കെ സുരേന്ദ്രന് ഭീഷണി: ബിജെപിയിൽ എം. ഗണേശൻറെ പുതിയ ഗ്രൂപ്പ്

കെ സുരേന്ദ്രന് ഭീഷണി: ബിജെപിയിൽ എം. ഗണേശൻറെ പുതിയ ഗ്രൂപ്പ്

പാർട്ടിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമംതുടരുന്ന ബി.ജെ.പി.യിൽ പുതിയൊരു ഗ്രൂപ്പുണ്ടാകുന്നു . തങ്ങളെ എതിർക്കുന്നവരെ കൂടെക്കൂട്ടി പാർട്ടി ഒറ്റക്കെട്ടാണെന്നു വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇതിനിടെയാണ് സംഘടനാ സെക്രട്ടറി എം. ഗണേശനെ അനുകൂലിക്കുന്നവർ മറ്റൊരു ഗ്രൂപ്പായി മാറുന്നത്.

സംസ്ഥാനത്തെ വിഷയങ്ങൾ ചർച്ചചെയ്യാൻ സുരേന്ദ്രൻ ഡൽഹിയിൽ പോയപ്പോഴാണ് മറ്റുപ്രധാന നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ചർച്ചനടത്തിയത് . പാർട്ടി പ്രതിരോധനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച .

പാർട്ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ തടയാൻ ഔദ്യോഗിക പക്ഷത്തെ എതിർക്കുന്ന പ്രധാനനേതാക്കൾ തന്നെ വരുംദിവസങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നാണറിയുന്നത് . വിഷയത്തിൽ സുരേന്ദ്രൻതന്നെ ഓരോ നേതാക്കളെയും നേരിട്ടുവിളിച്ചു സംസാരിച്ചതായാണ് വിവരം.

കുഴൽപ്പണക്കേസിൽ കാര്യമില്ലെന്ന നിലപാടിലാണ് എതിർക്കുന്ന നേതാക്കളെല്ലാം. ഗ്രൂപ്പുകൾക്ക് അതീതനായ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് പാർട്ടിക്ക്‌ കവചമൊരുക്കുന്നതിന്റെ നേതൃസ്ഥാനത്ത്.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. പ്രതിനിധികൂടിയായ എം. ഗണേശിനെ ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിച്ചത് സംഘപരിവാർ സംഘടനകൾ ഗൗരവമായാണ് കാണുന്നത്. കുഴൽപ്പണത്തിലെ അന്വേഷണത്തെക്കാൾ പാർട്ടിയുടെ കൂടുതൽ ശ്രദ്ധയിപ്പോൾ മഞ്ചേശ്വരത്ത് സുന്ദരയുടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നതിലാണ്.

അത് ബോധപൂർവമെന്ന വിലയിരുത്തലാണ് പാർട്ടിക്കും ആർ.എസ്.എസിനുമുള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും ഉൾപ്പെട്ട ഔദ്യോഗികപക്ഷം, മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ എന്നീ രണ്ടുപ്രബല വിഭാഗങ്ങളാണ് ഇപ്പോൾ പാർട്ടിയിലുള്ളത്.

കെ. സുരേന്ദ്രനു സ്ഥാനം നഷ്ടപ്പെട്ടാൽ പകരം പ്രസിഡന്റിനായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പാർട്ടിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വിവരങ്ങൾ ചോരുന്നുവെന്നും ചുമതലക്കാരിൽ ചിലരെ മാറ്റണമെന്നും നേരത്തേ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു .

Leave A Reply
error: Content is protected !!