നീതിയ്ക്കായി സമരം : ഇനി മരണം വരെ സെക്രട്ടറിയേറ്റ് പടിക്കൽ : മേരിയമ്മ

നീതിയ്ക്കായി സമരം : ഇനി മരണം വരെ സെക്രട്ടറിയേറ്റ് പടിക്കൽ : മേരിയമ്മ

മേരിയമ്മക്ക് വയസ് 74 ആയി.വാർധക്യത്തിൻ്റെ അവശതക്കൊപ്പം തന്നെ 5 വർഷമായി തുടരുന്ന നിയമ പോരാട്ടത്തോട് പോലീസ് അധികാരികൾ കാണിക്കുന്ന നിസ്സംഗതയും ആ മുഖത്ത് കാണാനാവും. പക്ഷെ തോറ്റ് പിൻമാറാൻ ഇവർ തയ്യാറല്ലന്ന് മാത്രം.

ഇനി പോരാട്ടം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനൊരുങ്ങുകയാണി വയോധിക . മകളുടെ ഭർത്താവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ നിയമ പോരാട്ടം തുടരുന്നത്.

കോഴിഫാം ഉടമയായിരുന്ന മകളുടെ ഭർത്താവ് ഫാമിൽ ഷോക്കേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ വടക്കേ പുറത്ത് ബിജു (42) 2016 മാർച്ച് 27 ന് വൈകുന്നേരത്തോടെയാണ് ആനക്കാം പൊയിൽ കക്കാട്ട് പാറയിലെ ഫാമിൽ ഷോക്കേറ്റ നിലയിൽ കാണപ്പെട്ടത്.

വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ സുഹൃത്തിൻ്റെ സ്ഥലത്താണ് ബിജു കോഴിഫാം നടത്തിയിരുന്നത്. ആദ്യം കൂട്ടായി ഫാം നടത്താനായിരുന്നു ബിജുവും സുഹൃത്തും തിരുമാനിച്ചിരുന്നതെങ്കിലും പിന്നിട് സുഹൃത്ത് പിൻമാറുകയായിരുന്നു.

ഫാം സ്ഥാപിച്ച സ്ഥലം പ്രേതബാധയുള്ള സ്ഥലമാണെന്നും, ഫാം മുലം തന്റെ കുടുംബത്തിന് ദോഷമാണെന്നും അതിനാൽ ഇത് ഒഴിവാക്കണമെന്നും സ്ഥലമുടമ ബിജുവിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും, എന്നാൽ ഫാമിനായി വൻ തുക ചെലവഴിച്ചതിനാൽ ബിജു പിൻമാറാൻ തയ്യാറായില്ലന്നും ഇവർ പറയുന്നു.

ഫാമിൽ നിന്ന് അബദ്ധത്തിൽ ഷോക്കേൽക്കാനുള്ള സാധ്യതയില്ലെന്നും, ഫാമിലെ സിസിടിവിയുടെ മെമ്മറി കാർഡും യു.എസ്.ബി.യും കാണാതായതും ദുരൂഹമാണന്നും ഇവർ പറയുന്നു. ഒപ്പം തന്നെ ഫാമിന് പുറത്ത് കിടന്ന മൃതശരീരം ഫാമിന് അകത്താണ് എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മനപ്പൂർവ്വം വൈദ്യുതി കടത്തിവിട്ട് ബിജുവിനെ അപായപ്പെടുത്തിയതായി സംശയിക്കുന്നു .

നടപടിയാവശ്യപ്പെട്ട് വടകര റൂറൽ എസ്.പി.ക്ക് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണിവർ. ഒപ്പം തന്നെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, തിരുവമ്പാടി എം എൽ എ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

പ്രതികളെന്നു സംശയിക്കുന്നവർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടമറിക്കാൻ ശ്രമിക്കുന്നതായി മേരി പറയുന്നു. കൂടത്തായി കൊലപാതക മുൾപ്പെടെയുള്ള കുറ്റാന്വേഷണ കേസുകളിൽ വളരെ മികച്ച അന്വേഷണം നടത്തിയ മിടുക്കരായ പോലീസുദ്ദ്യോഗസ്ഥർ അന്വഷിച്ചാൽ സത്യം പുറത്തു വരുമെന്ന് മേരിയമ്മയ്ക്കുറപ്പുണ്ട് .

കേസ് രജിസ്റ്റർ ചെയ്ത സ്റേഷനിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. നീതി തേടിയുള്ള ഈ വയോധികയുടെ യാത്രയിൽ കേസിന് സഹായിക്കാമെന്ന് പറഞ്ഞ് ഉള്ളിയേരി സ്വദേശി പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തു.

52,000 രൂപ പലപ്പോഴായി വാങ്ങിയെന്നും ഇവർ പറയുന്നു. തൻ്റെ മകളുടെ ഭർത്താവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഈ വയോധിക മുട്ടാത്ത വാതിലുകൾ ഇനിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും പുർണ്ണ സുരക്ഷയെന്ന് കൊട്ടി ഘോഷിക്കുന്ന ഒരു സംസ്ഥാനത്താണ് ഈ വയോധിക നീതി നടപ്പാക്കുവാൻ ഉത്തരവാദിത്തപ്പെട്ടവരുടെ കരുണക്കായി 5 വർഷമായി കാത്തിരിക്കുന്നത് .

Leave A Reply