മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റ് പിടികൂടി

മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റ് പിടികൂടി

കാസർകോട്: മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ കണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ബേക്കൽ പാലക്കുന്നിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് ബേക്കൽ പൊലീസ് പിടികൂടിയത്. 35 ലിറ്ററിന്‍റെ 60 കന്നാസുകളിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.

മീൻവണ്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശികളായ  മുബാറക്ക്, ഇമ്രാൻ എന്നിവരെ അറസ്റ്റ് ചെയ്തു.  മംഗളുരുവിൽ നിന്നും കയറ്റിയ സ്പിരിറ്റ് കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്നായിരുന്നു കയറ്റി അയച്ചയാൾ കൊടുത്ത നിർദ്ദേശം. എന്നാൽ ഇരുവരും കണ്ണൂർ എത്തും മുമ്പ് ആരോ ഒറ്റിയിട്ടുണ്ടെന്നും അങ്ങോട്ട് പോകേണ്ടെന്നും ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് കണ്ണൂരിൽ നിന്ന് സ്പിരിറ്റുമായി മടങ്ങുമ്പോഴാണ് പാലക്കുന്നിൽ വച്ച് വണ്ടി തടഞ്ഞ് നിർത്തി ബേക്കൽ പൊലീസ് പിടികൂടിയത്.

മീൻ വിൽക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളതിനാൽ മീൻ വണ്ടികൾ അധികവും അതിർത്തിയിലോ മറ്റ് കേന്ദ്രങ്ങളിലോ പരിശോധിക്കുന്നത് കുറവാണ്. ഇത് മുതലെടുത്താണ് സംഘം സിപിരിറ്റ് കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Reply