ബാഴ്‌സിലോണയെ പരിക്ക് വേട്ടയാടുന്നു

ബാഴ്‌സിലോണയെ പരിക്ക് വേട്ടയാടുന്നു

വേതനബിൽ കുറക്കുന്നതിന്റേയും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെയെങ്കിലും രക്ഷപെടുന്നതിന്റേയും ഭാഗമായി ഈ വേനൽക്കാലത്ത് തങ്ങളുടെ ഒരു പറ്റം സൂപ്പർ താരങ്ങളെ ബാഴ്സലോണ‌ വിറ്റേക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. ഇതിൽ ഔസ്മാൻ ഡെംബലെ, ഫിലിപ്പ് കുട്ടീഞ്ഞോ, സാമുവൽ ഉംറ്റിറ്റി എന്നീ മൂന്ന് താരങ്ങളെ വിൽക്കുന്നതിലൂടെ മികച്ചൊരു തുക നേടാമെന്നായിരുന്നു ക്ലബ്ബ് കരുതിയിരുന്നത്. എന്നാൽ ഈ മൂന്ന് താരങ്ങളും പരിക്കിന്റെ പിടിയിലായത് ഇവരെ വിൽക്കാനുള്ള ബാഴ്സലോണയുടെ പദ്ധതികളെ തകിടം മറിക്കുമെന്നാണ് ഏറ്റവും പുതുതായി പുറത്തു വരുന്ന റിപ്പോർട്ട്.

നിലവിൽ പരിക്കിന്റെ പിടിയിലായതിനാൽ മേൽപ്പറഞ്ഞ മൂന്ന് കളികാരെയും വാങ്ങാൻ മറ്റ് ക്ലബ്ബുകൾ വിമുഖത കാണിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് ചൂണ്ടിക്കാട്ടുന്നത്‌. ഇത് ബാഴ്സലോണയുടെ സമ്മർകാല പദ്ധതികൾക്ക് കനത്ത തിരിച്ചടിയാണ്. തങ്ങളുടെ വേതനബിൽ കുറച്ചില്ലെങ്കിൽ അടുത്ത സീസണിൽ മെസിയെ രെജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ലാലീഗ പ്രസിഡന്റ് ജാവിയർ ടെബാസ് വ്യക്തമാക്കിയിരുന്നു. ഇത് കൊണ്ടു തന്നെ കുറച്ചു കളികാരെ ടീമിൽ നിന്ന് ഒഴിവാക്കി വേതനബിൽ കുറക്കേണ്ടത് കറ്റാലൻ ക്ലബ്ബിന് അനിവാര്യമാണ്‌. എന്നാൽ പരിക്കുള്ള താരങ്ങളിൽ മറ്റ് ക്ലബ്ബുകൾ താല്പര്യം കാണിക്കില്ലെന്നതാണ് അവർക്ക് തലവേദനയാകുന്നത്.

ഹംഗറിക്കെതിരെയുള്ള യൂറോ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഫ്രെഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബലെ യൂറോ 2020 ൽ നിന്ന് പുറത്തായിരുന്നു‌. പരിക്കിനെത്തുടർന്ന് നിലവിൽ ശസ്ത്രക്രിയക്ക് വിധേയനാവാൻ ഒരുങ്ങുന്ന അദ്ദേഹത്തിന് എത്രനാൾ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തത‌ വന്നിട്ടില്ല.

ബാഴ്സലോണയിൽ ഇതു വരെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലാത്ത ഫിലിപ് കുട്ടീഞ്ഞോ ഇക്കുറി പ്രീമിയർ ലീഗിലേക്ക് തിരിച്ചു പോയേക്കുമെന്നുള്ള സൂചനകൾ കഴിഞ്ഞയിടക്ക് ഉയർന്നിരുന്നു. എവർട്ടൺ, ആഴ്സനൽ ക്ലബ്ബുകൾ ബാഴ്സലോണയിലെ താരത്തിന്റെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു വാർത്തകൾ‌. എന്നാൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വലയുന്ന കുട്ടീഞ്ഞോ ഈ വർഷം ക്ലബ്ബിനായി ഒരു മത്സരത്തിൽപ്പോലും കളിച്ചിട്ടില്ല.

Leave A Reply