ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പുതിയ മാറ്റവുമായി കേന്ദ്രസർക്കാർ

ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പുതിയ മാറ്റവുമായി കേന്ദ്രസർക്കാർ

ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പുതിയ മാറ്റവുമായി കേന്ദ്രസർക്കാർ. ജൂലൈ1 മുതലാണ് രാജ്യത്ത് പുതിയ നിയമം നിലവിൽ വരുന്നത്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് ആർ.ടി. ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ഒരാൾക്ക് ലൈസൻസ് ലഭിക്കാൻ അവസരമൊരുക്കുകയാണ്. അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയ്നിങ് സെന്ററുകളിൽനിന്ന് പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റുള്ളവർക്ക് ആർ.ടി. ഓഫീസുകളിൽനിന്ന് ലൈസൻസ് ലഭിക്കുന്നതാണ് പുതിയ ഉത്തരവ്. ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളുടെ മാനദണ്ഡങ്ങളും, പഠിപ്പിക്കേണ്ട വിഷയങ്ങളും സംബന്ധിച്ച വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

പരിശീലന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ ജൂലായ് ഒന്നു മുതൽ നിലവിൽവരും. സംസ്ഥാനത്ത് എത്ര പരിശീലന കേന്ദ്രങ്ങൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശീലനകേന്ദ്രങ്ങൾ തുടങ്ങാൻ സമതലപ്രദേശത്ത് രണ്ടേക്കറും മലയോരപ്രദേശത്ത് ഒരേക്കറും ഭൂമി വേണമെന്നാണ് വ്യവസ്ഥ. രണ്ട് ക്ലാസ് മുറിയും കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രോജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് എന്നിവയും വേണം. കയറ്റിറക്കമടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. പണിശാലയും നിർബന്ധമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് ജയിച്ചവരിൽ അഞ്ചുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് ഡ്രൈവിങ് പരിശീലനകേന്ദ്രം തുടങ്ങാൻ അനുമതി ലഭിക്കുക.

കേന്ദ്രം തുടങ്ങുന്ന വ്യക്തിക്കോ, ജീവനക്കാരനോ മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച സർട്ടിഫിക്കറ്റ് വേണം. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മുൻഗണനയുണ്ട്. കേന്ദ്രത്തിന്റെ അനുമതി അഞ്ചുകൊല്ലം കൂടുമ്പോൾ പുതുക്കണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗതവിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്രഅറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തിൽ തിയറിയിൽ എയ്ഡ്സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹനങ്ങളുടെ കേടുപാടുകൾ തീർക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുതിയ നിയമം മേൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ ഇല്ലാത്ത ചെറുകിട ഡ്രൈവിംഗ് സ്കൂളുകളെ തകർക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വലിയ മുടക്ക് മുതൽ നൽകാൻ ശേഷിയില്ലാത്ത സ്ഥാപനങ്ങൾ നിയമം വന്നാൽ അടച്ച് പൂട്ടേണ്ടിവരും.

Leave A Reply