ഖത്തർ ഉപപ്രധാനമന്ത്രി കാബൂളിൽ ; അഫ്​ഗാൻ സർക്കാറുമായി കൂടിക്കാഴ്ച

ഖത്തർ ഉപപ്രധാനമന്ത്രി കാബൂളിൽ ; അഫ്​ഗാൻ സർക്കാറുമായി കൂടിക്കാഴ്ച

ദോഹ: കാബൂൾ താലിബാൻ കയ്യേറിയ ശേഷം അഫ്​ഗാനിലേക്ക് ആദ്യ വിദേശ പ്രതിനിധിയുടെ സന്ദർശനം. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനിയാണ്​ ഞായറാഴ്​ച വൈകീട്ട്​ കാബൂളിലെത്തിയത്​.

അഫ്​ഗാൻ മുന്‍ പ്രസിഡൻറ്​ ഹാമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്​ദുല്ല അബ്​ദുല്ല, താലിബാൻ ഇടക്കാല സർക്കാറിലെ ആക്​ടിങ്​ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ്​ ഹസൻ അകുന്ദ്​ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു .

ആഗസ്​റ്റ്​ 31ന്​ യുഎസ് സൈന്യം പൂർണമായും രാജ്യം വിട്ട ശേഷം അഫ്​ഗാനിൽ വിദേശ രാജ്യത്ത് നിന്നുമെത്തുന്ന ആദ്യ ഉന്നത വ്യക്​തിയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി. കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നായിരുന്നു ഹസൻ അകുന്ദുമായുള്ള കൂടിക്കാഴ്​ച. ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിമാർ, മറ്റ് ഉന്നതനേതാക്കൾ, അഫ്​ഗാനിൽ ഖത്തർ അംബാസഡർ തുടങ്ങിയവർ ചർച്ചയിൽ പ​ങ്കെടുത്തു. ശേഷമായിരുന്നു മുന്‍ പ്രസിഡൻറ്​ ഹമീദ് കര്‍സായിയെയും അബ്ദുല്ല അബ്ദുല്ലയെയും കണ്ടത്​.

അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായ പ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു. അതെ സമയം നിലവില്‍ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശരാജ്യമാണ്​ ഖത്തർ. അഫ്​ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്കും, നയതന്ത്ര ചർച്ചകൾക്കും ഏറെനാളായി നേതൃത്വം നൽകുന്ന ഖത്തർ വിദേശകാര്യ മന്ത്രി, ഇതു സംബന്ധിച്ച വിദേശ പര്യടനത്തിനൊടുവിലാണ്​ ഞായറാഴ്​ച കാബൂളിലെത്തിയത്​.

Leave A Reply
error: Content is protected !!