മരണാസന്നനായ ഭർത്താവ് വെന്റിലേറ്ററിൽ ; കുഞ്ഞിനെ വേണമെന്ന ആഗ്രഹവുമായി ഭാര്യ ; ഒടുവിൽ കോടതി അനുമതി

മരണാസന്നനായ ഭർത്താവ് വെന്റിലേറ്ററിൽ ; കുഞ്ഞിനെ വേണമെന്ന ആഗ്രഹവുമായി ഭാര്യ ; ഒടുവിൽ കോടതി അനുമതി

അഹമ്മദാബാദ്: മരണക്കിടക്കയിലുള്ള ഭർത്താവിന്‍റെ ഓർമക്കായി അദ്ദേഹത്തിന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കോടതി ഇടക്കാല അനുമതി നൽകി . കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജം ശേഖരിക്കാനാണ് കോടതി ആശുപത്രിക്ക് അനുമതി നൽകിയത്. ഗുജറാത്തിലെ വഡോദരയിലാണ് വിചിത്ര സംഭവം.

യുവതിയുടെ ഭർത്താവായ 32കാരന് മേയ് 10നാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത് . തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. എട്ട് മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

വഡോദരയിലെ സ്റ്റെർലിങ് ആശുപത്രിയിലായിരുന്നു ഭർത്താവ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടർമാർ കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണാസന്നനായ ഭർത്താവിന്‍റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയിൽ ഗർഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. ആശുപത്രി അധികൃതരോട് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അബോധാവസ്ഥയിലായതിനാൽ കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടർമാർ യുവതിയെ അറിയിച്ചു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

അതെ സമയം യുവതിയുടെ ഭർത്താവ് അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിൽ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യത്തിന്‍റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാർഗത്തിലൂടെ ബീജം ശേഖരിക്കാൻ ആശുപത്രിക്ക് ഇടക്കാല അനുമതി നൽകി . അതെ സമയം അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നൽകിയതെന്നും ഹരജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു .

അതെ സമയം ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരൽ ഇനി അസാധ്യമാണെന്നും അനുമതി നൽകാൻ അദ്ദേഹത്തിനാവില്ലെന്നതിനാലാണ് കോടതി നിർദേശം ആവശ്യമായി വന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു . ബീജം ശേഖരിച്ച് കൃത്രിമ ഗർഭധാരണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ആശുപത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

Leave A Reply