രാമനാട്ടുകരയിലെ അപകട കാരണം അമിത വേഗത; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു

രാമനാട്ടുകരയിലെ അപകട കാരണം അമിത വേഗത; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു

കോഴിക്കോട്: രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായ അപകടം മിത വേഗത മൂലമാണെന്ന് പൊലീസ്.

കള്ളക്കടത്ത് സ്വര്‍ണത്തിനു വേണ്ടി പാഞ്ഞുണ്ടായ അമിത വേഗത മൂലമാണെന്നും പൊലീസ് കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്.

ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ട അഞ്ചംഗ സംഘം കൊടുവള്ളി സ്വദേശികളായ സ്വര്‍ണ കടത്ത് സംഘത്തിന് പിന്നാലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിന്തുടര്‍ന്നു. എന്നാല്‍ രാമനാട്ടുകരയില്‍ എത്തിയപ്പോള്‍ കൊടുവള്ളി സ്വദേശികള്‍ക്കായി വിദേശത്ത് നിന്നും എത്തിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിച്ചതായി ചെര്‍പ്പുളശ്ശേരി സംഘത്തിന് വിവരം ലഭിച്ചു.

ഇതോടെ രാമനാട്ടുകരയില്‍ നിന്നും വാഹനവുമായി തിരിച്ച്‌ വീണ്ടും എയര്‍ പോര്‍ട്ടിലേക്ക് അമിത വേഗതയില്‍ മടങ്ങും വഴിയായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ബോലേറോ പുളിച്ചോടിന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞ ശേഷമാണ് തമിഴ് നാട്ടില്‍ നിന്നും സിമന്റുമായി എത്തിയ ലോറിയില്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി ഇലട്രിക്ക് പോസ്റ്റില്‍ ഇടിക്കുക ആയിരുന്നു. വാഹനം മറിഞ്ഞത് മൂലമുണ്ടായ ക്ഷതമേറ്റാണ് അഞ്ച് പേരും മരിച്ചത്.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും മദ്യകുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടിലും അഞ്ച് പേര്‍ മദ്യപിച്ചിരുന്നതായിട്ടാണ് കണ്ടെത്തല്‍. കൂടുതല്‍ പരിശോധനയ്ക്കായി മരിച്ചവരുടെ അന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Leave A Reply