വാക്സിനേഷൻ വിതരണത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയോട് അവഗണന കാണിക്കുന്നതായി ഭരണസമിതിയുടെ ആക്ഷേപം

വാക്സിനേഷൻ വിതരണത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയോട് അവഗണന കാണിക്കുന്നതായി ഭരണസമിതിയുടെ ആക്ഷേപം

ഇടുക്കി:വാക്സിനേഷൻ വിതരണത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയോട് അവഗണന കാണിക്കുന്നതായി ഭരണ സമിതി ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ കുറവ് വാക്‌സിന്‍ ലഭിച്ച തദ്ദേശ സ്വയം സ്ഥാപനങ്ങളിലൊന്നാണ് കട്ടപ്പന. ജില്ലയിലെ മറ്റ് പി.എച്ച്‌.സികള്‍ക്ക് നല്‍കുന്ന വാക്‌സിനേക്കാള്‍ കുറവാണ് നഗരസഭയിലെ ഏക വാക്‌സിനേഷന്‍ കേന്ദ്രമായ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നത്. ആദ്യ ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ച്‌ രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള 1500ല്‍പ്പരം പേര്‍ നഗരസഭയിലുണ്ട്. രണ്ടാമത്തെ ഡോസ് കൊവാക്‌സിന്‍ സ്വീകരിക്കാനുള്ളവര്‍ ഇതിനേക്കാള്‍ കൂടുതലാണ്. വാക്‌സിന്‍ കൂടുതല്‍ അനുവദിക്കണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസ് വിവേചനം കാട്ടുകയാണെന്ന് ഭരണസമിതി ആരോപിക്കുന്നു.

കട്ടപ്പന ടൗണ്‍ ഹാളില്‍ നഗരസഭയിലെ സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവിടേയ്ക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 28ന് നടത്താനും നിശ്ചയിച്ചു. എന്നാല്‍ നഗരസഭയ്ക്ക് ലഭിക്കുന്ന വാക്‌സിന്‍ കുറവായതിനാല്‍ സ്ഥിരം കേന്ദ്രം ആരംഭിക്കാനുള്ള നഗരസഭയുടെ നടപടികള്‍ക്ക് തിരിച്ചടി യായിരിക്കുകയാണ്. ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപ്രതിക്ക് 2000 ഡോസ് വാക്‌സിന്‍ അനുവദിച്ചപ്പോള്‍ കട്ടപ്പന താലൂക്ക് ആശുപ്രതിക്ക് നല്‍കിയത് 300 ഡോസ് മാത്രമാണ്. ജനസംഖ്യ കുറവുള്ള മേഖലകളായ പാറക്കടവ് അര്‍ബന്‍ പി.എച്ച്‌.സിയ്ക്ക് 3000, ചെമ്പകപ്പാറ പി.എച്ച്‌.സി, ഇടവെട്ടി പി.എച്ച്‌.സി, ചിത്തിരപുരം പി.എച്ച്‌.സി എന്നിവയ്ക്ക് 1000 എന്നിങ്ങനെ അനുവദിച്ചു. കട്ടപ്പനയുടെ പകുതി ജനസംഖ്യയുള്ള സമീപ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഡോസ് പോലും ഇവിടെ ലഭിക്കുന്നില്ല.
താലൂക്ക് ആശുപത്രിയില്‍ എത്തുന്നവയില്‍ പകുതിയും മറ്റ് പഞ്ചായത്തുകളില്‍ നിന്ന് ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നതോടെ കട്ടപ്പനയിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയാണ്. നഗരസഭയില്‍ 50 ശതമാനം പോലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കടക്കം വാക്‌സിന്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ അലംഭാവം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായാണ് കട്ടപ്പന നഗരസഭയുടെ ആക്ഷേപം.

Leave A Reply