വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളില്‍ ജസ്റ്റിസ് എം. ഫാത്തിമാ ബീവിയും

വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളില്‍ ജസ്റ്റിസ് എം. ഫാത്തിമാ ബീവിയും

പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം. ഫാത്തിമാ ബീവിയെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. സമൂഹത്തിന്റെ സമസ്തമേഖലകളിലും ‘സ്ത്രീപുരുഷ സമത്വം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘സമം’ എന്ന പരിപാടി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളെ തെരഞ്ഞെടുത്ത് ആദരിച്ചു.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 11 വനിതകളില്‍ ഒരാളായ ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പത്തനംതിട്ടയിലെ വസതിയില്‍ നേരിട്ടെത്തി മൊമന്റോയും പൊന്നാടയും നല്‍കി ആദരവ് അറിയിക്കുകയായിരുന്നു മന്ത്രി. 11 വനിതകളില്‍ ഒരാളായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു. സമൂഹത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലേക്ക് കടന്നുവരുന്നുണ്ടെന്നും സ്ത്രീകളില്‍ ഉയര്‍ച്ച അനിവാര്യമാണെന്നും ജസ്റ്റിസ് ഫാത്തിമാ ബീവി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് എം.ഫാത്തിമ ബീവിക്കൊപ്പം തെരഞ്ഞെടുത്ത കെ.എസ്. ചിത്ര, നഞ്ചിഅമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, എം.ഡി. വത്സമ്മ, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ. കെ. ഓമനക്കുട്ടി, നാടക-സിനിമ പ്രവര്‍ത്തക സേതുലക്ഷ്മി, കാമറ വിമന്‍ ഫൗസിയ ഫാത്തിമ, വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫ്, ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ.സി. രേഖ എന്നിവരെ മുന്‍പ് ആദരിച്ചിരുന്നു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സഹോദര പുത്രനും കോട്ടയം ജില്ലാ ജഡ്ജിയും സെയില്‍സ് ടാക്‌സ് അപ്പെല്ലറ്റ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ മെമ്പറുമായ ഹഫീസ് മുഹമ്മദ്, സഹോദരി പുത്രനും പ്രൈവറ്റ് സെക്രട്ടറിയുമായ അബ്ദുള്‍ ഖാദര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!