വീണാ നായരെ ട്രോളുന്നവർ ഇത് കൂടി അറിഞ്ഞിരിക്കട്ടെ – വിമർശിച്ച് ലക്ഷ്മിപ്രിയ

വീണാ നായരെ ട്രോളുന്നവർ ഇത് കൂടി അറിഞ്ഞിരിക്കട്ടെ – വിമർശിച്ച് ലക്ഷ്മിപ്രിയ

കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തെ പിന്തുണച്ച് സ്ത്രീധനത്തിനെതിരെ പ്രതികരിച്ച വീണ നായർക്കെതിരെ വിവാഹത്തിന് സ്വർണാഭരണങ്ങൾ അണിഞ്ഞ തിനെതിരെ വിമർശനമുയർന്നിരുന്നു. ഇതിൽ വീണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇതാണ്

“വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം.ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാം. സ്വാതി തിരുനാൾ അക്കാദമിയിൽ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവർ ആറ്റുകാൽ സ്ഥിര താമസമാക്കുകയും സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.ആദ്യത്തെ സീരിയൽ തന്നെ എന്റൊപ്പം ആണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊൻപതു കാരിയെ ഷൂട്ടിംഗ് ന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.

എന്നാൽ അവളുടെ ഡിഗ്രി കാലഘട്ടത്തിൽ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങൾ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു.ഞാൻ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന പെണ്ണായി. നിർഭാഗ്യവശാൽ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു. തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ. അവളുടെ മനക്കരുത്ത്.കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്. പെൺകുട്ടികൾ വിവാഹ ദിനത്തിൽ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാർ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വർണ്ണവും അല്ല.

ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലിൽ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് ആ കാശിന് സ്വർണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിർമണ്ഡപത്തിൽ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്.പെൺകുട്ടികൾ കാര്യശേഷി ഉള്ളവർ ആവണം. ഈ സ്വർണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവൻ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ് – എന്ന് ലക്ഷ്മിപ്രിയ ഒപ്പ്

Leave A Reply
error: Content is protected !!