ഗുരുവായൂരിൽ ആദ്യദിവസം ദർശനത്തിന് അറുനൂറിലേറെ പേർ

ഗുരുവായൂരിൽ ആദ്യദിവസം ദർശനത്തിന് അറുനൂറിലേറെ പേർ

ഗുരുവായൂർ: ക്ഷേത്രത്തിൽ വ്യാഴാഴ്ച അറുനൂറിലേറെ പേർ ദർശനത്തിനെത്തി. ഓൺലൈനിൽ ബുക്ക് ചെയ്തവർ, ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്നവർ, ദേവസ്വം ജീവനക്കാർ, പെൻഷൻകാർ, തദ്ദേശവാസികൾ എന്നിങ്ങനെ മൊത്തം എത്തിയവരുടെ കണക്കാണിത്. ഇതിൽ ഉച്ചവരെ മാത്രം നാനൂറോളം പേരാണ് തൊഴുതത്.

ആദ്യദിവസമായതുകൊണ്ട് ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഉച്ചവരെ 30-ൽ താഴെയാണ് ഉണ്ടായിരുന്നത്. ഓൺലൈൻ ബുക്കിങ് കിട്ടുന്നില്ലെന്ന് പറഞ്ഞ് പലരും ദേവസ്വത്തെ സമീപിച്ചിരുന്നു. അവർക്ക് ആധാർ കാർഡ് കാണിച്ച് ദർശനത്തിനുള്ള സൗകര്യം ദേവസ്വം ഒരുക്കി. ആദ്യദിനത്തിൽ വരിയിൽ വലിയ തിരക്കുണ്ടായില്ല.

ഒരേസമയം 15 പേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടുകയുള്ളൂവെന്ന്‌ പറഞ്ഞിരുന്നെങ്കിലും തിരക്കില്ലാതിരുന്നതിനാൽ അത്തരം നിയന്ത്രണം വേണ്ടിവന്നില്ല. വ്യാഴാഴ്ച രാവിലെ നാലര മുതൽ ഭക്തരെ പ്രവേശിപ്പിച്ചുതുടങ്ങി. ഓൺലൈൻ ദർശനം ഒമ്പതരയ്ക്കുശേഷമായിരുന്നു. ഉച്ചയ്ക്ക് 12.30-ന്‌ ക്ഷേത്രനട അടയ്ക്കുമ്പോൾ വരിയിലുണ്ടായിരുന്നത് 25-ൽ താഴെ മാത്രം. പിന്നീട് വൈകീട്ട് നാലരമുതൽ ആറര വരെയും ഭക്തരെ ക്ഷേത്രത്തിലേക്ക് വിട്ടു.

നാലമ്പലത്തിലേക്ക്‌ പ്രവേശനമുണ്ടായില്ല. കൊടിമരം കടന്ന് വാതിൽമാടത്തിനു മുന്നിൽ നിന്ന് തൊഴുത്‌, ഇടത്തോട്ടുതിരിഞ്ഞ് അയ്യപ്പക്ഷേത്രത്തിനു മുന്നിലൂടെ പ്രദക്ഷിണത്തിനുശേഷം ഭക്തർ പുറത്തേക്കു കടന്നു.ക്ഷേത്രത്തിൽ ചോറൂൺ ഒഴികേയുള്ള വഴിപാടുകളും ആരംഭിച്ചു. ഉച്ചവരെ രണ്ടരലക്ഷത്തോളം രൂപയുടെ വഴിപാടുകളാണുണ്ടായത്.തുലാഭാരം 25,000 രൂപയുടേതും. വഴിപാട്‌ കൗണ്ടറുകൾ മുഴുവനും തുറന്നു. സത്രം കവാടത്തിൽ വാഹനപൂജ പത്തെണ്ണമുണ്ടായി.

Leave A Reply