അന്യ സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം

അന്യ സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം

നിയമം ലംഘിച്ച് അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ലോറികൾ കേരളത്തിൽ സർവ്വീസ് നടത്തുന്നത് വഴി സർക്കാരിന് കോടികൾ നഷ്ടം. കഴിഞ്ഞ ദിവസം രണ്ട് ലോറികൾ എൻഫോഴ്സ്മെൻറ് വിഭാഗം ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു.
കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും, പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയുമാണ് പിടിച്ചത്. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നതിന് നിരോധനമുണ്ട്.

എന്നാൽ, ഇത് ലംഘിച്ച് നിരവധി വാഹനങ്ങൾ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നുണ്ട്. മലയാളികൾ കർണാടകയിലും, തമിഴ്നാട്ടിലും പോയി ട്രക്കുകൾ വാങ്ങി അവിടെ രജിസ്ട്രേഷനും നടത്തി കേരളത്തിൽ കൊണ്ടുവന്ന് ഓടിച്ച് നികുതി വെട്ടിക്കുന്നുണ്ട്. 30 ടൺ ഭാരം കയറ്റാവുന്ന ട്രക്കിന് കേരളത്തിൽ മൂന്നു മാസം കൂടുമ്പോൾ 25,000 രൂപ റോഡ് ടാക്സ് അടയ്ക്കണം. എന്നാൽ, കർണാടകയിൽ ഒരു വർഷത്തേക്ക് ഈ തുക മതി. കൂടാതെ വർഷം തോറുമുള്ള വാഹന ടെസ്റ്റിനും കർണാടകയിൽ തുച്ഛമായ ചെലവേയുള്ളൂ. കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് ടാക്സ് കുറവായതിനാൽ കുറഞ്ഞ നിരക്കിൽ ഓടാനും കഴിയുമെന്നതിനാൽ, അന്യ സംസ്ഥാനത്ത് നിന്നും വാഹനം വാങ്ങുവാനാണ് ഉടമകൾക്കും താൽപര്യം. ഇത്തരത്തിൽ സർക്കാർ സ്ഥാപനങ്ങളിലും വാഹനങ്ങൾ ചരക്കു നീക്കം നടത്തുന്നുണ്ടെന്നും ലോറി ഉടമകൾ പറയുന്നു.

Leave A Reply