ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പണം തട്ടിപ്പ്: ‘അശ്വതി അച്ചു’ ഒടുവിൽ കുടുങ്ങി

ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പണം തട്ടിപ്പ്: ‘അശ്വതി അച്ചു’ ഒടുവിൽ കുടുങ്ങി

കൊല്ലം: വ്യാജ പ്രൊഫൈലിലൂടെ യുവാക്കളെ ചാറ്റ് ചെയ്ത് വലയില്‍ വീഴ്ത്തി പണം തട്ടുന്ന ‘അശ്വതി അച്ചു’ ഒടുവിൽ കുടുങ്ങി.

കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയിലാണ് ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെ (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് വ്യാജ അക്കൌണ്ടുണ്ടാക്കി ഈ 32കാരി വിദഗ്ധമായി പണം തട്ടിയിരുന്നത്.

പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈൽ ചിത്രമായി നൽകിയത്. യുവാക്കളുമായി അടുത്തശേഷം ആശുപത്രി ചെലവ് ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും.  യുവാക്കൾ പണം നൽകാൻ തയ്യാറാകും.

പിന്നീട് അനുശ്രീ അനുവിന്‍റെ ബന്ധു എന്ന് പരിചയപ്പെടുത്തി അശ്വതി നേരിട്ടെത്തി യുവാക്കളിൽനിന്ന് പണം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. പണം നൽകി കഴിഞ്ഞാൽ പിന്നീട് യുവാക്കളെ മെസഞ്ചറിൽ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി. പിന്നീട് ഈ അക്കൌണ്ടിനെക്കുറിച്ചുള്ള പരാതി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ അശ്വതി ഉപയോഗിച്ചിരുന്ന പ്രൊഫൈല്‍ പിക്ചറിലെ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം നിയമനടപടിയിലേക്ക് നീങ്ങിയത്.

ആദ്യം യുവതികളുടെ പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ നടത്തിയ അന്വേഷണത്തിലാണ് ശൂരനാട് സ്വദേശിനിയായ അശ്വതിയാണ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അക്കൌണ്ട് സൃഷ്ടിച്ചതെന്ന് മനസിലായത്. തുടര്‍ന്ന് ശൂരനാട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നടപടി ഉണ്ടായത്.

Leave A Reply