വാഹന നിർമ്മാണ പ്ലാന്റുകളിൽ മുഴുവൻ സമയ പ്രവർത്തനം ആരംഭിക്കുവാൻ, വാഹന നിർമ്മാതാക്കളുടെ തീരുമാനം

വാഹന നിർമ്മാണ പ്ലാന്റുകളിൽ മുഴുവൻ സമയ പ്രവർത്തനം ആരംഭിക്കുവാൻ, വാഹന നിർമ്മാതാക്കളുടെ തീരുമാനം

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത്, തങ്ങളുടെ വാഹന നിർമ്മാണ പ്ലാന്റുകളിൽ മുഴുവൻസമയ പ്രവർത്തനം ആരംഭിക്കുവാൻ കമ്പനികളുടെ തീരുമാനം. പ്രമുഖ കമ്പനികളായ
റെനോ – നിസാൻ, ഹ്യുണ്ടായി മോട്ടോർ കമ്പനി, ഫോർഡ് മോട്ടോർ കമ്പനി എന്നിവയുടെ തമിഴ്നാട്ടിലെ പ്ലാന്റുകളിലാണ് മുഴുവൻ ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിക്കുന്നത്. കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യാവസായിക സ്ഥാപനങ്ങൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വാഹന നിർമാണ കമ്പനികളുടെ ഈ നീക്കം.

ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. എന്നാൽ, മേയ് മാസത്തിൽ പ്രതിദിനം 30,000-ത്തിൽ അധികം കേസ് റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ ഇത് 8000 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കയറ്റുമതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾക്കും, ഇത്തരം കമ്പനികളുടെ വിതരണക്കാർക്കും പൂർണ തോതിൽ പ്രവർത്തിക്കാമെന്നായിരുന്നു തമിഴ്നാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദേശം.

അതേ സമയം, വാഹന നിർമാണ ശാലകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തെക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വാഹന പ്ലാന്റുകളിൽ സുരക്ഷ ഉദ്യോഗസ്ഥർ സന്ദർശനം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ റെനോ – നിസാൻ മോട്ടോർ കമ്പനിയുടെ തമിഴ്നാട് പ്ലാന്റിലെ ജീവനക്കാരാണ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിർദേശിച്ചിട്ടുള്ള സമൂഹിക അകലം പ്ലാന്റിൽ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ ഉത്പാദനം നിർത്താൻ കോടതി ഇടപെടണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വിലയിരുത്താൻ കോടതി നിർദ്ദേശം നൽകിയത്.

Leave A Reply