മന്ത്രി എ കെ ശശീന്ദ്രൻ സൂക്ഷിച്ചോ : പാളയത്തിൽ തന്നെ പടയുണ്ട്

മന്ത്രി എ കെ ശശീന്ദ്രൻ സൂക്ഷിച്ചോ : പാളയത്തിൽ തന്നെ പടയുണ്ട്

സംസ്ഥാനത്തെ ഭരണ കക്ഷി അതായത് എൽ ഡി എഫ് ഒഴിച്ച് എല്ലാവരും പറയുന്നു എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് . അദ്ദേഹം സ്വമേധയാ ഒഴിഞ്ഞില്ലങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നുമാണ് കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ കേൾക്കുന്നത് .

അദ്ദേഹം അതിന് തക്ക എന്ത് കുറ്റമാ ചെയ്തത് ? സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ ? അതോ പീഡന കേസിൽ പ്രതിയായോ ? അതുമല്ലങ്കിൽ ഹണി ട്രാപ്പിൽ പെട്ടോ ? ഒരു തവണ ഹണി ട്രാപ്പിൽ പെട്ടതിനെ പേരുദോഷവും നടുക്കവും കേസുമൊന്നും ഇതുവരെ മാറിയില്ല .

അതിന്റെ കോലാഹലങ്ങൾ കെട്ടടങ്ങി വരുന്നതേയുള്ളു . അത് മനസ്സിലുള്ളതുകൊണ്ട് അങ്ങനെയുള്ള പുതിയ പ്രശനങ്ങളിലൊന്നും അറിഞ്ഞുകൊണ്ട് ചെന്ന് ചാടാൻ സാധ്യതയില്ല . പിന്നെ എന്താ സംഭവിച്ചത് ? മനപ്പൂർവ്വം അദ്ദേഹത്തെ ചെളിവാരി എറിയുകയല്ലേ ?

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന നമ്മൾ തന്നെ ഒരു നിരപരാധിയെ ക്രൂശിക്കണം അല്ലെ ? രാഷ്ട്രീയ വിരോധം നമുക്ക് മനസ്സിലാക്കാം . പക്ഷെ ആ വിരോധം വേണ്ടതിനും വേണ്ടാത്തതിനും എടുത്ത് ഉപയോഗിക്കരുത് .

ഇനി കാര്യത്തിലേക്ക് വരാം . പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് . ഒരേ പാർട്ടിക്കാരായ രണ്ടുപേരുടെ പരാതികൾ കേട്ട് അതിൽ ഇടപെട്ട് പരിഹരിക്കുന്നത് ഒരു നേതാവിന്റെ കടമയല്ലേ .

ശശീന്ദ്രൻ മന്ത്രിയൊക്കെയാണ് അതിനപ്പുറം എൻ സി പി യുടെ ദേശീയ സമിതിയങ്ങവുമാണ് . അയാൾക്ക് ഉത്തരവാദിത്വമുണ്ട് പാർട്ടി പ്രശനങ്ങൾ പറഞ്ഞു തീർക്കാൻ . കുണ്ടറ നിയോജക മണ്ഡലത്തിൽ പാർട്ടിയിൽ പ്രശനങ്ങളുണ്ട് .

അവിടുത്തെ നിയോജക മണ്ഡലം പ്രസിഡന്റാണ് പരാതിക്കാരിയുടെ പിതാവ് ബെനഡിക്റ്റ് ബാബു . അവിടുന്നുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയങ്ങമാണ് ആരോപണ വിധേയനായ പദ്‌മാകരൻ . കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ചോദിച്ചു കൊടുക്കാഞ്ഞതിനാൽ പരാതിക്കാരി എൻ സി പി വിട്ട് ബിജെപി യിൽ ചേർന്നു മത്സരിച്ചു .

ഒരു ദേശീയ പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റിന്റെ മകൾ സീറ്റ് കിട്ടാഞ് ബിജെപി യിൽ പോയി ചേർന്ന് തെരഞ്ഞെടുപ്പിൽ മുന്നണിക്കെതിരായി മത്സരിക്കുക എന്നൊക്കെ പറഞ്ഞാൽ പാർട്ടിക്കാർ അടങ്ങിയിരിക്കുമോ ? അവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതിനെ ചൊല്ലിയാണ് പ്രശനങ്ങൾ ഉടലെടുത്തത് .

പരാതിക്കാരിയുടെ പിതാവിന് അന്തസ്സുണ്ടായിരുന്നെങ്കിൽ മകൾക്കൊപ്പം എൻ സി പി വിട്ട് ബിജെപി യിൽ ചേരണമായിരുന്നു . മാത്രമല്ല ഇയാൾക്കെതിരെ കുണ്ടറ പോലീസിൽ പല ക്രിമിനൽ കേസുകളുമുണ്ട് . ഒരു ക്രിമിനൽ കേസിൽ റീമാൻഡിലായി 14 ദിവസം ജയിലിൽ ആയിരുന്നു.

ജയിലിൽ നിന്നും ഇറങ്ങി വന്നപ്പോൾ ഇയാളെ ഇനിയും പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് ഇരുത്തരുതെന്ന് പാർട്ടി പ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെട്ടു . ഇയാളെ സ്ഥാനത്ത് നിന്നും മാറ്റുന്നതിലുള്ള വിരോധവും പരാതിക്കാരിക്കുണ്ടാകാമെന്നാണ് അവിടുത്തെ എൻ സി പി ക്കാർ തന്നെ പറയുന്നത് .

പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡണ്ടായ പരാതിക്കാരിയുടെ പിതാവിനെയാണ് പാർട്ടി നേതാവ് എന്ന നിലയിൽ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചത് . അല്ലാതെ പരാതിക്കാരിയെ അല്ല മന്ത്രി വിളിച്ചത് . പാർട്ടി പ്രശനം രമ്യമായി തീർക്കണമെന്നാണ് അദ്ദേഹം ബാബു വിനോട് പറഞ്ഞത് .

ഇതാണ് ഫോൺ വിവാദത്തിന്റെ യാഥാർഥ്യം . ഇനി ഇതിന്റെയൊരു പിന്നാമ്പുറമുണ്ട് . ഈ ബാബു എൻ സി പി യിൽ വന്നത് ഡി ഐ സി വഴി തോമസ് ചാണ്ടിയോടൊപ്പമാണ് . എൻ സി പി യിലെ ഗ്രൂപ്പ് പോരിൽ നേരത്തെ തോമസ് ചാണ്ടിയോടൊപ്പവും ഇപ്പോൾ തോമസ് കെ തോമസിനൊപ്പവുമാണ് ബാബു നിൽക്കുന്നത് .
ശശീന്ദ്രൻ ഏതെങ്കിലും കാരണവശാൽ മന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങിയാൽ പകരം മന്ത്രിയാകുന്നത് ഈ തോമസ് കെ തോമസാണ് . മന്ത്രിയാകാൻ വേറെ ഒരു എം എൽ എ യില്ല . അതുകൊണ്ട് തന്നെ കുറുക്കന്റെ കണ്ണ് പോലെ ശശീന്ദ്രന്റെ പിന്നാലെയുണ്ട് തോമസിന്റെ കണ്ണുകൾ .

ഈ ഫോൺ വിവാദത്തിലും ആ കുറുക്കന്റെ കരങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . കാരണം ശശീന്ദ്രൻ ബാബുവിനെ വിളിച്ചു സംസാരിച്ചത് റെക്കോർഡ് ചെയ്ത് പുറത്തു വിടണമെങ്കിൽ ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കില്ല .

ഏതായാലും ശശീന്ദ്രാ ഒന്നുറപ്പിച്ചോ നിങ്ങൾക്ക് പണിതരാൻ സ്വന്തം പാളയത്തിൽ തന്നെ പടയുണ്ട് . സൂക്ഷിച്ചോ

Leave A Reply