ചാവക്കാട്ട് വള്ളങ്ങൾ പിടിച്ചെടുത്തതിൽ പ്രതിഷേധം: പണിമുടക്കി ചെറുവള്ളക്കാർ

ചാവക്കാട്ട് വള്ളങ്ങൾ പിടിച്ചെടുത്തതിൽ പ്രതിഷേധം: പണിമുടക്കി ചെറുവള്ളക്കാർ

 

ചാവക്കാട്: അനധികൃത മീൻപിടിത്തത്തിന്റെ പേരിൽ ഒരുവിഭാഗം ചെറുവഞ്ചിക്കാർക്കെതിരേ മാത്രം ഫിഷറീസ് അധികൃതർ നടപടിയെടുത്തെന്നാരോപിച്ച് പ്രതിഷേധം. നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് ചേറ്റുവ ഹാർബറിൽനിന്നുള്ള നൂറോളം ചെറുവള്ളക്കാർ വ്യാഴാഴ്ച ഹാർബറിൽ വള്ളങ്ങൾ കെട്ടിയിട്ട് പണിമുടക്കി. സമരത്തിന്റെ ഭാഗമായി വലിയ ഇൻബോർഡ് വള്ളങ്ങളിൽനിന്നുള്ള മീൻ ഹാർബറിൽ ഇറക്കാൻ സമ്മതിക്കാതിരുന്നത് ഏറെനേരം തർക്കത്തിനും കാരണമായി. ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളും ഹാർബറിലെ യൂണിയൻ തൊഴിലാളികളും തരകൻമാരും തമ്മിലായിരുന്നു തർ‌ക്കം. ഏറെനേരത്തെ തർക്കത്തിനൊടുവിലാണ് മീൻ ഹാർബറിൽ ഇറക്കാൻ അനുവദിച്ചത്.

ബുധനാഴ്ച ഫിഷറീസ് അധികൃതരും മുനയ്ക്കക്കടവ് തീരദേശപോലീസും നടത്തിയ മിന്നൽ പരിശോധനയിൽ ട്രോളിങ് നിരോധനം മറികടന്ന് അനധികൃത മീൻപിടിത്തം നടത്തിയ ഏഴു വള്ളങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ ഉടമകൾക്ക് ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ 5000 രൂപ പിഴയും ചുമത്തി. മേലിൽ ഇത്തരം അനധികൃത മീൻപിടിത്തം തുടർന്നാൽ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കി വള്ളം പിടിച്ചെടുക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പും നൽകി.

അതേസമയം അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള കടലിൽ ഇത്തരത്തിൽ മീൻപിടിത്തം നടന്നിട്ടും ചേറ്റുവ, ചാവക്കാട് മേഖലയിൽമാത്രമുള്ളവർക്കെതിരേ നടപടിയെടുത്തത് ശരിയായില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. എന്നാൽ തങ്ങൾക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് ഫിഷറീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു പറഞ്ഞു.

Leave A Reply