ട്രോളിങ് നിരോധനം അവസാനിക്കാൻ രണ്ടു നാൾ; കോവിഡ് നിയന്ത്രണം കർശനം

ട്രോളിങ് നിരോധനം അവസാനിക്കാൻ രണ്ടു നാൾ; കോവിഡ് നിയന്ത്രണം കർശനം

കൊല്ലം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിംഗ് നിരോധനം ജില്ലയിലും ജൂലൈ 31 ന്അര്‍ദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മത്സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മത്സ്യബന്ധനത്തിന് അനുമതി.

ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പരമ്പരാഗത യാനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കണം.

ഹാര്‍ബറിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രം. എന്‍ട്രി പാസില്‍ പ്രവേശിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തണം. ഗാര്‍ഹിക ഉപഭോക്താക്കള്‍, ലേല തൊഴിലാളികള്‍, ഏജന്റുമാര്‍, ബോട്ട് ഉടമകള്‍ക്കൊപ്പം എത്തുന്ന സഹായികള്‍ എന്നിവര്‍ക്ക് ഹാര്‍ബറുകളിലും ലേലഹാളുകളിലും പ്രവേശനമില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള യാനങ്ങള്‍ക്കും പ്രവേശനമില്ല. ഹാര്‍ബറിന് ഉള്ളിലേക്ക് കടക്കാനും പുറത്തിറങ്ങാനും ഓരോ കവാടം മാത്രം.

തങ്കശ്ശേരി ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ അതത് സൊസൈറ്റികള്‍ക്ക് അനുവദിച്ചിട്ടുള്ള ലേല ഹാളില്‍ വിപണനം നടത്തണം. ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോരന്‍ വള്ളങ്ങള്‍ സമയക്രമം കൃത്യമായി പാലിക്കണം.
ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യവ്യാപാരം രാവിലെ നാലു മുതല്‍ വൈകുന്നേരം നാലു വരെ. ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുന്ന ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍, ലേല തൊഴിലാളികള്‍, സീ ഫുഡ് ഏജന്റ്മാര്‍, ബോട്ട് ഉടമകള്‍, വാഹന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവരായിരിക്കണം.

കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളില്‍ നിന്നും കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശനമില്ല. ലേലം ഒഴിവാക്കി വില മുന്‍കൂട്ടി നിശ്ചയിച്ച് മത്സ്യം തൂക്കി വില്‍ക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.

ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാനങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്തുമ്പോള്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും.
ഒരു ഹാര്‍ബറില്‍ നിന്ന് പുറപ്പെടുന്ന യാനങ്ങള്‍ വിപണനത്തിനായി അതേ ഹാര്‍ബറില്‍ തന്നെ എത്തണം. എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഒറ്റ, ഇരട്ട അക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഹാര്‍ബറില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്ക യാനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ടഅക്ക യാനങ്ങള്‍ക്കുമാണ് അനുമതി.

ബോട്ടുകളില്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹാര്‍ബറും പരിസരവും ലേല ഹാളുകളും സ്റ്റാളുകളും അണുവിമുക്തമാക്കും. ഹാര്‍ബറുകളില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നീണ്ടകര താലൂക്ക് ആശുപത്രി, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ടി.എം. വര്‍ഗീസ് ഹാള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം ഉള്ളവര്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകണം. നിയമലംഘനങ്ങള്‍ തടയുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് എന്ന് എ. ഡി. എം. സാജിതാ ബീഗം അറിയിച്ചു.

Leave A Reply
error: Content is protected !!