തുണിക്കടയിലെ ജോലി നഷ്ടപ്പെട്ടപ്പോൾ ; സ്കൂട്ടറിൽ മീൻ വിൽപ്പന

തുണിക്കടയിലെ ജോലി നഷ്ടപ്പെട്ടപ്പോൾ ; സ്കൂട്ടറിൽ മീൻ വിൽപ്പന

കോവിഡ് [പ്രതിസന്ധിയിൽ തുണിക്കടയിലെ ജോലി നഷ്ടപ്പെട്ട വീട്ടമ്മ കുടുംബം നോക്കാൻ സ്കൂട്ടറിൽ മീൻ വിൽപ്പന നടത്തുന്നു. ഹോട്ടൽ ജോലിക്കാരനായ ഭർത്താവിന്റെ ജോലിയും നഷ്ടമായ സാഹചര്യത്തിലാണ് ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ എസ്.ബിന്ദു( 44) പെരിങ്ങമ്മലയിൽ രാവിലെയും വൈകിട്ടും മത്സ്യ വിൽപന തുടങ്ങിയത്.

ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായ മകളുടെയും ഐടിഐ വിദ്യാർഥിയായ മകന്റെയും വിദ്യാഭ്യാസ ചെലവുകളും വീട്ടുകാര്യങ്ങളും ഇതിലൂടെ നടക്കുന്നു. അർബുദ രോഗിയായ അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്തുന്നു. 10 വർഷമായി ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് ലോക്ഡൗൺ കാലത്ത് മീൻ വിൽപന എന്ന ആശയം ഉണ്ടായത്. ഇതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അച്ചാറും സാലഡും വിൽപന നടത്തി. കോവിഡ് വ്യാപനം കൂടിയതോടെ അവിടെ പ്രവേശനം ഇല്ലാതായി.

ആശുപത്രികളിൽ രോഗീപരിചരണവും നടത്തിയിരുന്നു. തുടർന്നാണ് മീൻ കച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യം വീട്ടിൽ എതിർപ്പുണ്ടായെങ്കിലും മക്കളുടെ പിന്തുണ ലഭിച്ചതോടെ മുന്നോട്ടു പോയി. 18 കാരനായ മകൻ‌ അശ്വിനുമൊത്ത് നേരം വെളുക്കുന്നതിന് മുൻപ് തീരതതെത്തി മീൻ എടുക്കും. ആദ്യം 600 രൂപയ്ക്ക് എടുത്ത മീൻ 900 രൂപയ്ക്ക് വിറ്റതോടെ ആവേശമായി. തുടർന്നു വിൽപന വിപുലമാക്കി. പലപ്പോഴും നഷ്ടവും ഉണ്ടാവാറുണ്ടെന്ന് ബിന്ദു പറയുന്നു. എന്നാലും മത്സ്യക്കച്ചവടം തുടരാനുള്ള തീരുമാനത്തിലാണ് ഈ വീട്ടമ്മ.

Leave A Reply
error: Content is protected !!