മട്ടത്ത്കാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

മട്ടത്ത്കാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

പാലക്കാട് : മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 23) ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.

12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിര്‍ത്തി കടന്നു വരുന്ന മൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയിലൂടെ തിരിച്ചറിയുകയും കുളമ്പുരോഗം, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളുടെ വാഹകരാണോയെന്ന് അറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധനകളും ചെക്ക് പോസ്റ്റില്‍ ചെയ്തുവരുന്നുണ്ട്. കൂടാതെ കന്നുകാലികളില്‍ നിന്ന് രക്തസാമ്പിള്‍ എടുത്ത് സീറം വേര്‍തിരിച്ച് രോഗവ്യാപനം മനസ്സിലാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ പാലക്കാടുള്ള ലാബിലേക്ക് മാസംതോറും അയച്ച് പരിശോധന നടത്തുന്നുമുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെക്ക്‌പോസ്റ്റില്‍ വാക്‌സിനേഷന്‍ ഇയര്‍ ടാഗിങ്ങും നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പുതിയ ഓഫീസ് തുറക്കുന്നതോടെ കൂടുതല്‍ സൗകര്യമാവും.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശികന്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകന്‍. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave A Reply