മന്ത്രി ശശീന്ദ്രനെതിരെയുള്ള ആരോപണം തിരക്കഥയാണോ ? പിന്നിൽ മറ്റൊരു എം എൽ എ ?

മന്ത്രി ശശീന്ദ്രനെതിരെയുള്ള ആരോപണം തിരക്കഥയാണോ ? പിന്നിൽ മറ്റൊരു എം എൽ എ ?

മന്ത്രി എ കെ ശശീന്ദ്രനെതിരെയുള്ള ആരോപണം ഒരു തിരക്കഥയുടെ ഭാഗമാണോയെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നു . നേരത്തേ നടന്നതുപോലെയുള്ള ഹണി ട്രാപ്പ് പോലെ ശശീന്ദ്രനെ കുടുക്കി മന്ത്രിസ്ഥാനം തെറിപ്പിക്കാനുള്ള നീക്കമാണോയെന്നാണ് സംശയം . കുണ്ടറയിൽ യുവതിയെ കടന്നുപിടിചെന്നാരോപിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം.

മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ്‌ എ.കെ ശശീന്ദ്രന്‍ ബന്ധപ്പെട്ടത്.
എന്‍സിപി സംസ്ഥാന ഭാരവാഹിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന് ആരോപിക്കുന്നയാൾ. പെൺകുട്ടിയുടെ പിതാവ് എൻ സി പി കുണ്ടറ ബ്ലോക്ക് പ്രസിഡന്റും . അപ്പോൾ തന്നെ മനസ്സിലായില്ലേ ? ഇതൊരു തിരക്കഥയാണെന്ന് .

പെൺകുട്ടിയുടെ പിതാവ് ബെനഡിക്റ്റ് ബാബു എൻ സി പി കുണ്ടറ ബ്ലോക്ക് പ്രസിഡണ്ടാണെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മകൾ അതായത് പരാതിക്കാരി മത്സരിച്ചത് ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് .

ഈ ബാബു എൻ സി പി യിൽ വന്നത് തന്നെ തോമസ് ചാണ്ടി യോടൊപ്പം ഡി ഐ സി യിലൂടെയാണ് . എൻ സി പിയിലെ കടുത്ത ഗ്രൂപ്പ് പോരിൽ പണ്ട് മുതലേ ബാബു നിൽക്കുന്നത് തോമസ് ചാണ്ടിയോടൊപ്പമായിരുന്നു . ഇപ്പോൾ തോമസ് കെ തോമസിനൊപ്പവും .

കഴിഞ്ഞ തവണ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ ചില എൻ സി പി നേതാക്കളും ഒരു ദൃശ്യ മാധ്യമവും ചേർന്ന് നടപ്പാക്കിയ ഹണി ട്രാപ്പ് നമുക്കെല്ലാം അറിയാം . ശശീന്ദ്രനെ അന്ന് വലിച്ചു താഴെയിട്ട് പകരം തോമസ് ചാണ്ടി മന്ത്രിയായി .

ഇപ്പോഴും ആ കളിയാണ് നടക്കുന്നത് . ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ പകരം മന്ത്രിയാകാൻ നറുക്കിടണ്ടാ സീനിയോറിറ്റി നോക്കണ്ട കണ്ണുമടച്ചു രണ്ടാമനായ എം എൽ എ തോമസ് കെ തോമസിനാകാം . ഈ നിയമ സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മന്ത്രി സ്ഥാനത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചയാളാണ് തോമസ് കെ തോമസ് .

എൻ സി പി ദേശീയ നേതൃത്വം ശശീന്ദ്രന്റെ കൂടെയായിരുന്നതുകൊണ്ട് മാത്രമാണ് ശശീന്ദ്രൻ മന്ത്രിയായത് . അന്നത്തെ സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ പോലും തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് നിലപാടെടുത്തിരുന്നു . പാർട്ടിയുടെ ഒരു ബൂത്ത് കമ്മിറ്റിയിൽ പോലും പ്രവർത്തിച്ചിട്ടില്ലാത്ത തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തിന് വരെ അവകാശ വാദമുന്നയിക്കാൻ എങ്ങനെ ധൈര്യം വന്നു ?

ഇതെല്ലാം തോമസ് ചാണ്ടിയുടെ പേരിലാണ് നേടിയെടുത്തത് . കൂടെ ഇതുപോലെയുള്ള ചില പാർട്ടിക്കാരും . എങ്ങനെയും ഏതു രീതിയിലും മന്ത്രിയാവുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് തോമസിനുള്ളത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആർക്കാണ് അറിയാൻമേലാത്തത് . അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും .

മന്ത്രി ശശീന്ദ്രൻ ബാബുവുമായി സംസാരിച്ചത് റെക്കാർഡ് ചെയ്തതും അത് പുറത്തു വിട്ടതും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതുമെല്ലാം ഈ തിരക്കഥയും ഗൂഢാലോചനയുമെല്ലെയെന്ന് ആരെങ്കിലും പറഞ്ഞാൽ എങ്ങനെ നിഷേധിക്കാൻ കഴിയും .

അതും തോമസ് കെ തോമസിന്റെ അനുയായി തന്നെ അത് പുറത്തുവിടുമ്പോൾ എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകും . വോയിസ് ക്ലിപ്പ് പുറത്തുവിട്ട് മാധ്യമങ്ങളിൽ വാർത്ത വന്നയുടൻ പ്രതിപക്ഷത്തിന്റെ പ്രസ്താവന വന്നു ശശീന്ദ്രൻ രാജി വയ്ക്കണമെന്ന് .

ശശീന്ദ്രൻ രാജി വയ്ക്കാൻ തക്ക തെറ്റ് എന്താണ് ചെയ്തത് ? സ്ത്രീപീഡനം നടത്തിയോ ? അഴിമതി നടത്തിയോ ? കൊലപാതകം നടത്തിയോ ? ഉത്തരവാദിത്ത പ്പെട്ട ഒരു രാഷ്ട്രീയക്കാരൻ പോലീസ് കേസുകളിൽ ബന്ധപ്പെടും . കേസുകൾ ഒത്തു തീർപ്പാക്കാൻ ശ്രമിക്കും .

അതും ഒരേ പാർട്ടിക്കാർ തമ്മിലുള്ള കേസും പരാതിയുമാണെങ്കിൽ പാർട്ടി നേതാക്കൾ ഇടപെട്ട് പറഞ്ഞു തീർക്കണ്ടേ ? അത്രയേ ശശീന്ദ്രനും ചെയ്തുള്ളു . ശശീന്ദ്രൻ പാർട്ടിയുടെ ദേശീയ കമ്മിറ്റി അംഗമാണ് . ശശീന്ദ്രന് പാർട്ടിക്കാരുടെ പ്രശനങ്ങളിൽ ബന്ധപ്പെടാം .

അതിൽ തെറ്റൊന്നും കാണുന്നില്ല . അതിന്റെ പേരിൽ രാജിവയ്ക്കാൻ ആവശ്യപ്പെടുന്നത് മനസ്സിലാകുന്നില്ല . അല്ലേലും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആളല്ലേ ? അയാൾ ഇതും പറയും ഇതിനപ്പുറവും പറയും.

ഇതിലെല്ലാം രസം ഇതൊന്നുമല്ല ശശീന്ദ്രന്റെ പ്രശ്‌നം ചീറ്റിപോയപ്പോൾ കുറുക്കനെപ്പോലെ കാത്തിരുന്ന തോമസ് കെ തോമസ് ശശീന്ദ്രന് അനുകൂലമായി പ്രസ്താവനയും കൊണ്ട് രംഗത്തിറങ്ങി . എന്‍.സി.പിയുടെ ബ്ലോക്ക് പ്രസിഡന്റിനെയാണ് മന്ത്രി വിളിച്ചതെന്നും പരാതി ഒത്തുതീര്‍പ്പാക്കാനായി വിളിച്ചതല്ലെന്നുമാണ് തോമസ് കെ. തോമസ് പറഞ്ഞത് . മന്ത്രിയുടെ സംസാരം കേട്ടാല്‍ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ മനസ്സിലായില്ലേ കാര്യങ്ങളുടെ കിടപ്പ് .

Leave A Reply