കൊവിഡ് രണ്ടാം തരംഗം ; വിദ്യാർത്ഥികൾക്ക് 10 ദിവസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള പദ്ധതി തയ്യാറാക്കും : കർണാടക മന്ത്രി

കൊവിഡ് രണ്ടാം തരംഗം ; വിദ്യാർത്ഥികൾക്ക് 10 ദിവസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള പദ്ധതി തയ്യാറാക്കും : കർണാടക മന്ത്രി

കർണാടക: കൊവിഡ് രണ്ടാം തരം​ഗ വ്യാപനം തടയാൻ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ.

എഞ്ചിനീയറിം​ഗ്, ബിരു​ദം, മെഡിക്കൽ, പോളിടെക്നിക്, ഐടിഐ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്കിൽ ഡെവലപ്മെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു .

കർണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായൺ, ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി യോ​ഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോ​ഗത്തിൽ സ്വീകരിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. അതെ സമയം സംസ്ഥാനത്തെ അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്.

വിദ്യാർത്ഥികൾക്കുളള വാക്സിനേഷൻ ഡ്രൈവ് ജൂൺ 28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർത്ഥികൾക്ക് കുത്തിവെയ്പ് നൽകി. സംസ്ഥാനത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!