ഒരു വർഷം പിന്നിട്ട് കൂടുതൽ ശക്തമായി ഇ-സഞ്ജീവനി; സേവനം നൽകുന്നത് 2423 ഡോക്ടർമാർ

ഒരു വർഷം പിന്നിട്ട് കൂടുതൽ ശക്തമായി ഇ-സഞ്ജീവനി; സേവനം നൽകുന്നത് 2423 ഡോക്ടർമാർ

തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയിൽ പുതിയ അധ്യായം രചിച്ച സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഒരു വർഷം തികച്ചിരിക്കുകയാണ്. 2020 ജൂൺ 10ന് കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഇ-സഞ്ജീവിനി ടെലി മെഡിസിൻ സേവനങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ വലിയ നേട്ടങ്ങളുമായാണ് മുന്നേറുന്നത്. ജനറൽ ഒപിയും, കോവിഡ് ഒപിയും കൂടാതെ വിവിധ തരം സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോൾ ലഭ്യമാണ്.

ഒരു വർഷം വിജയകരമായി പൂർത്തീകരിച്ച ഇ സഞ്ജീവനി ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 2423 ഡോക്ടർമാരാണ് ഇ-സഞ്ജീവനിയിൽ സേവനം നൽകി വരുന്നത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 1500 മുതൽ 2000 ആളുകൾ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. കാത്തിരിപ്പ് സമയം പരമാവധി കുറക്കാൻ പുതിയ സംവിധാനം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും ഇ-സഞ്ജീവനി തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാം.

ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന സ്‌പെഷ്യാലിറ്റി ഒപികൾ വിവിധ ജില്ലകളിൽ നിന്നും ആരംഭിച്ചിട്ടുമുണ്ട്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങൾ ഇത്തരത്തിൽ നൽകുന്നുണ്ട്. കൂടാതെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകി വരുന്നു. കോവിഡ് ഒ.പി സേവനം ഇപ്പോൾ 24 മണിക്കൂറും ലഭ്യമാണ്.

ഇ-സഞ്ജീവനി സേവനങ്ങളിൽ മറ്റൊരു നാഴികക്കല്ലാണ് ജയിലിലെ അന്തേവാസികൾക്കും, വൃദ്ധസദനങ്ങൾ, മറ്റ് അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും തുടർ ചികിത്സയെക്കുറിച്ചും കൂടാതെ വളർച്ച മുരടിപ്പും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഓൺലൈൻ വഴി പരിഹാരം തേടാൻ കഴിയുന്ന ഡി.ഇ.ഐ.സി. ഒ.പി., കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും സേവനം തേടാവുന്ന കൗമാര ക്ലിനിക്ക് എന്നിവയും പ്രവർത്തിക്കുന്നു.

സർക്കാർ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ, ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗൺസിലർമാർ എന്നിവർ ചേർന്നാണ് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നത്. ഇ-സഞ്ജീവനി സേവനങ്ങൾ ഇപ്പോൾ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ജനങ്ങളിൽ കൂടുതലായി എത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

Leave A Reply
error: Content is protected !!