ഗോശ്രീ ദ്വീപുകളിലെ യാത്രാക്ലേശം: ഉടൻ പരിഹാരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

ഗോശ്രീ ദ്വീപുകളിലെ യാത്രാക്ലേശം: ഉടൻ പരിഹാരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

വൈപ്പിൻ: വൈപ്പിൻ- ഗോശ്രീ ദ്വീപിലെ യാത്രാക്ലേശം നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിച്ച് പരിഹാരം ഉറപ്പാക്കി വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണിക്കൃഷ്ണൻ . നിശ്ചിത എണ്ണം സ്വകാര്യബസുകൾക്ക് എറണാകുളം നഗരത്തിൽ പ്രവേശനം അനുവദിച്ചും കെ എസ് ആർ ടി സി സർവീസുകളുടെ എണ്ണം കൂട്ടിയും ദ്വീപ് ജനത 17 വർഷമായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിവരുത്തണമെന്നു എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനനുസരിച്ചു യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സബ്‌മിഷന് മറുപടിയായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു .
വൈപ്പിൻ ഗോശ്രീ ദ്വീപ് സമൂഹത്തിന്റെ തനത് പ്രത്യേക സാഹചര്യങ്ങളും ചരിത്രവും വ്യക്തമാക്കിക്കൊണ്ട് വിഷയത്തിന്റെ ഗൗരവം പൂർണ്ണമായും ബോധ്യപ്പെടുത്തിയ സബ്‌മിഷനിൽ നവോത്ഥാനനായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ തിരു-കൊച്ചി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ മുതൽ വച്ചുപുലർത്തിയ സ്വപ്‌നമാണ് ദ്വീപ് ജനതയുടെ സുഗമമായ സഞ്ചാരസൗകര്യങ്ങളെന്നതും കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ ചൂണ്ടിക്കാട്ടി. ഇരുന്നൂറോളം ബസുകൾക്കു വൈപ്പിനിൽനിന്ന് എറണാകുളം ഹൈക്കോടതി ജംഗ്‌ഷൻ വരെമാത്രം സർവ്വീസ് നടത്തി മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത് .
ജില്ല കളക്റ്ററേറ്റ്, കൊച്ചി താലൂക്ക് ഓഫീസ്, ജില്ല ആശുപത്രി, ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികൾ, പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങൾ , വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിവിധ തൊഴിലിടങ്ങൾ എന്നിങ്ങനെ നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവരും വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, അന്താരാഷ്‌ട്ര തീർത്ഥാടനകേന്ദ്രം, എൽ എൻ ജി പദ്ധതി, തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ഗോശ്രീ ദ്വീപുകളിലേക്ക് യാത്ര ചെയ്യേണ്ടവരും രണ്ടും മൂന്നും ബസുകൾ മാറി കയറിയിറങ്ങേണ്ട സ്ഥിതിയാണ് .
ജനങ്ങളുടെ യാത്രാദുരിതവും സമയ നഷ്‌ടവും ധനനഷ്‌ടവും ഇല്ലാതാക്കാൻ വൈപ്പിൻ കരയിലെ കെ എസ് ആർ ടി സി ബസുകൾക്കും നിശ്ചിത എണ്ണം സ്വകാര്യ ബസുകൾക്കും നഗരപ്രവേശം അനുവദിക്കണം . കെ എസ് ആർ ടി സി ബസുകളുടെ എണ്ണം കൂട്ടണം. വോൾവോ ഉൾപ്പെടെ കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവ്വീസുകൾ മണ്ഡലത്തിന് അനുവദിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അവസാനിച്ച് കെ എസ് ആർ ടി സി സർവ്വീസുകൾ പുനാരാരംഭിക്കുന്നതിനനുസൃതം ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ നിലയ്ക്ക് സർവ്വീസുകൾ പുനഃക്രമീകരിച്ച് യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം ഗോശ്രീ ദ്വീപുകളിൽ നിന്നും എറണാകുളം നഗരത്തിലേക്ക് ഉടൻ സർവ്വീസ് അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ ദേശസാത്‌കൃത സ്‌കീമുകൾ നിലവിലുള്ളതിനാൽ ഗോശ്രീ ദ്വീപുകളിൽ നിന്ന് നഗരത്തിലേക്ക് ബസുകൾ കടന്നുവരുന്നതിന് നിയന്ത്രണങ്ങൾ നിലവിലുണ്ട്. സ്വകാര്യ ബസുകൾക്ക് നഗരത്തിലേക്ക് പുതിയ പെർമിറ്റ് നൽകുന്നതിനോ നിലവിലുള്ള പെർമിറ്റുകൾക്ക് റൂട്ട് വ്യതിയാനം അനുവദിക്കുന്നതിനോ നിയമപരമായി കഴിയില്ലെന്നും മന്ത്രി പറഞ്ഞു .
Leave A Reply
error: Content is protected !!