വായിക്കാം കെ. ആർ. രാജേഷ്‌ എഴുതിയ ത്രില്ലർ സ്റ്റോറി ബ്ലാക്ക് ട്രൂത്ത്സ്

വായിക്കാം കെ. ആർ. രാജേഷ്‌ എഴുതിയ ത്രില്ലർ സ്റ്റോറി ബ്ലാക്ക് ട്രൂത്ത്സ്

ബ്ലാക്ക് ട്രൂത്ത്സ്

മറത്തുക്കര പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൾ എസ്.ഐയായി ഷംന നവാസെന്ന ഇരുപത്തിയെട്ടുകാരി ചാർജ്ജെടുത്ത വാർത്ത പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ആ ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

പോലീസ് സ്റ്റേഷന്റെ ചുമതലക്കാരിയായി വനിതയെത്തുന്നത് അപൂർവ്വമല്ലെങ്കിലും,വായനക്കാരെ ത്രസിപ്പിച്ച ആറോളം കുറ്റാന്വേഷക നോവലുകൾക്ക് തൂലിക ചലിപ്പിച്ച എഴുത്തുകാരികൂടിയാണ് ഷംന എന്നത് , ആ വാർത്തക്ക് കൂടുതൽ തിളക്കം ലഭിക്കുവാൻ കാരണമായി.

#### #### #####

ഷംനയെ തേടിയെത്തിയ ആദ്യ സൂചന

മറത്തുക്കരയെന്ന ഇടത്തരക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിന്റെ ക്രമസമാധാന ഉത്തരവാദിത്തമേറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോഴാണ്, ഒരു പ്രഭാതത്തിൽ ഷംനയെ തേടി ഉടമയില്ലാത്തൊരു കത്ത്‌ കടന്നുവരുന്നത്,

“ഞാൻ ഈ എഴുതുന്നത്, ഷംന നവാസെന്ന പോലീസ് ഉദ്യോഗസ്ഥക്കല്ല, മറിച്ച് മലയാളത്തിന്റെ ലേഡി ഷെർലക്ക്ഹോംസിനാണ്, ആ രീതിയിൽ മാത്രം എന്റെ ഈ കുറിപ്പിനെയും , എന്റെ വകയായി താങ്കളെ തേടിവരാനിരിക്കുന്ന മറ്റ് സൂചനകളെയും കാണുക”

എന്ന് തുടങ്ങുന്ന കത്തിന്റെ കാതൽ കുറേനാളുകൾക്ക് മുമ്പ് മറത്തുക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന,ഇന്ദിരാകോട്ടേജിൽ ഇന്ദിരാവർമ്മയുടെ സംശയാസ്പദമായ മരണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഷംന മനസിലാക്കിയെടുക്കുക എന്നതായിരുന്നു.

കുറിപ്പ് വായിച്ച ഷംനയിൽ ആദ്യനിമിഷം ഉടലെടുത്ത ആശങ്ക ഏറെക്കഴിയും മുമ്പ്തന്നെ കൗതുകമായി കൂറുമാറ്റം നടത്തിക്കഴിഞ്ഞിരുന്നു.

അന്ന് തന്നെ ഇന്ദിരാവർമ്മയുടെ മരണവുമായി ബന്ധപ്പെട്ട പഴയ കേസ് ഫയലിന്റെ ഏതാനും ഭാഗങ്ങളിലൂടെ ഷംന സഞ്ചരിച്ചപ്പോൾ മനസിലായ അടിസ്ഥാന വിവരങ്ങൾ ഇങ്ങനെയായിരുന്നു.

ജോലിസംബന്ധമായി കാലങ്ങളായി മിഡിൽഈസ്റ്റിൽ സ്ഥിരതാമസമാക്കിയതായിരുന്നു ഇന്ദിരാവർമ്മയും കുടുംബവും,

ഇന്ദിരാവർമ്മയെന്ന മധ്യവയസ്ക നാട്ടിലേക്ക് സ്ഥിരതാമസത്തിന് മടങ്ങിയെത്തിയത് ഭർത്താവായ വർമ്മചന്ദ്രന്റെ മരണത്തിന് ശേഷമാണ്,

മടങ്ങിയെത്തിയ ഇന്ദിരാവർമ്മ നാട്ടിലെ സ്ഥാപരജംഗമ വസ്തുക്കൾ നോക്കി നടത്തി ജീവിതം മുന്നോട്ട് നയിക്കുന്നതിനിടയിലാണ് മരണപ്പെടുന്നത്.

##### ###### #####

ഷംനക്ക് ലഭിക്കുന്ന രണ്ടാമത്തെ സൂചന.

കുറിപ്പ് ലഭിച്ച് ആദ്യ ദിവസം ഇന്ദിരാവർമ്മയുമായി ബന്ധപ്പെട്ട ചുരുക്കം വിവരങ്ങളിലേക്ക് കടന്നു ചെല്ലുവാൻ കഴിഞ്ഞെങ്കിലും പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ ജോലിത്തിരക്കുകൾ ഷംനയെ അതിനനുവദിച്ചില്ല.

മൂന്നാമത്തെ ദിവസം രാത്രി അത്താഴം കഴിഞ്ഞ് പതിവ് പുസ്തകവായനയിൽ മുഴുകിയ നേരത്താണ് ഷംനയുടെ പേഴ്സ്ണൽ വാട്ട്സാപ്പ് നമ്പറിലേക്ക് ആ സന്ദേശമെത്തുന്നത്.

“ഇന്ദിരവർമ്മയുടേത് സ്വാഭാവിക മരണമല്ല, നിങ്ങൾ സംശയിക്കുന്നത് പോലെതന്നെ അതൊരു പ്ലാൻഡ് മർഡറാണ്,
വരും ദിവസങ്ങളിലായി അതിന്റെ സൂചനകൾ നല്കാം, ഞാൻ നല്കുന്ന വിവരങ്ങൾ മാഡത്തിലെ എഴുത്തുകാരിക്കും, പോലീസ് ഉദ്യോഗസ്ഥക്കും ഒരേപോലെ ഇന്ററസ്റ്റഡ് ആകുമെന്ന് പ്രതീക്ഷിക്കുന്നു,

അവസാന സൂചനയും ലഭിച്ച്,മാഡം യഥാർത്ഥ പ്രതിയിലേക്കെത്തുമ്പോൾ ഞാൻ എന്റെ ഐഡന്റിറ്റി വ്യക്തമാക്കും, അതിന് മുമ്പ് പോലീസ് ബുദ്ധി ഈ കാര്യത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചാൽ, തെളിയിക്കപ്പെടാതെ പോകുന്ന കേസുകളിലൊന്നായി ഇതും മാറും”

വാട്ട്സാപ്പ് സന്ദേശം രണ്ടാമത് ഒരിക്കൽ കൂടി വായിക്കവേയാണ്, അതേ സ്രോതസ്സിൽ നിന്ന് ഷംനക്ക് മറ്റൊരു സന്ദേശംകൂടി ലഭിക്കുന്നത്.

“ഈ വിവരങ്ങൾ തത്ക്കാലം ഡിപ്പാർട്ട്മെന്റിൽ അറിയിക്കേണ്ട, ലേഡി ഷേർലക്ക്ഹോംസ് ഒറ്റൊക്കൊരു ശ്രമം നടത്തു.
ഈ നമ്പരിന്റെ പിന്നാലെപോയി സമയം പാഴാക്കുവാൻ തക്ക ബുദ്ധിയില്ലായ്മ കാട്ടില്ലന്ന് വിശ്വസിക്കുന്നു,

ഈ കേസിന്റെ ഇതുവരെയുള്ള നാൾ വഴികൾ അടുത്ത ദിവസങ്ങളിലായി മാഡം കൃത്യമായി പഠിക്കുക, അതിനുശേഷം, ഞാൻ വീണ്ടും വരാം ”

കൗതുകത്തിനൊപ്പം, ആശയക്കുഴപ്പവും കൂട്ടിക്കലർത്തിയാണ് ആ രാത്രി ഷംന ഉറക്കത്തിലേക്ക് നീങ്ങിയത്.

##### ##### #######

തൊട്ടടുത്ത പകൽ,

സ്റ്റേഷനിലെ വിശ്വസ്തനായ സീനിയർ സിവിൽ പോലീസ് ഓഫീസർ സണ്ണിയുമായുള്ള സ്വാഭാവിക സംസാരത്തിനിടയിൽ ഇന്ദിരാവർമ്മയുടെ കേസിലേക്കും ഷംന നുഴഞ്ഞുകയറി.

“ഫോറൻസിക്ക് റിപ്പോർട്ടിൽ ഇന്ദിരാവർമ്മയുടെ മരണത്തിന് കാരണം ഹൃദയസ്തംഭനമെന്നാണ് രേഖപെടുത്തിയിരിക്കുന്നത്, എന്നാൽ ഈ മരണം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഡാനി മരിയ ചിലസംശയങ്ങൾ പ്രകടിപ്പിച്ചു രംഗത്ത് വന്നത്. വെള്ളപ്പാണ്ടിയെന്ന് വിളിക്കുന്ന വൈശാഖന്റെ തലക്ക് മീതെയാണ്
ഡാനി മരിയ സംശയത്തിന്റെ കുടനിവർത്തിയത്”.

“ആരൊക്കെയാണ് ഈ ഡാനിമരിയയും, വെള്ളപ്പാണ്ടിയും?”

സണ്ണിയുടെ വാക്കുകൾക്കിടയിലൂടെ ഷംനയുടെ ചോദ്യമുയർന്നു.

ഡാനിമരിയ : 24 വയസ്സ്, സ്വദേശം എറണാകുളം ജില്ലയിലെ മലയാറ്റൂർ,

“ഡാനി മരിയയുടെ അച്ചനും അമ്മയും വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടതാണ്, ഏതോ അകന്ന ബന്ധുവിന്റ സംരക്ഷണയിൽ കഴിയുന്നതിനിടയിലാണ്,ഇന്ദിരാവർമ്മയുടെ വീട്ടുവേലക്കാരിയായി ഗൾഫിലേക്ക് പറന്നത്, അത്യാവശ്യം വിദ്യാഭ്യാസമുള്ള ഡാനിമരിയ,വേലക്കാരിയിൽ നിന്നും ഇന്ദിരാവർമ്മയുടെ ഓഫീസിലെ സ്റ്റാഫായും, വർമ്മ ഫാമിലിയുടെ ഏറെ പ്രിയപ്പെട്ടവളായും പെട്ടന്ന് മാറി,
തുടർന്ന് മക്കളില്ലാത്ത അവർ ഡാനിമരിയയെ അവരുടെ മകളായി കൂടെകൂട്ടുകയായിരുന്നു”.

ഡാനി മരിയയെക്കുറിച്ചുള്ള ഏകദേശ വിവരം ലഭിച്ചതോടെ ഷംനയുടെ ശ്രദ്ധ വെള്ളപ്പാണ്ടിയിലേക്കായി,

“വെള്ളപ്പാണ്ടി എന്ന് വിളിക്കുന്ന വൈശാഖന്റെ വീട് പയ്യന്നൂർ ഭാഗത്താണ് , ഇവിടെ ഇന്ദിരാകോട്ടേജിൽ ഡ്രൈവറായിട്ടാണ് ഇവനെത്തുന്നത്, കേവലം ഡ്രൈവർ എന്നതിലുപരി ഡാനിമരിയയെപ്പോലെ, സാഹുവിനെപ്പോലെ ഇവനും ഇന്ദിരാവർമ്മയുടെ വിശ്വസ്തനായിരുന്നു,

ഇന്ദിരാവർമ്മ മരിക്കുന്നതിനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇവനും ഇന്ദിരവർമ്മയും തമ്മിൽ തെറ്റുന്നതും ഇന്ദിരാകോട്ടേജിൽ നിന്ന് പുറത്താക്കുന്നതും,
പ്രധാനമായും ഡാനിമരിയ, വെള്ളപ്പാണ്ടിക്കെതിരെ ചൂണ്ടിക്കാട്ടുന്നതും ഈ സംഭവം തന്നെയാണ് , ഒപ്പം ഇന്ദിരാവർമ്മ മരിച്ച ദിവസം പകൽ പലപ്പോഴായി ഇന്ദിരാകോട്ടേജിന് സമീപം പാണ്ടി ചുറ്റിക്കറങ്ങുന്നത് കണ്ടതായും ഡാനിമരിയ പറഞ്ഞിരുന്നു.

ഇന്ദിരാകൊട്ടേജിലെ ജോലി നഷ്ട്ടമായിട്ടും ഇവിടെ അടുത്തൊരു കെട്ടിട നിർമ്മാണ കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറി, ഈ മറത്തുക്കരയിൽ തുടർന്ന പാണ്ടി ഇന്ദിരാവർമ്മ മരിച്ച ശേഷം കൊലപാതകമെന്ന സംശയവുമായി ഡാനി മരിയ വന്നതോടെയാണ് അപ്രത്യക്ഷമായത്.
പിന്നീട് നമ്മൾ എത്ര ശ്രമിച്ചിട്ടും വെള്ളപ്പാണ്ടിയെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല,

വെള്ളപ്പാണ്ടിയെ അവസാനമായി മറത്തുക്കരയിൽ കണ്ടത് സാഹുവായിരുന്നു, അതുമായി ബന്ധപ്പെട്ട് സാഹു പോലീസിന് മൊഴി നല്കിയിട്ടുള്ളതുമാണ്”.

ആരാണ് സാഹു എന്നതിലേക്കായിരുന്നു ഷംനയുടെ അടുത്ത സംശയത്തിന്റെ നുഴഞ്ഞുകയറ്റം .

“സാഹു ഈ നാട്ടുകാരൻ തന്നെയാണ്,
ഒരുപക്ഷേ ഡാനിമരിയയെയും, വെള്ളപ്പാണ്ടിയെക്കാളും ഏറെക്കാലം മുമ്പ് മുതൽ ഇന്ദിരാകോട്ടേജുമായി ബന്ധമുള്ള വ്യക്തിയാണ് സാഹു.

വർമ്മഫാമിലി ഗൾഫിലായിരുന്ന സമയത്ത് അവരുടെ നാട്ടിലെ പ്രോപ്പാർട്ടികൾ നോക്കിനടത്തിയത് സാഹുവായിരുന്നു, ഇന്ദിരാവർമ്മ മറുത്തുക്കരയിൽ സ്ഥിരതാമസമാക്കിയ ശേഷവും, ഇന്ദിരാകോട്ടേജിൽ എന്ത് സഹായത്തിനും സാഹു ഓടിയെത്തുമായിരുന്നു.
ഡാനിമരിയയെയോ, വെള്ളപ്പാണ്ടിയെയോപോലെ ഇന്ദിരാകോട്ടേജിലെ ഒരു സ്ഥിരം അന്തേവാസിയല്ല എന്ന വ്യത്യാസം മാത്രം”

ആമുഖമായി വിശദീകരിച്ച ശേഷം സാഹു പോലീസിന് എഴുതിനല്കിയ സത്യവാങ്‌മൂലത്തിന്റെ പകർപ്പ് സണ്ണി ഷംനക്ക് കൈമാറി.

#####

ഇന്ദിരാജി കൊല്ലപ്പെട്ടതിന്റെ മൂന്നാം നാൾ രാവിലേ ലക്കീസിന്റെ ചായക്കടയിൽ നിന്നിറങ്ങുമ്പോഴാണ് ഞാൻ , വെള്ളപ്പാണ്ടിയെ കാണുന്നത്,റോഡ് മുറിച്ചുകടന്ന് കടൽത്തീരത്തേക്ക് നടക്കുകയായിരുന്നവൻ

“ഡാ നീയെന്താ ഇവിടെ?”

എന്റെ ചോദ്യത്തിന് മറുപടിയായി അലസമായൊരു ചിരി മാത്രം നല്കി വെള്ളപ്പാണ്ടി തന്റെ നോട്ടം പതിവിലേറെ ശാന്തമായി കിടക്കുന്ന അറബിക്കടലിലേക്ക് തിരിച്ചു.

കുറച്ച് നാളുകൾക്ക് ശേഷം പരസ്പരം കാണുന്നതിന്റെ ഭാവവ്യത്യാസങ്ങളൊന്നും അവനിൽപ്രകടമായിരുന്നില്ല, ഇന്ദിരാജിയുടെ മരണത്തിന് പിന്നിലാരെന്ന് സൂചനപോലും ലഭിക്കാത്ത നേരത്താണ് അപ്രതീക്ഷിതമായവനെ കണ്ടുമുട്ടിയെന്നതിന്റെ ആശങ്ക എന്നിലാവോളം പ്രകടമായിരുന്നു.

“നീയിപ്പോൾ എവിടുന്നാണ് വരുന്നത്?”

സിഗരറ്റിന് തീ കൊളുത്തുന്നതിനിടയിലുള്ള എന്റെ ചോദ്യം,വെള്ളപ്പാണ്ടിയിൽ നിന്നും മറുപടിയൊന്നും ലഭിക്കാതെ, ആദ്യ പുകക്കൊപ്പം അനാഥമായി ശൂന്യതയിലേക്കലിഞ്ഞു ചേർന്നു,

ഏറെ വർഷങ്ങൾക്ക് മുമ്പൊരു മഴക്കാലരാത്രിയിൽ ഇന്ദിരാകോട്ടേജിൽ വെച്ച് വെള്ളപ്പാണ്ടിയെ ആദ്യമായി കണ്ട ഓർമ്മകൾ തണുത്ത കടൽക്കാറ്റിനെപ്പോലെന്റെ ഓർമ്മകളെ തലോടി കടന്നുപോയി.

വടക്കേമലബാറിൽ നിന്നും തൊഴിലന്വേഷിച്ചെത്തിയ വെളുത്തുമെലിഞ്ഞ ചെറുപ്പക്കാരനെ ഇന്ദിരാകോട്ടേജിലേക്ക് കൂട്ടികൊണ്ടുവന്നപ്പോൾ ആദ്യമായി ഇന്ദിരാജി എന്നോട് പറഞ്ഞത്,
കൂടെ നിർത്തിയെല്ലാം പഠിപ്പിക്കണമെന്നായിരുന്നു.

“നീ എന്തേലുമോന്ന് പറയെടാ മൈ..
നീയാണോ ഇന്ദിരാജീയെ…
ഡാനി മരിയ അങ്ങനൊരു സംശയം പോലീസിനോട്‌ പറന്നു ”

അറബിക്കടലിന്റെ അലസമാർന്ന തിരയിളക്കം നോക്കി നിന്ന വെള്ളപ്പാണ്ടിയോടായുള്ള എന്റെ ചോദ്യത്തിന്, മറുപടി ലഭിക്കുന്നതിന് മുമ്പേ മൊബൈൽ ശബ്‌ദിച്ചു.

ഡാനി മരിയ

“ആരുടെ അമ്മയെ കെട്ടിക്കുവാനാണ്, ഇവളിപ്പോഴെന്നെ വിളിക്കുന്നത്?”

മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ പേര് നോക്കി പുലമ്പിക്കൊണ്ട് കാൾ നിരസിച്ച നേരത്താണ്, മൗനത്തിന്റെ ആഴക്കിണറിൽ നിന്ന് വെള്ളപ്പാണ്ടി പുറത്തേക്ക് വന്നത്,

“സാഹു നീ ഇപ്പോൾ പൊക്കോ എനിക്ക് പ്രത്യേകിച്ചൊന്നും പറയുവാനില്ല”

ഇടതുകൈയുടെ പെരുവിരൽ വായ്ക്കുള്ളിലേക്ക് കടത്തി താഴത്തെ നിരപല്ലുകളിലമർത്തിക്കൊണ്ട് അവനിൽനിന്ന് പുറത്തേക്കൊഴുകിയ വാക്കുകൾക്ക്‌ മുന്നിൽ ഞാൻ നിശബ്ദതയോടെ നിന്നു.

“ഒരു സിഗരറ്റ് വേണം”

എന്റെ പക്കലുണ്ടായിരുന്ന അവസാന സിഗരറ്റിന് തീ കൊളുത്തിക്കൊണ്ടവൻ അറബിക്കടലിന്റെ അടിവയറ്റിലേക്ക് പിന്നെയും നോട്ടമെറിഞ്ഞു.

“നീ വലിക്ക് ഞാൻ സിഗരറ്റ് വാങ്ങി വരാം”

റോഡ് മുറിച്ചുകടന്ന് കുറച്ചകലെയായുള്ള കടയിലേക്ക് നടക്കവേയാണ് വീണ്ടും ഡാനി മരിയയുടെ കാൾ എന്നെത്തേടിയെത്തിയത്.

” വെള്ളപ്പാണ്ടി, ആ പന്നപ്പുലയാടി മോനേ രക്ഷപ്പെടാൻ അനുവദിക്കരുത്”

മറുഭാഗത്തു നിന്ന് ആജ്ഞകലർന്ന നിർദേശം കേട്ടത്തോടെ കാൽപ്പാദം മുതൽ മുകളിലോട്ട് അരിച്ചു കയറിയ അസഹിഷ്ണുതയെ തെറിവാക്കുകളായി ഞാൻ ഡൈവേർട്ട് ചെയ്തു.

“നീയാരാടി കൂത്തിച്ചി എനിക്ക് നേരേ അജ്ഞാപിക്കുവാൻ? വെച്ചിട്ട് പോടീ”

എതിർദിശയിൽ നടന്നു വരികയായിരുന്ന ഒരമ്മയും മകളും വെറുപ്പ് കലർന്നൊരു നോട്ടം സമ്മാനിച്ചുകൊണ്ടെന്നെ കടന്നുപോയി.

താൻ വെള്ളപ്പാണ്ടിക്കൊപ്പമുണ്ടെന്ന വിവരം ഡാനി മരിയയെങ്ങനെയറിഞ്ഞുവെന്ന ചിന്തയാണ് കടക്ക്‌ മുന്നിൽ നിന്ന് സിഗരറ്റിനെ പുകക്കുമ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത്.

തിരിച്ചെത്തുമ്പോൾ വെള്ളപ്പാണ്ടി മറ്റാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു,

ഏതാനും വാക്കുകളിൽ സംഭാഷണമവസാനിപ്പിച്ചശേഷം അവൻ എനിക്ക് സമീപമെത്തി,

“ചിലത് സംഭവിച്ചു പോകുന്നതാണ് സാഹു,
ഇന്ദിരാജിയുടെ കാര്യത്തിൽ നീയറിഞ്ഞതെല്ലാം സത്യമാണ് ”

കുറ്റസമ്മതത്തിന്റെ സ്വരത്തിൽ ഇത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നു നീങ്ങി,

അവന്റെ വാക്കുകളേല്പ്പിച്ച ആഘാതത്തിൽ,എനിക്കവനെ തടയുവാൻ കഴിഞ്ഞില്ല.

####

ഷംന : “പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണല്ലോ”

സണ്ണി :അതിന് പലകാരണങ്ങളുണ്ട് മാഡം,

1, പ്രതിയെന്ന് സംശയിക്കുന്ന വെള്ളപ്പാണ്ടിയെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞില്ല,

2, ഡാനിമരിയയുടെ സംശയവും, സാഹുവിന്റെ മൊഴിയുമല്ലാതെ, കൊലപാതകമെന്ന് ബന്ധിപ്പിക്കാവുന്ന മറ്റൊരു തെളിവും നമുക്ക് മുന്നിൽ ഇതുവരെയില്ല ,

3, കേസുമായി മുന്നോട്ട് പോകുവാൻ മരിച്ച ഇന്ദിരാവർമ്മക്ക് വേണ്ടപ്പെട്ടവരായി ആരുമില്ലയെന്നതും കേസിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു.

സണ്ണിപറഞ്ഞു നിർത്തിയതോടെ, സണ്ണി സൂചിപ്പിച്ച മൂന്നാമത്തെ പോയിന്റിലേക്ക് ഷംന കടന്നു.

“ഡാനി മരിയ എവിടെയാണിപ്പോൾ ?”

ഇന്ദിരാവർമ്മയുടെ മരണശേഷം കേസും കാര്യങ്ങളുമായി കുറേക്കാലം ഡാനിമരിയ ഇന്ദിരാകോട്ടേജിൽ തന്നെയായിരുന്നു, കേസ് സംബന്ധമായ ഫോളോഅപ്പുകൾ നടത്തിയതും അവളായിരുന്നു, ഒടുവിലൊരുനാൾ നോർത്തിലേക്കോ മറ്റോ അവളും പോയി, അപ്പോഴും ഇടയ്ക്കിടെ കേസ് സംബന്ധമായ കാര്യങ്ങൾക്ക് അവൾ ഇവിടെ എത്താറുണ്ടായിരുന്നു.

പിന്നീട് അറിയാൻ കഴിഞ്ഞത്, ഏകദേശം ആറേഴ് മാസം മുമ്പ് ഡാനിമരിയ രാജസ്ഥാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന വാർത്തയാണ്.

ഡാനി സഞ്ചരിച്ച കാർ രാജസ്ഥാനിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെ അഗാധമായ കൊക്കയിലേക്ക് പതിച്ചതോടെ ഇന്ദിരാവർമ്മയുടെ
കേസ് ഏതാണ്ട് മരവിച്ചത് പോലെയായി”

“ഈ കേസിനെ കുറിച്ച് എന്താണ് സണ്ണിയുടെ വ്യക്തിപരമായ നിഗമനം?”

എല്ലാം വിശദമായി കേട്ടശേഷം ഷംനയുടെ അടുത്ത ചോദ്യം സണ്ണിയോടായിരുന്നു.

“വെള്ളപ്പാണ്ടിയുടെ തിരോധാനവും, മരിയയുടെ അപകടമരണവുമടക്കം ഈ കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ദുരൂഹത നിറഞ്ഞതാണ്, പക്ഷേ ഒന്നിനെ മറ്റൊന്നുമായി ബന്ധപ്പെടുത്തി കേസ് മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ഇല്ല എന്നതാണ് സത്യം”

“മാഡം എന്തിനാണ് ഇപ്പോൾ ഈ കേസിനെ കുറിച്ച് ഇത്രയും വിശദമായി അന്വേഷിക്കുന്നത്?”

ഷംനയുടെ ചോദ്യത്തിനുള്ള മറുപടിക്കൊപ്പം, തന്റെ മനസിൽ ഉടലെടുത്ത സംശയത്തിന്റെ വിത്തിനെയും സണ്ണി പുറത്തേക്ക് വിതറി.

“ചുമ്മാ എഴുത്തിന് പറ്റിയ സ്കോപ്പ് ഉണ്ടോന്നറിയാൻ”

സണ്ണിയുടെ ചോദ്യത്തിന് ചെറുചിരിയുടെ അകമ്പടിയോടെ മറുപടി നൽകുന്നതിനിടയിൽ, സാഹു പോലീസിന് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ കോപ്പിയെടുത്ത് കീശയിൽ തിരുകുവാനും ഷംന മറന്നില്ല.

“എനിക്ക് ചിലകാര്യങ്ങളെക്കുറിച്ച് ഇന്ന് തന്നെ കൃത്യമായ വിവരങ്ങൾ ലഭിക്കണം, മാറ്റാരുമറിയരുത്”

സ്റ്റേഷനിൽ നിന്ന് പതിവിലും നേരുത്തേ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ഷംന സണ്ണിക്ക് ചില രഹസ്യ നിർദ്ദേശങ്ങൾ കൈമാറിയിരുന്നു.

##### ########

“ഇന്ദിരാവർമ്മയുടെ കേസുമായി ബന്ധപ്പെട്ട അത്യാവശ്യം വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞോ?”

അന്നേ ദിവസം വൈകുന്നേരം മറ്റൊരു അപരിചിത നമ്പരിൽ നിന്ന് കടന്നുവന്ന വാട്ട്സാപ്പ് സന്ദേശത്തിന് ‘യെസ്’ എന്ന് ഷംന മറുപടി നല്കി.

“എന്താണ് ഈ കേസിനെ സംബന്ധിച്ച് താങ്കളുടെ നിഗമനം?”

ഏകദേശം പത്ത് മിനിറ്റുകളോളം ഷംനയിൽ നിന്ന് മറുപടി ലഭിക്കാതിരുന്നതോടെ മറുവശത്ത് നിന്ന് അടുത്ത ചോദ്യവും ഷംനയെ തേടിയെത്തി.

“വെള്ളപ്പാണ്ടി എന്ന വൈശാഖനാണ് ഇന്ദിരാവർമ്മയുടെ കൊലപാതകത്തിന് പിന്നിലെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

ഷംന വീണ്ടും മറുപടി മൗനത്തിലൊതുക്കിയതോടെ മറുവശത്ത് നിന്ന് നീണ്ടോരൂ സന്ദേശമാണ് കടന്നു വന്നത്.

“വെള്ളപ്പാണ്ടി നിരപരാധിയാണ്, ഇന്ദിരാവർമ്മയുടെ കൊലപാതകത്തിന് പിന്നിൽ ഡാനി മരിയയാണ്,
അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തത് സാഹുവും”.

അവസാന സന്ദേശം വായിച്ചതോടെ ഷംന മറുപടി സന്ദേശമായി അയച്ചത്
“കാൾ മി നൗ” എന്നായിരുന്നു.

അതേ സമയം തന്നെ ഷംനയെ തേടി മറ്റൊരു നമ്പരിൽ നിന്ന് വളരെ പ്രധാനമായൊരു മെസ്സേജ്ജെത്തിയിരുന്നു.

“വോൾഗോ റെയിസിൽ പതിനാലാം നമ്പർ മുറിയിൽ നീ പറഞ്ഞ ആളുണ്ട് ”

ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഷംനയുടെ ഫോൺ ശബ്ദിച്ചു.
ഫോണെടുത്തതോടെ,
ഔപചാരികതകളില്ലാതെ മറുവശത്ത് നിന്ന് സംഭാഷണമാരംഭിക്കുകയാണുണ്ടായത്.

അപരിചിതൻ : കുറച്ച് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഭാരം ഇറക്കിവെക്കുകയാണ് , ഇത് പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വേണ്ടിയല്ല, ഒരാളെങ്കിലും സത്യം അറിയണം എന്നുള്ളത് കൊണ്ടാണ്,
എന്ത് കൊണ്ട് അതിനായ് മാഡത്തെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ, പോലീസുകാരി എന്നതിലുപരി മാഡത്തിലെ എഴുത്തുകാരിക്ക് ഈ വിവരങ്ങൾ സഹായം ചെയ്യും എന്നത് കൊണ്ടാണ്

ഷംന : ആദ്യം താങ്കൾ ആരെന്ന് തുറന്നു പറയു

അപരിചിതൻ : ആദ്യമേ ഞാൻ പറഞ്ഞിരുന്നല്ലോ, ഈ കേസുമായി ബന്ധപ്പെട്ട അവസാന വിവരങ്ങളിലേക്ക് മാഡം കടക്കുമ്പോൾ എന്നിലേക്കും എത്തിച്ചേരും, ഈ രാത്രികൂടെ ക്ഷമിക്കുക, നാളത്തെ പുലരിയിൽ മാഡം എന്നെ കണ്ടുമുട്ടും, വോൾഗാറെയ്‌സിലെ പതിനാലാം നമ്പർ മുറിയിൽ ഞാനുണ്ടാകും

ഷംന : താങ്കൾക്ക് പറയുവാനുള്ളത് പറയു.
എന്തിന് വേണ്ടി ഇന്ദിരാവർമ്മയെ കൊന്നു ? അവരെ കൊന്നിട്ട് ഡാനി മരിയക്ക് എന്താണ് നേട്ടം ?

അപരിചിതൻ : പണത്തിന് വേണ്ടിയെന്ന് പ്രത്യക്ഷത്തിൽ തോന്നില്ല, കാരണം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും വർമ്മാജി ഡാനിയുടെ പേരിൽ കൈമാറ്റം ചെയ്തിരുന്നു.

ഷംന : പിന്നെ എന്തിന്?

അപരിചിതൻ :ഇടക്ക് കയറാതെ മാഡം, ഞാൻ പറഞ്ഞു തീർക്കട്ടെ ,
ഗുജറാത്തിലെ ബറോഡ കേന്ദ്രമാക്കിയുള്ള ഓസോൺ ഗ്രൂപ്പിൽ , ഏകദേശം 25 കോടി രൂപയോളം മൂല്യമുള്ള
ഷെയർ വർമ്മ സാറിനുണ്ടായിരുന്നു, സാറിന്റെ അപ്രതീക്ഷിത മരണത്തോടെ അതിന്റെ ഉടമ സ്വാഭാവികമായും ഇന്ദിരാവർമ്മയായി, തുടർന്ന് ഇന്ദിരാവർമ്മക്ക് വേണ്ടി ഓസോൺ ഗ്രൂപ്പുമായുള്ള എല്ലാ ഡീലിങ്സുകളും നടത്തിയത് ഡാനിമരിയയായിരുന്നു.

ഓസോൺ ഗ്രൂപ്പിന്റെ പ്രധാന ഷെയർഹോൾഡറായ അനിരുദ്ധ ഷെട്ടിയുമായി ഡാനിമരിയക്ക്,ഗൾഫിലുള്ള കാലം മുതൽ ബന്ധമുണ്ടായിരുന്നു, അന്ന് മുതൽ ഷെട്ടിയും മരിയയും വളരെ വിദഗ്ദ്ധമായി വർമ്മാ ഫാമിലിയുടെ ഷെയർ കൈക്കലാക്കുവാൻ തന്ത്രങ്ങൾ മെനയുകയായിരുന്നു, അതിന്റെ ആദ്യ ഇരയായിരുന്നു വർമ്മചന്ദ്രൻ സർ,
ഒരു സുപ്രഭാതത്തിൽ ഹൃദയം പണിമുടക്കി വർമ്മസാർ മരണപ്പെട്ടു.

ഇന്ദിരാജീ നാട്ടിലേക്ക് ചേക്കേറിയതോടെ ഡാനിമരിയ അവസരത്തിനായി കാത്തുനില്ക്കുകയായിരുന്നു, അതിന് ഏറ്റവും തടസ്സം വെള്ളപ്പാണ്ടിയുടെയും, സാഹുവിന്റെയും ഇന്ദിരാകോട്ടേജിലെ സാനിധ്യമായിരുന്നു,

പക്വത പ്രകടിപ്പിക്കുന്ന, ബുദ്ധിജീവിനാട്ട്യമുള്ള സാഹുവിനേക്കാൾ, എടുത്തുചാട്ടക്കാരനായ വെള്ളപ്പാണ്ടിയാണ് അപകടമെന്ന് മനസിലാക്കി അവനെ ഇന്ദിരാകോട്ടേജിൽ നിന്നൊഴിവാക്കുക എന്ന തന്ത്രമാണ് അവൾ സ്വീകരിച്ചത്, അതിനായിട്ടാണ് അവൾ സാഹുവിന്റെ സഹായം ആദ്യമായി തേടുന്നത്.

ഷംന :”പക്വത പ്രകടിപ്പിക്കുന്ന, ബുദ്ധിജീവിനാട്ട്യമുള്ള സാഹുവിനേക്കാൾ”

സ്വന്തമായി ഇങ്ങനെ വിലയിരുത്തുന്നത് നല്ലതാണോ സാഹു?

അപരിചിതൻ : എന്താണ് മാഡം പറയുന്നത്,

ഷംന : വോൾഗോ റെയ്‌സിന് താഴെ പാർക്കിങ്ങിൽ ഒരു പ്രൈവറ്റ് ഇന്നോവ കിടപ്പുണ്ട്, അതിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തക നന്ദിതയുണ്ട്, മറ്റൊന്നും ആലോചിക്കാതെ നീ ആ വണ്ടിയിൽ കയറു,

കൂടുതലൊന്നും പറയാതെ ഷംന ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

#### #### ##### ######

“ഈ സാഹു അവിവാഹിതനാണ്, പ്രായമുള്ള അമ്മ മാത്രമാണ് വീട്ടിൽ,
കഴിഞ്ഞ കുറച്ച് നാളുകളായി സാഹു കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടത്പോലെയാണ് പെരുമാറ്റം, ഒന്ന് രണ്ട് തവണ ആത്മഹത്യക്കും ശ്രമിച്ചുവെന്നാണ് അറിഞ്ഞത്.

വിഷാദരോഗം മൂർച്ഛിക്കുമ്പോൾ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്ന സാഹുവിന്റെ അവസ്ഥ അപകടകരമാണെന്നാണ് അവന് വൈദ്യ സഹായം നല്കുന്ന മനഃശാസ്ത്ര വിദഗ്ധൻ ഡോക്ട്ടർ അരുൺവിലാസന്റെ അഭിപ്രായം”

സണ്ണി തനിക്ക് ലഭിച്ച പുതിയ വിവരങ്ങൾ ഷംനയോട് പങ്കുവെക്കുന്നതിനിടയിലാണ്
നന്ദിതയുടെ ഇന്നോവ ക്രിസ്റ്റ വീടിന്റെ മുറ്റത്തേക്ക് കടന്നുവന്നത്.

നന്ദിതക്കൊപ്പം കടന്നുവന്ന സാഹു തികച്ചും അവശനായാണ് കാണപ്പെട്ടത്,

” നിങ്ങളെന്നെ ചതിച്ചു,ഞാൻ വിശ്വസിച്ചത് നിങ്ങളിലെ എഴുത്തുകാരിയെയാണ്, പക്ഷേ നിങ്ങളിലെ പോലീസുകാരി തനി സ്വഭാവം പുറത്തെടുത്തു”

മുറിക്കകത്തേക്ക് കടന്നതും സാഹു ഷംനക്ക് മുന്നിൽ വികാരധീനനായി.

“അതിലേക്ക് പിന്നെ കടക്കാം,ഇപ്പോൾ നീ ഫോണിൽ സംസാരിച്ച് നിർത്തിയിടത്ത് നിന്ന് തുടങ്ങുക”

ഷംനയുടെ ചോദ്യത്തിന് അല്പസമയത്തെ മൗനത്തിന് ശേഷമാണ് സാഹു പ്രതികരിച്ചു തുടങ്ങിയത്,

സാഹു : വെള്ളപ്പാണ്ടിയെ ഒഴിവാക്കണമെന്ന ഡാനിമരിയയുടെ നിർദേശമേറ്റെടുത്താണ്, ഞാൻ പാണ്ടിയുടെ മനസിലേക്ക് അടുത്തുള്ള നിർമ്മാണകമ്പനിയിലെ ഡ്രൈവർ ജോലിക്ക് കിട്ടുന്ന കൂടിയ ശമ്പളത്തിന്റെയും,ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും പുതിയ വാഗ്ദാനങ്ങൾ വിതച്ചത്.

അതിനോട് താത്പര്യം പ്രകടിപ്പിച്ച അവൻ എന്റെ നിർദേശപ്രകാരമാണ് ഇന്ദിരാജിയുമായി അനാവശ്യമായി അകലുന്നതും, ഇന്ദിരാകോട്ടേജിലെ ജോലിവിടുന്നതും,

ഇന്ദിരാജിയെ കൊല്ലുക എന്നതാണ് ഡാനിമരിയയുടെ പദ്ധതിയെന്ന് എനിക്ക് അറിയില്ലായിരുന്നു, പാണ്ടി ഇന്ദിരാകോട്ടേജ് വിട്ട ദിവസം തന്നെ എനിക്ക് ആദ്യ പ്രതിഫലം ലഭിച്ചു, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര പണം,

തുടർന്ന് ഇന്ദിരാജിയുടെ മരണത്തിന്റെ പിറ്റേദിവസം വീണ്ടും ഡാനി മരിയ എന്നെ വിളിച്ചു, മരണത്തിന് പിന്നിൽ പാണ്ടിയുണ്ടന്ന സംശയം എന്നോട് പ്രകടിപ്പിച്ചു,

സത്യവാങ്ങ്മൂലത്തിൽ ഞാൻ പറഞ്ഞത് പകുതിയും അസത്യമാണ്, ഡാനിമരിയ നല്കിയ നോട്ടുകെട്ടുകൾ എന്റെ സത്യവാങ്ങ്മൂലത്തിന് വിലയിടുകയായിരുന്നു.

അന്ന് പാണ്ടിയെ യാദൃശ്ചികമായി ഞാൻ കണ്ടെന്നതും , അവിടെ വെച്ച്
ഡാനി മരിയയുടെ ഫോൺ വന്നതും, ഞാൻ അവളോട്‌ കടുത്തവാക്കുകളിൽ സംസാരിച്ചതും സത്യമാണ്,

പക്ഷേ ഇന്ദിരാജിയുടെ മരണത്തിന്റെ പിന്നിൽ താനാണെന്ന് പാണ്ടി സമ്മതിച്ചുവെന്നത് ഡാനിമരിയക്ക് വേണ്ടി ഞാൻ മെനഞ്ഞെടുത്തതാണ്”.

പോലീസ് അന്വേഷണത്തിന്റെ പലസന്ദർഭങ്ങളിലും ഞാൻ മൊഴിയിൽ ഉറച്ചുനിന്നപ്പോൾ വേണ്ടത്ര പണം തന്ന് മരിയ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു”

“ഇപ്പോൾ പാണ്ടിയെവിടെയാണ്?”

ഷംന ഇടയിൽ കയറി

“അറിയില്ല മാഡം, വെള്ളപ്പാണ്ടി ഇപ്പോൾ ജീവനോടെ ഉണ്ടോയെന്ന് പോലും എനിക്കറിയില്ല, കാരണം അങ്ങ് മിഡിൽഈസ്റ്റിൽ വെച്ച് വർമ്മസാറിനെയും, ഇവിടെവെച്ച് ഇന്ദിരാജിയെയും ഒരാളും സംശയിക്കാത്ത രീതിയിൽ ഈ ലോകത്തുനിന്ന് തന്നെ ഒഴിവാക്കുവാൻ കഴിഞ്ഞവൾക്ക്, താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന് നാടിനെയാകെ വിശ്വസിപ്പിക്കുവാൻ കഴിയുന്ന ഒരുവൾക്ക് പാണ്ടിയെപ്പോലെ ഒരാളെ ഇല്ലാതാക്കുക എന്നത് വളരെ നിസ്സാരമാണ്”

“എന്തൊക്കെയാടോ താൻ പറയുന്നത് ”

ഷംനയുടെ പരുക്കൻ ചോദ്യത്തിന് പതിവ് നിസ്സംഗതയോടെ സാഹു തുടർന്നു.

“അതേ മാഡം ഇന്ദിരാജിയുടെ മരണത്തിന് ശേഷം ഒരു നാൾ ഇന്ദിരാകോട്ടേജിൽ ഷെട്ടിയെത്തിയിരുന്നു,
മദ്യ ലഹരിയിൽ ഷെട്ടിയും, മരിയയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ് എനിക്കത് മനസിലായത്,

വർമ്മസാറും, ഇന്ദിരാജിയും മരിച്ചത് ഒരേ തരത്തിലുള്ള കെമിക്കൽ ഉള്ളിൽ ചെന്നാണ്,
ആഴ്ച്ചകളോളം ഒരു നിശ്ചിതയളവിൽ ആഹാരത്തിൽ കലർത്തി നൽകുന്ന ആഴ്സനിക്ക്പോലുള്ള കെമിക്കൽ സാവധാനത്തിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ നിശ്ചലമാക്കുന്നു, ഫോറൻസിക്ക് വിദഗ്ധർക്ക് പ്രാഥമിക നിരീക്ഷണത്തിൽ ഹൃദയസ്തംഭനത്തിനപ്പുറം ഒന്നും കണ്ടെത്തുവാൻ കഴിയുകയില്ല,

ആ രഹസ്യം മനസിലാക്കിയതോടെ മരിയ മറത്തുക്കര വിട്ട് പോകുന്നത് വരെ ഇക്കാര്യം പറഞ്ഞവളെ ബ്ലാക്ക്മെയിൽ ചെയ്തു പലപ്പോഴും ഞാൻ പണം വാങ്ങിയിട്ടുണ്ട്,”

“ഡാനിമരിയ മരിച്ചിട്ടില്ല മാഡം, അതൊരു കെട്ടിച്ചമച്ച അപകടം മാത്രമാണ്, ഗുജറാത്തിലെ ബറോഡ കേന്ദ്രികരിച്ച് തങ്ങളുടെ ബിസിനസ്സുമായി ഇപ്പോഴും യഥേഷ്ട്ടം വിഹരിക്കുന്നുണ്ട് മരിയ, എല്ലാത്തിനും തണലായി ഷെട്ടിയും”.

“ആർക്കും സംശയം തോന്നാത്ത ഇന്ദിരാവർമ്മയുടെ മരണം എന്തിനാണ് മരിയ പോലീസ് ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ?”

ഷംനയുടെ ചോദ്യത്തിന് പക്ഷേ മറുപടി നല്കിയത് നന്ദിതയായിരുന്നു.

“ഇത്രയും കാര്യങ്ങളിൽ നിന്ന് ഞാൻ മനസിലാക്കിയിടത്തോളം, ബുദ്ധികൊണ്ട് കളിക്കുന്ന ക്രിമിനലാണ് ഡാനിമരിയ, പിന്നെ സപ്പോർട്ടിന് ഒരു വലിയ ഗ്രൂപ്പും ഉണ്ടല്ലോ, തീർച്ചയായും ഇൻ ഫ്യുച്ചർ ഈ മരണത്തിന്റെ പേരിൽ അവൾക്ക് നേരെ സംശയം ഉയരുവാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടുകാണും, കാരണം ഇന്ദിരയുടെ മരണത്തോടെ അവരുടെ സ്വത്തുക്കളുടെ അവകാശിയായി മാറുന്നത് ഡാനിമരിയയാണ്, ആളുകളിലെ സംശയം ആ നിലയിൽ തന്നിലേക്ക് ഉയർന്നേക്കാമെന്ന ചിന്ത പാണ്ടിയെ ഇരയാക്കുവാൻ അവളെ പ്രേരിപ്പിച്ചു,”

നന്ദിതയുടെ നിഗമനം ശരിയെന്ന അഭിപ്രായമായിരുന്നു ഷംനക്കും സണ്ണിക്കുമുണ്ടായിരുന്നത്.

“നീ എന്തുകൊണ്ടാണ് ഇപ്പോൾ ഇതൊക്കെ തുറന്നുപറയുവാൻ തയ്യാറായത്?”

ഷംന വീണ്ടും ചോദ്യവുമായി സാഹുവിലേക്ക്,

“ഒറ്റവാക്കിൽ പറഞ്ഞാൽ ഓരോ ചുവടിലും മരണം മുന്നിൽ കണ്ട് നടക്കുന്നവന്റെ ആകുലത,
പ്രതീക്ഷിച്ചതിനപ്പുറം പണം കിട്ടിക്കൊണ്ടിരുന്നപ്പോൾ പലതും മറന്നു,
അവസാനമായി മരിയയെ കാണുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്,
“വാഹനാപകടത്തിൽ മരണപ്പെട്ട” മരിയയുടെ ഫോൺകാൾ എന്നെത്തേടിയെത്തുന്നത് രാത്രി എട്ടുമണി നേരത്താണ്,

ഇന്ദിരാകൊട്ടേജിലെ മരിയയുടെ മുറിയിൽ നിന്ന് ചില ഫയലുകളെടുത്ത് സൌത്ത് റെയിൽവേ സ്റ്റേഷന് സമീപമെത്തിക്കുക എന്നതായിരുന്നു എന്നിലർപ്പിതമായ ദൗത്യം.
രാത്രിയേറെ വൈകി മരിയക്ക് ഫയൽ കൈമാറി, അവൾ തന്ന പണവും സ്വീകരിച്ചു മടങ്ങുവാൻ നേരം താക്കീതിന്റെ സ്വരമുള്ള മരിയയുടെ വാക്കുകൾ എനിക്ക് നേരെ ഉയർന്നു

“എല്ലാം ഇവിടം കൊണ്ടവസാനിക്കണം,ഇനി പണത്തിനോ, ഒരാവശ്യത്തിനോ എന്നെ ബന്ധപ്പെടരുത്”

അന്ന് മടക്കയാത്രക്കിടയിൽ തലനാരിഴക്കാണ് വധശ്രമത്തിൽ നിന്ന് ഞാൻ രക്ഷപ്പെടുന്നത്.

റെയിൽവേസ്റ്റേഷന് സമീപംവെച്ച് മരിയയെ കണ്ടുമൂട്ടുമ്പോൾ അവൾക്കൊപ്പമുണ്ടായിരുന്ന ചില അപരിചിതർ, അവർ തന്നെയാണ് എനിക്കെതിരെയുള്ള ആക്ഷന് പിന്നിലെന്ന് മനസ്സിലായതോടെ, ഒരു കാര്യമുറപ്പായി,

വർമ്മാഫാമിലി വിഷയത്തിൽ എല്ലാ രഹസ്യങ്ങളുമറിയുന്ന എന്നെ ഷെട്ടിയും,മരിയയും ടാർഗറ്റ് ചെയ്തുകഴിഞ്ഞിരിക്കുന്നു.

അതോടെ മാനസികമായി ഞാൻ തകർന്നു, ഓരോ നിമിഷവും മരണം ഭയന്ന് ജീവിക്കേണ്ടി വരുന്ന ദുർബലന്റെ മനസ്സ് ആടിയൂലയുകയാണ്,കൂട്ടത്തിൽ കുറ്റബോധവും,
സ്വയം അവസാനിപ്പിക്കുവാനുള്ള ചിന്തയിലാണ് എന്റെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കടന്നുപോയത്,

അതിനിടയിലാണ് അപ്രതീക്ഷിതമായി മാഡം ഇവിടെ ചുമതലയേറ്റത് ശ്രദ്ധയിൽപ്പെട്ടത് ,മാഡത്തിന്റെ അന്വേഷണാത്മക നോവലുകൾ പലതും വായിച്ച വായനക്കാരൻ എന്ന നിലയിൽ, എഴുത്തുകാരിയോട് എന്റെ അനുഭവങ്ങൾ പങ്കുവെക്കാമെന്ന ചിന്തയിലാണ് ഞാൻ അജ്ഞാതന്റെ റോളിൽ മാഡത്തോട് സംവദിച്ചത്,
നാളത്തെ പ്രഭാതത്തിൽ മാഡത്തെ വോൾഗ റെയ്‌സിൽ വിളിച്ചുവരുത്തുക, എനിക്ക് പറയുവാനുള്ള ബാക്കി കാര്യങ്ങൾ ഒരു കത്തായി എഴുതിവെച്ചിട്ട് മാഡം വോൾഗാറെയ്‌സിലെ പതിനാലാം നമ്പർ മുറിയിലേക്ക് വരുമ്പോഴേക്കും ഈ ലോകം വിട്ട് പോകുക അതായിരുന്നു എന്റെ കണക്കുകൂട്ടൽ, അതുവരെ എന്റെ ഐഡന്റിറ്റി മറച്ചുവെക്കാം എന്നാണ് ഞാൻ കരുതിയത്, പക്ഷേ മാഡം എന്നെ തോൽപ്പിച്ചു കളഞ്ഞു”

സാഹു പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ഷംന, നന്ദിത, സണ്ണി ഏവരിലും ഒരു നിശബ്ദത നിഴലിച്ചിരുന്നു. അൽപ്പസമയത്തെ നിശബ്ദതയെ ഭേദിച്ചുകൊണ്ടാണ് അരുൺവിലാസന്റെ വാഹനം അവിടേക്ക് കടന്നുവന്നത്.

തുടർന്ന് ഷംനയാണ് സംസാരിച്ചു തുടങ്ങിയത്.

” സാഹുവിന്റെ പ്രിയപ്പെട്ട ഡോക്ട്ടർ എത്തിയിട്ടുണ്ട്, ഇന്നൊരു രാത്രി നീ ഡോക്ട്ടർക്കൊപ്പം പോകുക,
എല്ലാം മറന്ന് സുഖമായി ഉറങ്ങുക , നാളെ നമുക്ക് വേണ്ടത് ആലോചിച്ചു ചെയ്യാം”

“കേസിന്റെ തുടരന്വേഷണമാണോ , കഥയെഴുത്താണോ മാഡത്തിന്റെ പദ്ധതി?”

മടങ്ങാൻ നേരമുള്ള സാഹുവിന്റെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷംന മറുപടിയായി നല്കിയത്.

“ഇപ്പോൾ അവനെ വിടേണ്ടായിരുന്നു, ആത്മഹത്യ ചെയ്യുവാൻ തക്കം നോക്കി നടക്കുന്നവനെ ഈ രാത്രി…. ”

സാഹു അവിടെ നിന്ന് മടങ്ങിയതോടെ സണ്ണിയും നന്ദിതയും ഒരേസ്വരത്തിലാണ് തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.

“ഇല്ല അവനിനി ആത്മഹത്യ ചെയ്യില്ല, മനസ്സിന്റെ ഭാരം പാതിയോളം ഇറക്കിവെച്ചാണ് ഇവിടെ നിന്നവൻ മടങ്ങിയത്, തന്നെയുമല്ല അരുണിന്റെ ശ്രദ്ധയും സാഹുവിന് മേലുണ്ടാകും”

ഷംനയുടെ വസതിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങവേയാണ് സണ്ണി തന്റെ സംശയം ഷംനക്ക് മുന്നിൽ നിവർത്തിയത്.

“മാഡത്തിന് എങ്ങനെയാണ് ‘അജ്ഞാതൻ’ സാഹുവാണെന് മനസിലായത്?”

“എനിക്ക് ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലെയും, സാഹു പോലീസിന് നല്കിയ സത്യവാങ്‌മൂലത്തിലെയും ഭാഷയുടെ സാദൃശ്യം സംശയത്തിന്റെ കണ്ണുകൾ സാഹുവിലേക്ക് നീളുവാൻ കാരണമായി,കത്തിലെയും, സത്യവാങ്മൂലത്തിലെയും കയ്യക്ഷരം പരിശോധിച്ചതോടെ മറഞ്ഞിരിക്കുന്ന അജ്ഞാതൻ സാഹുവാണെന്ന് ഉറപ്പിച്ചു.

ഈ കേസുമായി ബന്ധമുള്ളവരിൽ ഇപ്പോൾ നാട്ടിലുള്ള ഏകവ്യക്തിയായ സാഹുവിനെ ഇന്നലെ മുതൽ എന്റെ നിർദ്ദേശപ്രകാരം നന്ദിത നിരീക്ഷിക്കുന്നുണ്ടായിരുന്നു,
ബോൾഗാറയ്‌സിൽ മുറിയെടുക്കുന്നതുവരെയുള്ള സാഹുവിന്റെ ഓരോ ചുവടുവെപ്പുകളും നന്ദിതയുടെ ചാരകണ്ണുകൾ ഒപ്പിയെടുത്ത്‌ കൃത്യമായി എന്നെ അറിയിക്കുന്നുണ്ടായിരുന്നു.”

“എപ്പോൾ വേണേലും മാറ്റിപ്പറയാവുന്ന സാഹുവിന്റെ വാക്കുകളുടെ ബലത്തിൽ എങ്ങനെ നമ്മൾ ഈ കേസുമായി മുന്നോട്ട് പോകും?”

സണ്ണിയിൽ പിന്നെയും സംശയത്തിന്റെ കാർമേഘങ്ങൾ ഉടലെടുത്തപ്പോൾ, തത്ക്കാലത്തേക്ക് പിരിഞ്ഞു അടുത്ത പ്രഭാതത്തിൽ കാണാമെന്ന
തീരുമാനത്തിലേക്ക് ഷംന എത്തിചേർന്നിരുന്നു.

സണ്ണിയും നന്ദിതയും മടങ്ങിയതിന് ശേഷം ആ രാത്രിയിൽ പതിവ് വായന ഉപേക്ഷിച്ച ഷംന ഗൂഗിൾ വലക്കുള്ളിൽ ഓസോൺ ഗ്രൂപ്പിനെയും , അനിരുദ്ധഷെട്ടിയെയുംക്കുറിച്ച് തിരയുന്നതിനൊപ്പം കൊച്ചിയിൽ നിന്നും ബറോഡയിലേക്ക് ഏറ്റവും അടുത്തദിവസം ലഭ്യമാകുന്ന വിമാനടിക്കറ്റുകളുടെ സാധ്യതയിലേക്കും ശ്രദ്ധ തിരിച്ചു.

കെ. ആർ. രാജേഷ്

Leave A Reply
error: Content is protected !!