ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂലമായ മാറ്റമുണ്ടാവണം; സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസ്

ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂലമായ മാറ്റമുണ്ടാവണം; സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാനത്ത്  ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാവണമെന്നും മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട്.

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം മാറ്റിയതു കൊണ്ട് ബിജെപിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. സംഘടനാ തലത്തിൽ സമൂലമായ മാറ്റമുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗ്രൂപ്പ് പ്രശ്നം പാർട്ടിയിൽ ഉണ്ടെങ്കിലും അത് പാർട്ടി താൽപര്യങ്ങൾക്ക് അതീതമാവരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടകര കുഴൽപണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങൾ എന്നിവയെല്ലാം ഉയർന്ന സാഹചര്യത്തിൽ രണ്ടാമതൊരു റിപ്പോർട്ട് കൂടെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജേക്കബ് തോമസിന് പുറമെ സി.വി. ആനന്ദബോസും പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി.യിൽ നേതൃമാറ്റം വേണമെന്നും ബൂത്തു തലംമുതൽ പാർട്ടി അഴിച്ചുപണിയണമെന്നുമാണ് ആനന്ദബോസ് ശുപാർശ ചെയ്തിട്ടുള്ളത്.

സംസ്ഥാന നേതൃത്വത്തോട് പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും താത്‌പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതിൽ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് തുടങ്ങിയവരെ വെവ്വേറെ നിയോഗിച്ചത്.

Leave A Reply
error: Content is protected !!