ഉത്സവത്തിനിടെ മനുഷ്യന്റെ തല ഭക്ഷിച്ചെന്ന പരാതിയിൽ കേസ്

ഉത്സവത്തിനിടെ മനുഷ്യന്റെ തല ഭക്ഷിച്ചെന്ന പരാതിയിൽ കേസ്

തെങ്കാശി(തമിഴ്‌നാട്): ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മനുഷ്യന്റെ തല ഭക്ഷിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. തെങ്കാശിയിലെ കല്ലൂരാണി ഗ്രാമത്തിലെ ശക്തിപോതി ചുടലൈ മാടസ്വാമി ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

കാട്ടുകോവില്‍ എന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍ നടന്ന ‘സാമിയാട്ടം’ ചടങ്ങിനിടെ ചിലര്‍ മനുഷ്യന്റെ തല ഭക്ഷിച്ചെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയത് . ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമിയാട്ടം നടത്തിയ ചിലര്‍ക്കെതിരേ കേസെടുത്തതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു .

ഉത്സവ വേളയിൽ ചിലര്‍ മനുഷ്യന്റെ തല കൈയിലേന്തി നില്‍ക്കുന്നതിന്റെയും അതില്‍നിന്ന് മാംസം ഭക്ഷിക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്. നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആരുടെ മൃതദേഹമാണ് പുറത്തെടുത്ത് ഭക്ഷിച്ചതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.ആരുടെ മൃതദേഹമാണ് ഇവര്‍ പുറത്തെടുത്തതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഉത്സവത്തിന്റെ സംഘാടകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!