യുഎസ് വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്ത് ‘ബൈജൂസ്’

യുഎസ് വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്ത് ‘ബൈജൂസ്’

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനികളിലൊന്നായ ‘ബൈജൂസ്’ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്തു. ഇന്ത്യൻ വിപണിക്ക് പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഏറ്റെടുക്കൽ. അതെ സമയം ഇടപാടു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ (3,700 കോടിയോളം രൂപ) ഇടപാടാണിതെന്നാണ് വിവരം.

ലോകത്തെ 250 മുൻനിര പബ്ലിഷർമാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് ‘എപികി’നുള്ളത്. ഭാവി തലമുറയ്ക്ക് വായനയിൽ പ്രചോദനമാകും ‘എപിക്’ എന്നും അവർക്ക് ജീവിതകാലം മുഴുവൻ പഠനാനുഭവം പകരാൻ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും ‘ബൈജൂസ്’ ചീഫ് സ്ട്രാറ്റജി ഓഫീസർ അനിത കിഷോർ വ്യക്തമാക്കി .

വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നായി കണ്ട് 100 കോടി ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും ‘ബൈജൂസ്’ ലക്ഷ്യമിട്ടിരുന്നു .അമേരിക്കയിൽ ‘ബൈജൂസി’ന്റെ രണ്ടാമത്തെ തവണയാണ് ഏറ്റെടുക്കുന്നത് . 2019-ൽ വിദ്യാഭ്യാസ ഗെയിമുകൾ തയ്യാറാക്കുന്ന ‘ഒസ്മോ’യെ 12 കോടി ഡോളറിന് (850 കോടി രൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു.

കൂടാതെ യുഎസ് വിപണിയിൽ മുൻ നിരയിലുള്ള കോഡിങ് സ്റ്റാർട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും 2020ൽ സ്വന്തമാക്കിയിരുന്നു . ‘ബൈജൂസി’ന്റെ മൂല്യം ഫിൻടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറിലേക്ക് (1.23 ലക്ഷം കോടി രൂപ) ഉയർന്നിട്ടുണ്ട് .

Leave A Reply