കേരളത്തിൽ നിന്നുള്ള ഒളിമ്പ്യന്മാർ

കേരളത്തിൽ നിന്നുള്ള ഒളിമ്പ്യന്മാർ

അഞ്ജു ബോബി ജോർജ്ജ്

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്.  2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.

അനിൽഡ തോമസ്

ഒരു പ്രമുഖ ഇന്ത്യൻ വനിതാ കായിക താരമാണ് അനിൽഡ തോമസ്. 400 മീറ്റർ ഓട്ടത്തിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 4 X 400 മീറ്റർ റിലേയിൽ അനിൽഡ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.

പി.ടി. ഉഷ

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇംഗ്ലീഷ്: P.T. Usha (ജനനം 27-ജൂൺ-1964). ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

എം. ദേവദാസ്

പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു എം. ദേവദാസ്. മുഴുവൻ പേര് മുണ്ടിയത്ത് ദേവദാസ്. 1960ൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. ഇതേ ടീമിൽ മലയാളികളായ എസ്.എസ്. നാരായണൻ, ഒ. ചന്ദ്രശേഖരൻ എന്നിവരും അംഗങ്ങളായിരുന്നു. 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്.

ഒ. ചന്ദ്രശേഖരൻ

പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു ഒ. ചന്ദ്രശേഖരൻ . 1960 സെപ്തംബറിൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ ചന്ദ്രശേഖരൻ ഇപ്പോൾ കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്നു.

കെ.എം. ബിനു

ഇന്ത്യയുടെ ഒരു രാജ്യാന്തര മധ്യദൂര ഓട്ടക്കാരനാണ് കെ. എം. ബിനു. കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി സ്വദേശി. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥൻ. ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനീധകരിച്ചു. 800 മീറ്റർ 400 മീറ്റർ, റിലേ എന്നിവയാണ്‌ ബിനുവിന്റെ മത്സരയിനങ്ങൾ. രാജ്യാന്തര കായികതാരം കെ.എം. ബീനാമോൾ സഹോദരിയാണ്‌.

ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യ സഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകൾക്ക് ഉടമകളാണ്‌ ബിനുവും ബീനാമോളും.

കെ.എം. ബീനാമോൾ

ഇന്ത്യയുടെ മുൻ രാജ്യാന്തര കായികതാരമാണ്‌ കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോൾ. പി.ടി ഉഷക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ്‌ ബീനമോൾ. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാൽ സ്വദേശിനി. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ.

ടി. അബ്ദുൾ റഹ്‌മാൻ

പ്രമുഖനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ(1934 – 15 ഡിസംബർ 2002).1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയുടെ നെടുംതൂണായിരുന്നു ഒളിംപ്യൻ അബ്ദു റഹ്മാൻ. മോഹൻ ബഗാനും രാജസ്ഥാൻ ക്ലബ്ബുമടക്കം പ്രമുഖമായ നിരവധി ക്ലബ്ബുകൾക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.

ടി.എം. വർഗീസ്

1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.  ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.

ടി.സി. യോഹന്നാൻ

ഇന്ത്യയുടെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ. ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് വിഖ്യാതനായത്. 1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ജനിച്ചു.

ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ മൂന്നു പതിറ്റാണ്ടുകാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോർഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദികളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർ‍ണ മലയാളി താരമായ ടിനു യോഹന്നാന്റെ പിതാവ് എന്ന നിലയിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി.

തോമസ് വർഗീസ്

ഇന്ത്യയിലെ പ്രമുഖനായ ഒരു ഫുട്‌ബോൾ കളിക്കാരനായിരുന്നു തെൻമാടം വർഗീസ് (തെൻമാടം മാത്യു വർഗീസ്)  എന്ന തിരുവല്ല പപ്പൻ. പ്രതിരോധ നിരയിലാണ് ഇദ്ദേഹം കളിച്ചിരുന്നത്. 1948ലെ ലണ്ടൻ ഒളിമ്പികസിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1940കളിലും 1950കളിലും ഇന്ത്യൻ ടീമിലെ പ്രതിരോധ നിരയിലെ പ്രധാന കളിക്കാരനായിരുന്നു ഇദ്ദേഹം. 1948 മുതൽ 1962 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

രഞ്ജിത്ത് മഹേശ്വരി

ഇന്ത്യയിലെ പ്രമുഖനായ ഒരു ട്രിപ്പിൾ ജമ്പറാണ് രഞ്ജിത്ത് മഹേശ്വരി. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം, 2006 നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗുവഹട്ടിയിൽ ജൂൺ 2007 ൽ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചാട്ടമായ 17.04 മീ രേഖപ്പെടുത്തി. 2008 ബീജിങ്ങ് ഒളിമ്പിക്സിൽ ഇദ്ദേഹം ഭാരതത്തെ പ്രതിനിധാനം ചെയ്തിരുന്നു. പോൾ വാൾട്ടറും, ദേശീയ താരവുമായ വി.എസ് ശ്രീരേഖയാണ് രഞ്ജിത്തിന്റെ ഭാര്യ.

വലിയവീട്ടിൽ ദിജു

ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് വലിയവീട്ടിൽ ഡിജു. ഡിജുവും ജ്വാല ഗുട്ടയും ചേർന്നുള്ള ജോഡിയാണ് നിലവിൽ ദേശീയ മിക്സഡ് ഡബിൾസ് ബാഡ്മിൻറൺ ചാമ്പ്യന്മാർ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഈ ജോഡി ഏഴാം സ്ഥാനത്താണ്.  2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു് മത്സരിച്ചിട്ടുണ്ടു്.

ഷൈനി വിൽസൺ

ഷൈനി വിൽ‌സൺ കേരളത്തിൽ നിന്നുള്ള മധ്യദൂര ഓട്ടക്കാരിയായിരുന്നു. ഒളിമ്പിക്സിൽ ഏതെങ്കിലും ഇനത്തിൽ ആദ്യമായി സെമിഫൈനലിലെത്തിയ വനിതാ താരമെന്ന അപൂർവനേട്ടത്തിനുടമയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ കായികതാരങ്ങളിലൊരാളായ ഷൈനിയാണ് രണ്ടുമിനിറ്റിൽ താഴെ ആദ്യമായി 800 മീറ്റർ ഓടിത്തീർത്ത ഇന്ത്യൻ വനിത. ഈ വിഭാഗത്തിൽ തുടർച്ചയായ 14 വർഷം ദേശീയ ജേതാവായിരുന്നു. തുടർച്ചയായി നാല് ഒളിമ്പിക്സുകളിലും നാല് ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ഏഷ്യൻ ഗെയിംസ് നേട്ടം വെള്ളി മെഡലിലൊതുങ്ങി. 1986ലെ സോൾ ഏഷ്യൻ ഗെയിംസിലെ 800 മീറ്റർ ഓട്ടത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ട്രാക്ക് തെറ്റി ഓടിയതിന്റെ പേരിൽ മത്സരശേഷം അയോഗ്യയാക്കപ്പെട്ടു. എഴുപത്തഞ്ചിലേറെ രാജ്യാന്തര മെഡലുകൾ നേടി. ഭർത്താവ് വിൽ‌സൺ ചെറിയാൻ രാജ്യാന്തര നീന്തൽ താരമായിരുന്നു.

സി.കെ. ലക്ഷ്മണൻ

ഒളിംപിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ(1898 – 1972) എന്ന ചെറുവേരി കൊട്ടിലേത്ത് ലക്ഷ്മണൻ. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇദ്ദേഹത്തിനാണ്.

സുരേഷ് ബാബു

കേരളത്തില്‍ നിന്നുള്ള ഒരു മുൻ ലോംഗ് ജമ്പുകാരനാണ് സുരേഷ് ബാബു (ജനനം: 10 ഫെബ്രുവരി 1953 – മരണം 2011 ഫെബ്രുവരി 19). ലോംഗ് ജമ്പ്, ട്രിപ്പിൾ ജംബ്, ഹൈ ജംബ് എന്നീ മത്സര ഇനങ്ങളിൽ മത്സരിച്ചിട്ടുള്ള ഇദ്ദേഹം രണ്ടു തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. 1974 ൽ നടന്ന ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിലും, 1978 ൽ നടന്ന ബാംഗോക് ഏഷ്യൻ ഗെയിംസിലും ഇദ്ദേഹം മെഡൽ നേടിയിട്ടുണ്ട്. 1972 മുതൽ 1979 വരെ ഇദ്ദേഹം സജീവമായിരുന്നു. 2011 ഫെബ്രുവരി 19-ന് ഹൃദയാഘാതം മൂലം അന്തരിച്ചു.

Leave A Reply