കർഷകർക്ക് കൈത്താങ്ങാകാൻ ഹ്രസ്വകാല വായ്പാപദ്ധതി; ആലപ്പുഴ ജില്ലയ്ക്ക് 110 കോടി രൂപ

കർഷകർക്ക് കൈത്താങ്ങാകാൻ ഹ്രസ്വകാല വായ്പാപദ്ധതി; ആലപ്പുഴ ജില്ലയ്ക്ക് 110 കോടി രൂപ

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് സമയബന്ധിതമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക ഹ്രസ്വകാല വായ്പാപദ്ധതി സ്‌പെഷൽ ലിക്വിഡിറ്റി ഫണ്ട് -2 നടപ്പാക്കുന്നു. ജില്ലയിൽ 110 കോടി രൂപ വായ്പയായി ലഭ്യമാക്കും.
നബാർഡ് മുഖേന റീജണൽ റൂറൽ ബാങ്കുകൾ, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയിലൂടെ കർഷകർക്ക് കാർഷിക പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്തുന്നതിനുള്ള വായ്പാ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന് 1870 കോടി രൂപയാണ് ഹ്രസ്വകാല വായ്പ നൽകുന്നതിനായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 1200 കോടി രൂപയാണ് ചെറുകിട നാമമാത്ര കർഷകരുടെ കാർഷിക പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കേരള ഗ്രാമീൺബാങ്ക് എന്നിവ മുഖേനയാണ് വായ്പ ലഭ്യമാകുന്നത്. ഒരു വർഷമാണ് വായ്പ കാലാവധി.
പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ മുഖേനയുള്ള വായ്പയ്ക്ക് 6.4 ശതമാനവും
കേരള ഗ്രാമീൺ ബാങ്ക് മുഖേനയുള്ള വായ്പകൾക്ക് 7 ശതമാനവുമാണ് പലിശ നിരക്ക്. കർഷകർക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നതിനും വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനും പഞ്ചായത്തുതലത്തിൽ കൃഷി ഓഫീസർ കൺവീനറായും പഞ്ചായത്തിലെ പരമാവധി സർവീസ് ഏരിയ വരുന്ന ബാങ്ക് മാനേജർ ചെയർമാനായും കമ്മിറ്റി രൂപീകരിക്കും.
നബാർഡ്, ലീഡ് ബാങ്ക് മാനേജർമാരുടെ സഹായത്തോടെ എസ് എൽ എഫ് -2 കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ പരിശീലന പരിപാടികൾ നടന്നു വരികയാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ. ആന്റണി അറിയിച്ചു.
Leave A Reply