ലഹരി വിമുക്ത സമൂഹം- കര്‍മ്മ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്

ലഹരി വിമുക്ത സമൂഹം- കര്‍മ്മ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്

കോഴിക്കോട്:    സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ആവിഷ്‌കരിച്ച ‘നശാ മുക്ത് ഭാരത് ‘ ( ലഹരി വിമുക്ത ഭാരതം ) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് റിസോഴ്സ് ടീം രൂപവല്‍ക്കരിക്കും.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, നാഷണല്‍ സര്‍വീസ് സ്‌കീം, നെഹ്റു യുവകേന്ദ്ര തുടങ്ങിയ സംവിധാനങ്ങളില്‍ നിന്നുള്ള സന്നദ്ധസേവകരുടെ സേവനം പ്രയോജനപ്പെടുത്തും. ഇവര്‍ക്ക് വിദഗ്ദ്ധര്‍ പരിശീലനം നല്‍കും. സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പിടിഎ അംഗങ്ങള്‍, ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കും.

പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് പോലീസ്, ആരോഗ്യവകുപ്പ് , എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും. ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗം കൂടുതലായി നടക്കുന്ന ഇടങ്ങള്‍ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ ലഹരി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കുകയും ചെയ്യും.

വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, പ്രസംഗം, പോസ്റ്റര്‍ രചന തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്ന വിധത്തില്‍ സെമിനാറുകളും സംഘടിപ്പിക്കും. മദ്യത്തിനും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെടുന്നവരെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കാനും കൗണ്‍സലിങ്ങിനുള്ള സൗകര്യം ഒരുക്കാനും കര്‍മ്മ പദ്ധതി ലക്ഷ്യമിടുന്നു.

‘നശാമുക്ത് ഭാരത് അഭിയാന്‍’ നടപ്പിലാക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്ന രാജ്യത്തെ 272 ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. കര്‍മ്മ പദ്ധതി അംഗീകരിക്കാന്‍ ചേര്‍ന്ന ജില്ലാതല നശാ മുക്ത് കാമ്പയിന്‍ കമ്മറ്റി യോഗത്തില്‍ സബ് കളക്ടര്‍ പ്രിയങ്ക ജി. അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷൈജല്‍, കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക്സ് വിഭാഗം ഡി.വൈ.എസ്. പി.സുന്ദരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സി.ഗീത, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് സുരേഷ് കുമാര്‍, ഹയര്‍ എജ്യുക്കേഷന്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ആര്‍.നിഖിലേഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്റഫ് കാവില്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!