സംസ്ഥാന സർക്കാരിന്റെ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഇ.എൻ. രത്‌നമ്മയും ഡി. സേതുലക്ഷ്മിയും അർഹരായി

സംസ്ഥാന സർക്കാരിന്റെ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഇ.എൻ. രത്‌നമ്മയും ഡി. സേതുലക്ഷ്മിയും അർഹരായി

കോട്ടയം: സംസ്ഥാന സർക്കാരിന്റെ2019-2020 ലെ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഇ.എൻ. രത്നമ്മയും ഡി. സേതു ലക്ഷ്മിയും അർഹയായി. വെളിയന്നൂർ പഞ്ചായത്ത് നാലാം വാർഡിലെ മുപ്പത്തിമൂന്നാം നമ്പർ കുളങ്ങരമറ്റം അങ്കണവാടിയിലെ അധ്യാപികയാണ് ഇ.എൻ. രത്നമ്മ. 42 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും ഈ വർഷം വിരമിക്കാനിരിക്കെയാണ് മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് തേടിയെത്തിയത്. 2001ലാണ് ഈ അങ്കണവാടിയിലേക്ക് ടീച്ചർ എത്തുന്നത്.

അങ്കണവാടിയിലും വാർഡ് തലത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങളും കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളുമാണ് ടീച്ചറെ അവാർഡിനർഹയാക്കിയത്. ഒരൊറ്റ കോവിഡ് രോഗി പോലും ഇല്ലാത്ത വാർഡായി നാലാം വാർഡിനെ മാറ്റാൻ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചെന്ന് ഇ.എൻ. രത്നമ്മ ടീച്ചർ പറഞ്ഞു. 2018ൽ മികച്ച ശുചിത്വ അങ്കണവാടിയായി കുളങ്ങരമറ്റം അങ്കണവാടിയെ തിരഞ്ഞെടുത്തിരുന്നു. നിലവിൽ 20 കുട്ടികളാണ് ഇവിടെയുള്ളത്. വെളിയന്നൂർ പടിഞ്ഞാറേ പീടിക സ്വദേശിനിയാണ് ഇ.എൻ. രത്നമ്മ.

വാഴൂർ ഗ്രാമപഞ്ചായത്തിലെ നന്ത്യാട്ടുപടി 96-ാം നമ്പർ അങ്കണവാടിയിലെ ടീച്ചറാണ് ഡി. സേതു ലക്ഷ്മി. കോവിഡ് മഹാമാരിയുടെ കാലത്തും അങ്കണവാടി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയതാണ് സേതുലക്ഷ്മിയെ അവാർഡിന് അർഹയാക്കിയത്. 2000 ൽ ജോലിയിൽ പ്രവേശിച്ച കാലം മുതൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമാണ് സേതു ടീച്ചർ. പളയകാലത്തും കോവിഡ് പടർന്നപ്പോഴും സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2008 ൽ എസ്.എസ്.എ യുടെ ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടി, 2011 ൽ ബ്ലോക്ക് തലത്തിൽ ഏറ്റവും മികച്ച കൗമാര ക്ലബ്, 2017 ൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ അങ്കണവാടി എന്നീ അവാർഡുകളും സേതുലക്ഷ്മിക്ക് ലഭിച്ചിരുന്നു. സാമൂഹികസുരക്ഷാ ക്ഷേമ പദ്ധതികൾ താഴേത്തട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് താൻ ഊന്നൽ കൊടുക്കുന്നതെന്ന് സേതുലക്ഷ്മി പറയുന്നു. 21 വർഷത്തിനിടെ താൻ പഠിപ്പിച്ചു വിട്ട കുട്ടികളെ തുടർന്നുള്ള ജീവിതത്തിലും ശ്രദ്ധിക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു.

നിലവിൽ 20 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. കൗമാര ക്ലബിൽ 25 ഉം വയോജനക്ലബിൽ 36 ഉം അംഗങ്ങളുണ്ട്. പൊതുപ്രവർത്തക കൂടിയായ ടീച്ചർ വാഴൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സണാണ്. ഭർത്താവ് സുകുമാരൻ നായർ ബിസിനസുകാരനാണ.് മൂത്ത മകൻ വിനീത് റബ്‌കോയിൽ ജോലി ചെയ്യുന്നു. ഇളയ മകൻ അർജുൻ എൻജിനീയറാണ്.

Leave A Reply
error: Content is protected !!