ചാമ്പ്യൻസ് ലീഗടക്കമുള്ള യുവേഫയുടെ ക്ലബ് ടൂർണമെന്റുകളിൽ നിന്നും എവേ ഗോൾ നിയമം പിൻവലിച്ചു

ചാമ്പ്യൻസ് ലീഗടക്കമുള്ള യുവേഫയുടെ ക്ലബ് ടൂർണമെന്റുകളിൽ നിന്നും എവേ ഗോൾ നിയമം പിൻവലിച്ചു

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് അടക്കമുള്ള ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്നും എവേ ഗോൾ നിയമം അടുത്ത സീസൺ മുതൽ പിൻവലിക്കപ്പെടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുവേഫ. യുവേഫയുടെ ക്ലബ് കോംപിറ്റീഷൻ കമ്മറ്റി, യുവേഫ വിമൻസ് ഫുട്ബോൾ കമ്മിറ്റി എന്നിവർ ഇതുമായി ബന്ധപ്പെട്ടു മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് അടുത്ത സീസൺ മുതൽ എവേ ഗോൾ നിയമം ഒഴിവാക്കുന്നത്.

രണ്ടു പാദങ്ങളിലായി നടക്കുന്ന നോക്ക്ഔട്ട് മത്സരങ്ങളിലെ വിജയികളെ വേഗത്തിൽ കണ്ടെത്താനാണ് എവേ ഗോൾ നിയമം നടപ്പിലാക്കിയിരുന്നത്. ഇരുപാദങ്ങളിലും രണ്ടു ടീമുകൾ ഒരുപോലെ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞാൽ എതിരാളിയുടെ മൈതാനത്ത് ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. രണ്ടു ടീമുകളും എതിരാളിയുടെ മൈതാനത്തും ഒരുപോലെയാണ് ഗോൾ നേടിയതെങ്കിൽ മാത്രം മത്സരം എക്‌സ്ട്രാ ടൈമിലേക്കും ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും വഴിമാറും.

എവേ ഗോൾ നിയമം നടപ്പിലാക്കുന്നതോടെ എതിരാളിയുടെ മൈതാനത്ത് കൂടുതൽ ഗോൾ നേടിയെന്ന ആനുകൂല്യം ഒരു ടീമിനും ലഭിക്കുകയില്ല. മത്സരം ഇരുപാദങ്ങളിലുമായി സമനിലയിൽ അവസാനിച്ചാൽ നോക്ക്ഔട്ടിലേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീങ്ങുകയും അതുവഴി വിജയികളെ കണ്ടെത്തുകയും ചെയ്യും. എവേ ഗോളിൽ കടിച്ചു തൂങ്ങാൻ ടീമുകൾ നടത്തുന്ന ശ്രമം ഇതുവഴി ഒഴിവാക്കപ്പെടുകയും മത്സരങ്ങൾ കൂടുതൽ ആവേശപൂർണമാക്കുകയും ചെയ്യാമെന്നാണ് ഇതിന്റെ പ്രധാനപ്പെട്ട നേട്ടം.

നോക്ക്ഔട്ട് മത്സരങ്ങളിൽ നിന്നും എവേ ഗോൾ നിയമം എടുത്തു മാറ്റുന്നതിനു പുറമെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒരേ പോയിന്റ് സ്വന്തമാക്കുന്ന ടീമുകൾക്ക് മുൻ‌തൂക്കം നൽകുന്നതിനു എവേ ഗോൾ ഉപയോഗിക്കുന്നതും ഒഴിവാക്കപ്പെടും. 1965 മുതൽ ഈ നിയമം യുവേഫയുടെ ഭാഗമായിരുന്നെങ്കിലും കുറച്ചു വർഷങ്ങളായി നടക്കുന്ന നിരന്തരമായ ചർച്ചയുടെ ഭാഗമായാണ് ഇതൊഴിവാക്കിയതെന്ന് യുവേഫ പ്രസിഡന്റ് സെഫറിൻ പറഞ്ഞു. നിലവിൽ ഹോം മത്സരങ്ങളിൽ മുൻപുണ്ടായിരുന്നത്ര മുൻ‌തൂക്കം ടീമുകൾക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply