180 ഏക്കറിൽ കൃഷിചെയ്യാനൊരുങ്ങി മാരാരിക്കുളം വടക്ക് കുടുംബശ്രീ

180 ഏക്കറിൽ കൃഷിചെയ്യാനൊരുങ്ങി മാരാരിക്കുളം വടക്ക് കുടുംബശ്രീ

ആലപ്പുഴ: 180 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഹരിതഗൃഹം പദ്ധതിയുമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 365 കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ ഉള്ള 4000 കുടുംബങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതി അടുത്തയാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് സി.ഡി.എസ്. ചെയർപേഴ്‌സൺ സുകന്യ സജിമോൻ പറഞ്ഞു.
പയർ, പാവൽ, പച്ചമുളക്, പടവലം, വെണ്ട, വെള്ളരി, പീച്ചിൽ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുക. വാർഡ് അടിസ്ഥാനത്തിൽ ചുരുങ്ങിയത് 10 ഏക്കർ വീതം തരിശു സ്ഥലം കണ്ടെത്തി ആകെ 180 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക ഗ്രൂപ്പുകൾക്ക് ആവശ്യമെങ്കിൽ ബാങ്കിൽ നിന്നും ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഇതിനോടകം പൂർത്തിയാക്കി.
പദ്ധതിയുടെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന ഗ്രൂപ്പുകളിൽ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 2500 രൂപയും പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 5000 രൂപയും സമ്മാനമായി നൽകും.
Leave A Reply