മാറുന്ന മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ

മാറുന്ന മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ

രാജ്യത്ത് ഇസ്ലാം മത വിശ്വാസികൾ വിവേകത്തെക്കാൾ ഉപരിയായി വികാരത്തിന് അടിമപ്പെട്ടുവെന്ന അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ.എസ് നുസൂർ കേരളത്തിലെ മാറുന്ന മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഈ യൂത്ത് കോൺഗ്രസ് നേതാവ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജകാര്യം കുറിച്ചിരിക്കുന്നത് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്

“ഇസ്ലാംമത വിശ്വാസികള്‍ വിവേകത്തെക്കാളും വികാരത്തിന് അടിമപ്പെടുന്നവരായി മാറി “.

ലോകത്തെ മിക്കരാജ്യങ്ങളിലും ഇസ്ലാമിക സമൂഹം പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ എന്ത് കൊണ്ടാണ് ഇതേ സമൂഹം പരസ്പരം പീഡനത്തിന് ഇരയാകുന്നത്? . ഈ വിഷയം പലപ്പോഴായി പലരും ചര്‍ച്ച ചെയ്തതാണ്. .ഭാരതത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഇസ്ലാമിക സമൂഹം വഹിച്ച പങ്ക് വിസ്മരിച്ചാല്‍ ഇന്ത്യന്‍ ചരിത്രം പൂര്‍ണമാകുമോ? ജിന്നയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ രൂപം കൊണ്ടപ്പോള്‍ രാജ്യത്തുള്ള മുഴുവന്‍ മുസ്ലീങ്ങളും പാക്കിസ്ഥാനിലേക്ക് പോയില്ല. കാരണം പിറന്ന നാടിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ശഹീദായവരുടെ രക്തത്തിന്റെ ഗന്ധം അവരെ മാതൃരാജ്യവുമായി അത്രയേറെ ബന്ധിപ്പിക്കപ്പെട്ടിരുന്നു.

ഈ രാജ്യം ആരുടേതാണ്..

ചോദ്യം പ്രസക്തമല്ലേ…

ശിവസേനതലവന്‍ ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിന്റെ നിലപാടിനോട് പൊരുത്തപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. ആ നിലപാട് ചിലപ്പോള്‍ അംഗീകരിക്കേണ്ടി വരും. കാരണം മുസല്‍മാന് അവന്റെ മതപഠനം നടത്താനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിന് അവന്റെ മതപഠനം നടത്താനുള്ള അവകാശവും ഇവിടെയുണ്ട്. പിന്നെ എന്തുകൊണ്ട് ഹൈന്ദവന്റെ ആചാരങ്ങളെയും അനുഷ്ഠാങ്ങളേയും ചോദ്യം ചെയ്യപ്പെടുന്നു എന്നൊരു ചിന്താഗതി ഇവിടെ ഉടലെടുക്കപ്പെടുന്നു. മതേതരത്വം അവര്‍ മാത്രം പാലിക്കപ്പെടണം എന്ന തോന്നല്‍ എന്ത് കൊണ്ട് അവര്‍ക്കുണ്ടാകുന്നു.

എന്റെ മതം എനിക്കുള്ളതെങ്കില്‍ മറ്റുള്ളവന്റെ മതവും മതസ്വാതന്ത്ര്യം അവനുള്ളതല്ലേ? മതപരിവര്‍ത്തനം അവസാനിപ്പിക്കാനുള്ളത് തന്നെയാണ്. ഇസ്ലാമിലേക്ക് പുറത്തുനിന്ന് ആളുകളെ കൊണ്ട് വന്ന് പരിപോഷിപ്പിക്കേണ്ട ആവശ്യകതയുണ്ടോ? എന്നാല്‍ ഇത് പ്രത്യേക ദൗത്യമായി

ഏറ്റെടുത്തിരിക്കുന്നത് പ്രൊട്ടസ്റ്റന്റുകളാണ്. എന്ത് കൊണ്ട് അവര്‍ രാജ്യത്തിന് അനഭിമതരാകുന്നില്ല. അവിടെയാണ് ഇസ്ലാമിക സമൂഹം തിരിച്ചറിയപ്പെടേണ്ട ഗൗരവതരമായ കാര്യങ്ങള്‍ ഉള്ളത്.

ഇസ്ലാമിനെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ട്. ആ ചിന്താഗതിയോടെ സംസാരിക്കുന്നവര്‍ സുരക്ഷിതരുമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ സംസാരിച്ചാല്‍ ഇഹലോകവാസം വെടിയും എന്നതും മറക്കരുത്. ബാബറി മസ്ജിദ് തകരുമ്ബോള്‍ അതിന്റെ പ്രതിഫലനം ഉണ്ടായത് രാജ്യത്തെ മുസല്‍മാന്മാരുടെ മനസുകളിലാണ്. ആ സംഭവത്തില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മുഖം തിരിക്കാനാകുമോ? എന്നാല്‍ കാലഘട്ടം മാറി. ബിജെപി എംഎല്‍എ മാര്‍ എല്ലാം വിജയിച്ചത് ഹിന്ദു വോട്ട് കൊണ്ട് മാത്രമല്ല. മുസ്ലീം ഭൂരിപക്ഷ മേഖലയിലും അവര്‍ വിജയിച്ചെങ്കില്‍ തര്‍ക്കത്തിനായി ഭയപ്പെടുത്തി നേടിയതാണ് ആ വിജയം എന്ന് പറയാം. സത്യം അതല്ല എന്ന് അവര്‍ക്കും നമ്മുക്കും മനസിലാകും . കേരളത്തില്‍ എന്ത് കൊണ്ട് ബിജെപി എംഎല്‍എ ആയി രാജഗോപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ ബൂത്തുകളില്‍പോലും അദ്ദേഹം ലീഡ് ചെയ്തിരുന്നു. കേരളത്തില്‍ എന്ത് കൊണ്ട് രണ്ടാമതും പിണറായി അധികാരത്തില്‍ വന്നു. കാരണം മുസ്ലീം വോട്ടുകളുടെ ഏകീകരണം സിപിഎമ്മിന് അനുകൂലമായി എന്നത് പ്രധാന ഘടകം തന്നെയാണ്. അവിടെയാണ് ഇസ്‌ലാമിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്യാന്‍ സിപിഎമ്മിന് കഴിഞ്ഞു എന്നുള്ളതിന്റെ പ്രസക്തി. കേരളമുസ്ലീം ഇന്നും കടുത്ത ആര്‍ എസ് എസ് വിരുദ്ധത വച്ച്‌ പുലര്‍ത്തുന്നവരാണ്. പൗരത്വഭേദകഗതി ബില്ലുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ സിപിഎം എടുത്ത ശക്തമായ നിലപാടുകള്‍ സമുദായം സസൂഷ്മം വീക്ഷിച്ചിരുന്നു എന്ന് വേണം കരുതാന്‍ .അത്‌ കപട സ്നേഹം അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ സാന്ദര്‍ഭികവശാല്‍ റിയാസ് -വീണ ദമ്ബതികളുടെ വിവാഹം കാരണവുമായി. പിണറായിയുടെ മതേതര മുഖം ശക്തമാകുന്ന തീരുമാനം ആയിരുന്നു ഇത്. മറിച്ച്‌ ഒരു സാധാരണപ്പെട്ടവന്‍ ഈ വിവാഹം നടത്തിയാല്‍ ഊര് വിലക്ക് നടത്താന്‍ കാത്ത് നില്‍ക്കുന്ന കാലഘട്ടമാണ് ഇതെന്നത് നമ്മള്‍ ഓര്‍ക്കണം. പക്ഷെ അപ്പോഴും മുസ്ലീങ്ങളെ പാര്‍ട്ടിയില്‍ അടുപ്പിക്കാന്‍ കോണ്‍ഗ്രസ്‌ കണ്ടെത്തിയത് “യാന്ത്രികമായി വോട്ട് ചെയ്യും” എന്ന കാലഹരണപ്പെട്ട ചിന്താഗതി മാത്രമാണ്.

“മുസ്ലീങ്ങള്‍ എല്ലാം മുസ്ലീം ലീഗ് അല്ല”

എന്നത് കോണ്‍ഗ്രസ്‌ മറന്നുപോയിരിക്കുന്നു. നേമത്ത് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബിജെപി ക്കെതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ്‌ മാത്രമേയുള്ളു എന്ന് വരുത്തിതീര്‍ക്കാന്‍ കഴിയും എന്നതും ഇത് വഴി മുസ്ലീങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയും എന്ന് നേതൃത്വം കരുതിയെങ്കില്‍ തെറ്റുപറ്റി. കാരണം ബിജെപി അല്ലായിരുന്നു കോണ്‍ഗ്രസ്സിന്റെ എതിരാളി. മറിച്ച്‌ എന്ത് കൊണ്ട് പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല എന്നതായിരുന്നു പ്രധാന ചോദ്യം. പിണാറായിക്കെതിരെ മത്സരിക്കാന്‍ പോലും ആളില്ല എങ്കില്‍ അജയ്യനാണ് വിജയന്‍ എന്ന് നമ്മള്‍ ആദ്യമേ സമ്മതിച്ചു കൊടുത്തതല്ലേ?. ഒരേ സമയം ഇസ്ലാമിക സംഘടനകളുടെയും മൃദു ആര്‍ എസ് എസ് വോട്ടുകളും സമാഹരിക്കാന്‍ കോണ്‍ഗ്രസ്‌ സിപിഎമ്മിന് അവസരമൊരുക്കി നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യം.യുഡിഎഫ് ഗവണ്‍മെന്റിന്റെ സമയത്തുണ്ടായ അഞ്ചാം മന്ത്രി വിവാദവും രമേശ്‌ ചെന്നിത്തലയെ ആര്‍ എസ് എസ് ആക്കാനുള്ള സിപിഎം ബുദ്ധികേന്ദ്രങ്ങളുടെ തീവ്ര ശ്രമവുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലേ ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായുള്ള ക്രിസ്ത്യന്‍ സമൂഹവും എ പി, മുജാഹിദ്, ജമാ അത്ത് ഇസ്ലാമി അടക്കം ഉള്ള മുസ്ലീം വിഭാഗവുമെല്ലാം ഇനി കാര്യം കാണാന്‍ ലീഗ് ഹൌസിന് മുന്‍പില്‍ കാവല്‍ കിടക്കണം എന്ന് ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ? ജമാ അത്ത് ഇസ്ലാമി അകറ്റിനിര്‍ത്തപ്പെടേണ്ട സംഘടനയാണെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യനിലപാട് എടുത്തത് രാഷ്ട്രീയ ബുദ്ധിശൂന്യത അല്ലെ?

കേരളത്തിലെ മുസ്ലിം സമൂഹം കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ സ്വീകരിക്കുന്നവരാണ്. അത് കൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന് പ്രചരണം ഉണ്ടായപ്പോള്‍ വലിയ ഒരു ഏകീകരണം കേരളത്തില്‍ ഉണ്ടായതും. പക്ഷെ ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ പാകപ്പിഴകള്‍ അവര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. അത്‌ തിരികെ കൊണ്ടുവരാന്‍ നേതൃത്വം ശക്തമായില്ലയെങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന് കീറാമുട്ടി തന്നെയാകും.

ഇപ്പോള്‍ മാലിക് സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കി മുസല്‍മാന്റെ വികാരങ്ങളെ കച്ചവടവല്‍ക്കരിക്കാന്‍ മഹേഷ്‌ നാരായണന്‍ കാണിച്ച ബുദ്ധി അംഗീകരിക്കണം. ഈ സമൂഹം ഇനിയും പഠിക്കാനേറെയുണ്ട്. ബീമാപ്പള്ളി വെടിവെപ്പില്‍ ആറ് പേര്‍ പിടഞ്ഞുവീണ് മരിച്ചപ്പോള്‍ അന്നത്തെ ഭരണകൂടം എവിടെയായിരുന്നു? അബ്ദുള്‍ നാസര്‍ മദനിയെ കൂടെ നിര്‍ത്തിയതും കാട്ടിക്കൊടുത്തതും ഇവരല്ലേ? മാപ്പിളമാരെ സംരക്ഷിക്കാന്‍ വന്ന് ഇരുട്ടിന്റെ മറവില്‍ മുസ്‌ലിംവിരുദ്ധത പ്രകടിപ്പിച്ചത് ഇവരല്ലേ? എന്നിട്ടും പഠിച്ചില്ല. ഇപ്പോള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം നഷ്ടങ്ങളുടെ കണക്കും ഈ സമുദായത്തിന് തന്നെയാകും . ആശ്വസിപ്പിക്കാന്‍ വരുന്നവര്‍ക്കും അനുകൂല അഭിപ്രായം പറയുന്നവര്‍ക്കും ഉള്ളില്‍ ഒറ്റനിലപാടെ ഉണ്ടാവുകയുളൂ. അത്‌ മനസിലാക്കാന്‍ സമുദായ നേതാക്കള്‍ ഇനിയും പഠിക്കാനുണ്ട്…

ഇത് പരസ്യമായി പറഞ്ഞാല്‍ വര്‍ഗീയവാദിയാകും എന്നുള്ളത് കൊണ്ട് ആരും പറയാറില്ല .. ത്യാഗനിര്‍ഭരമായ ജീവിതം പഠിപ്പിച്ച മഹാന്മാരുടെ പിന്‍ഗാമികള്‍ക്ക് വിവേകപൂര്‍വ്വം ചിന്തിക്കാനെങ്കിലും ഈ ദിവസം ഗുണകരമാകട്ടെ…

Leave A Reply