ഐ എൻ എൽ മന്ത്രിയുടെ ഗൺമാൻമാർ ആര്‍എസ്എസ് കാരനും ലീഗുകാരനും

ഐ എൻ എൽ മന്ത്രിയുടെ ഗൺമാൻമാർ ആര്‍എസ്എസ് കാരനും ലീഗുകാരനും

മന്ത്രിഅഹമ്മദ് ദേവര്‍കോവിലിന്റെ ഗണ്‍മാന്‍ ആര്‍എസ്എസ് അനുഭാവി. സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്തിയില്ല, വിവാദം പുകയുന്നു . സംസ്ഥാന സർക്കാർ മന്ത്രിമാര്‍ക്ക് നാല് ഗണ്‍മാന്‍മാരെയാണ് അനുവദിക്കുക. മന്ത്രിയുടേയും പാര്‍ട്ടിയുടേയും കൂടി താത്പര്യം പരിഗണിച്ചാണ് പോലീസില്‍ നിന്ന് സുരക്ഷയ്ക്കായി ഗണ്‍മാനെ അനുവദിക്കുന്നത് .

അഹമ്മദ് ദേവര്‍കോവിലിന് അനുവദിച്ച നാല് പേരിൽ ഒരു ഗണ്‍മാന്റെ കാര്യത്തിലാണ് ഇപ്പോള്‍ ആക്ഷേപം ഉയർന്നിരിക്കുന്നത് . മലപ്പുറത്തെ ഒരു പ്രമുഖ വ്യവസായിയുടെ താത്പര്യപ്രകാരം ആണ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ഈ പോലീസുകാരനെ ഗണ്‍മാന്‍ ആയി നിയോഗിച്ചത് .

മറ്റൊരാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കിടയില്‍ മാത്രമല്ല, ഐഎന്‍എലിലെ ഒരു വിഭാഗത്തിനും ഇവരെ ഗൺമാൻമാരായി നിയമിച്ചതിൽ കടുത്ത പ്രധിഷേധമുണ്ട് . പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഈ ഗണ്‍മാൻ മാരെ നിയമിച്ചത് .

ഇവരെ ഗണ്‍മാൻ മാരായി നിശ്ചയിച്ച കാര്യം സിപിഎം നേതൃത്വവും അറിഅറിഞ്ഞു . പോലീസ് അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തത് .

പിഎസ് സി അംഗത്തെ നിയമിക്കുന്നതിന് 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണം ആയിരുന്നു ഐഎന്‍എലിനെ വലിയ പ്രതിരോധത്തിലാക്കിയത്. ഇതിന് പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു.

ഈ സാഹചര്യത്തില്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ശാസിച്ചിരുന്നു. അതിന് ശേഷവും ഇത്തരം ഒരു നീക്കം നടത്തിയത് സിപിഎമ്മിനെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വ്യക്തി ഐഎന്‍എല്‍ നേതാവാണെന്ന് . കാച്ചാണി അജിത്ത് ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് ആക്ഷേപം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍ സിപിഎമ്മിന് പ്രതിരോധം സൃഷ്ടിച്ചതില്‍ മുന്‍പന്തിയില്‍ ഐഎന്‍എല്‍ ആണ് . കോഴ ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നതോടെ സിപിഎം നേതൃത്വം ഇടപെട്ട് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

അതിന് ശേഷവും പുതിയ വിവാദത്തിനാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ ഐഎന്‍എലിന്റെ ഇടതുമുന്നണിയിലെ ഭാവി പ്രതിസന്ധിയിലായേക്കും.

Leave A Reply