ആറ് പതിറ്റാണ്ടുകള്‍ക്കൊടുവില്‍ പട്ടയം; സ്വപ്ന സാഫല്യത്തില്‍ താനത്ത് വീട്

ആറ് പതിറ്റാണ്ടുകള്‍ക്കൊടുവില്‍ പട്ടയം; സ്വപ്ന സാഫല്യത്തില്‍ താനത്ത് വീട്

ഇടുക്കി: ഇനി അയല്‍വക്കത്തുള്ളവരെ പോലെ പട്ടയമുള്ള ഭൂമി തങ്ങളുടെ കുടുംബത്തിനും സ്വന്തമായുണ്ടെന്നതിന്റെ ത്രില്ലിലാണ് കരിങ്കുന്നം വടക്കുംമുറി താനത്ത് മേരി ജോര്‍ജ്ജ് (73). ചുറ്റും പട്ടയമുള്ള ഭൂമിയാണെങ്കിലും ഇതുവരെ മേരിയുടെ വീട്ടുകാര്‍ക്കുള്ള ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. അറുപത് വര്‍ഷ കാലത്തിലേറെയായി മേരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം കിട്ടിയിരിക്കുന്നത്.

ഭൂമി വാങ്ങിയ കാല ഘട്ടം മുതല്‍ തന്നെ ഇതിന് പട്ടയം നേടാനുള്ള ശ്രമം തുടങ്ങിയതാണ്. തുടര്‍ച്ചയായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പതിറ്റാണ്ടുകള്‍ക്ക് മുന്നേ മുതല്‍ ജനവാസ മേഖലയാണീ പ്രദേശം. അതിനാല്‍ തന്നെ റോഡ് വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനങ്ങള്‍ നേരത്തെ തന്നെ ഇവിടേക്കെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് പട്ടയമുള്ള മറ്റ് ഭൂമിക്കൊക്കെ നല്ല മൂല്യവും ലഭിച്ചു.

എന്നാല്‍ മേരിയുടെ കുടുംബത്തിന് മാത്രം പട്ടയമില്ലാത്തതിനാല്‍ അതിന്റെ ആനുകൂല്യം ലഭിച്ചില്ല. ഇതിന് പുറമേ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉള്‍പ്പെടെ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതിലും തടസ്സമുണ്ടായി. പട്ടയം ഇല്ലാത്തതിനാല്‍ സാമ്പത്തിക പ്രയാസം നേരിട്ട കാലത്ത് ഭൂമി ബാങ്കില്‍ പണയം വച്ച് വായ്പയെടുക്കാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ ചെറുതും വലുതുമായ ഒട്ടുമിക്ക ഭൂമിക്കും പട്ടയം കിട്ടിയതാണ്.

ഭര്‍ത്താവ് ജോര്‍ജ്ജിന്റെ മരണം വരെ അദ്ദേഹമായിരുന്നു പട്ടയത്തിനുള്ള അപേക്ഷയുമായി ജില്ലാ കളക്ടറേറ്റിലും തൊടുപുഴ താലൂക്ക് ഓഫീസിലുമൊക്കെ പോയിരുന്നത്. ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ മേരിയുടെ പേരിലാണ് രണ്ട് വര്‍ഷം മുമ്പ് പട്ടയത്തിന് അപേക്ഷ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ മേരിക്കും പട്ടയം കിട്ടിയത്. അറുപതിലധികം വര്‍ഷമായുള്ള കുടുംബത്തിന്റെ ആഗ്രഹം യാഥാര്‍ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് മേരിയും വീട്ടുകാരും പറഞ്ഞു.

Leave A Reply
error: Content is protected !!