള്ള ദിവസങ്ങളിൽ തന്നെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അൽ റുമൈഹി ട്വിറ്ററിൽ കുറിച്ചു .

അഫ്ഗാനിസ്​താനിൽ നിന്ന്​ തങ്ങളുടെ പൗരന്മാരെ ഖത്തറിന്റെ സ്വന്തം വിമാനത്തിൽ സുരക്ഷിതമായി പുറത്തെത്തിച്ചതിന് ബ്രിട്ടൻ, ഫ്രാൻസ്​, യുഎസ് , കാനഡ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന് പ്രത്യേക നന്ദി അറിയിച്ചിരുന്നു.

കാബൂൾ രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തിച്ച് തുടങ്ങിയതോടെ ഖത്തറിന്റെ നേതൃത്വത്തിൽ വീണ്ടും ഒഴിപ്പിക്കൽ പുനരാരംഭിച്ചു. ഖത്തർ എയർവേസിൻെറ രണ്ടു യാത്രാവിമാനങ്ങളാണ്​ വീണ്ടും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയത് .രണ്ടു ദിവസങ്ങളിലായി അഫ്ഗാനികളുൾപ്പെടെ 200ലേറെ പേരെയാണ് ഖത്തർ എയർവേസ്​ വിമാനത്തിൽ ദോഹയിലെത്തിച്ചത്..

Leave A Reply
error: Content is protected !!