കോവിഡ് രോഗികൾക്ക് ‘വീട്ടുകാരെ വിളിക്കാം’; തിരുവനന്തപുരം മെഡി: കോളേജിൽ പുതിയ സംവിധാനം

കോവിഡ് രോഗികൾക്ക് ‘വീട്ടുകാരെ വിളിക്കാം’; തിരുവനന്തപുരം മെഡി: കോളേജിൽ പുതിയ സംവിധാനം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന 33 വയസുള്ള ബാലരാമപുരം സ്വദേശിയെ മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാർഡിലെ ഡോക്ടർമാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി ഇൻഫർമേഷനിൽ ഇതിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാർഡുകളിലും ഫോണും ടാബും നൽകും. വീട്ടിലുള്ളവർ രോഗിയുടെ വിവരങ്ങൾ എസ്.എം.എസ് അയച്ചാൽ ആ രോഗികളുമായി വീഡിയോ കോൾ ചെയ്യാനാകും. അതിനുള്ള സൗകര്യം ആരോഗ്യ പ്രവർത്തകർ ചെയ്യും. പാവപ്പെട്ട രോഗികൾക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരിൽ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം മൂന്നു മുതൽ അഞ്ചു മണിവരെ വീഡിയോ കോൾ വഴി തിരികെ വിളിക്കും. വെള്ളിയാഴ്ച മുതൽ ഈ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇൻഫർമേഷന്റെ 0471 2528225 എന്ന നമ്പരിൽ ബന്ധപ്പെടാം.
മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ, അലുമ്‌നി അസോസിയേഷൻ പ്രതിനിധികളായ ഡോ. ജോൺ പണിക്കർ, ഡോ. വിശ്വനാഥൻ, ഡോ. കെ. ദിനേശ്, ഡോ. ജി. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!