പോലീസിനെ നന്നാക്കാൻ ഇനി ജനങ്ങൾക്ക് അവസരം

പോലീസിനെ നന്നാക്കാൻ ഇനി ജനങ്ങൾക്ക് അവസരം

പോലീസ്കാരുടെ സ്വഭാവും. പെരുമാറ്റവും വളരെ മോശമായി വരുന്നതിന്റെ തെളിവുകൾ നമ്മൾ ഒരുപാട് കണ്ടു ചിലരൊക്കെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അപമര്യാദയുടെ പശ്ചാത്തലത്തിൽ ആണ് പുതിയ പദ്ധതികൾ.
പോലീസുകാര്‍ മര്യാദയോടെ പെരുമാറിയില്ലെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചെയ്യാം. പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ പദ്ധതികളുമായി ഡി ജി പി അനില്‍ കാന്ത്. ജനകീയ നിരീക്ഷണമെന്ന ആശയമാണ് ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുന്നോട്ട് വച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അരങ്ങേറിയ പോലീസിന്റെ ക്രൂരത വലിയ ചര്‍ച്ചകള്‍ക്കും മറ്റും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാലോ, വാര്‍ത്തയായി വന്നാലോ ഉടന്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊലീസിന്റെ മോശം പെരുമാറ്റം സര്‍ക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് തുടക്കമിട്ടെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കാകെ താക്കീത് നല്‍കാന്‍, കേസുകളില്‍ കുടുങ്ങിയ എസ്.ഐയ്ക്ക് അനുവദിച്ച പൊലീസ് മെഡല്‍ തിരിച്ചെടുത്തു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്ന 11 ഡിവൈ.എസ്.പിമാരെ ഇന്‍സ്പെക്ടര്‍മാരായി തരംതാഴ്‌ത്തി. എന്നിട്ടും ഫലം കണ്ടില്ല.

ജനങ്ങളോട് ധാര്‍ഷ്ട്യം കാട്ടുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും പരാതികള്‍ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാമെന്നാണ് പൊലീസ് ആക്ടിലെ 86-സി വകുപ്പ് അനുശാസിക്കുന്നത്.

വാഹനം പരിശോധിക്കുമ്ബോള്‍ പുരുഷനാണെങ്കില്‍ സര്‍/സുഹൃത്തെന്നും സ്ത്രീയാണെങ്കില്‍ മാഡം/സഹോദരിയെന്നും അഭിസംബോധന ചെയ്യണമെന്ന് ഡി.ജി.പിയായിരിക്കെ ടി.പി. സെന്‍കുമാര്‍ ഉത്തരവിറക്കി. പക്ഷേ എടാ, എടീ, നീ എന്നൊക്കെയേ ഇന്നും നാവില്‍ വരൂ.

 ആത്മനിയന്ത്രണം വിടരുത്, ദേഹോപദ്രവം ഏല്‍പ്പിക്കരുത്, നിയമപരമല്ലാതെ വാഹനം കസ്റ്റഡിയിലെടുക്കരുത്, അനാവശ്യ സമയനഷ്ടമുണ്ടാവുന്ന പരിശോധന പാടില്ല എന്നിങ്ങനെ സെന്‍കുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല

 വിനോദസഞ്ചാരികള്‍ക്കടക്കം മതിപ്പുണ്ടാകും വിധത്തില്‍ മാതൃകാപരമായിരിക്കണം പെരുമാറ്റമെന്നും നിര്‍ദ്ദേശിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍ തുറന്നിടുക, തൊപ്പി വയ്ക്കാതിരിക്കുക, തൊപ്പി കക്ഷത്തുവയ്ക്കുക എന്നിവയും വിലക്കിയിരുന്നു.പക്ഷേ എല്ലാം വെറും പഴംചാക്കുകൾ മാത്രം.

പൊലീസ് സേനയ്ക്ക് അവമതിപ്പും അപകീര്‍ത്തിയുമുണ്ടാക്കുന്നത് ഇനി അനുവദിക്കാനാവില്ല. ഇരകള്‍ക്കും സാക്ഷികള്‍ക്കും ഇത്തരത്തില്‍ നേരിട്ട് ഇടപെടാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുഴുവന്‍ സേനയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു. അനാവശ്യമായി ഫൈന്‍ എഴുതിക്കൊടുത്തത് മുതല്‍, തൊഴിലാളിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് വരെ ഈ നാണക്കേടുകളില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ഡി ജി പി യ്ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്.

കാക്കിയുടെ ബലത്തില്‍ പൊതുജനത്തെ അസഭ്യം വിളിച്ചും കൈയേറ്റം ചെയ്തും പരിശോധനയുടെ പേരില്‍ വഴിപോക്കരെ പിടിച്ചുപറിച്ചും വിലസുന്ന സംസ്ഥാന പൊലീസിലെ ഒരുകൂട്ടം ‘സാറന്മാരെ’ നേര്‍വഴി നടത്താന്‍ ജനങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ് ഡി ജി പി. ഇതൊക്കെ എത്രത്തോളം പ്രാവർത്തികമാകും എന്ന് കണ്ട് അറിയണം.

Leave A Reply
error: Content is protected !!