വരുമാനം നിലച്ചുപോയവരുടെ ദീനരോദനം ദാരിദ്ര്യത്തിൻറെ ചില കാണാപ്പുറങ്ങൾ

വരുമാനം നിലച്ചുപോയവരുടെ ദീനരോദനം ദാരിദ്ര്യത്തിൻറെ ചില കാണാപ്പുറങ്ങൾ

ടി ഷാഹുൽ ഹമീദ്‌

ടി ഷാഹുൽ ഹമീദ്‌

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. ആരോഗ്യമേഖലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് മഹാമാരി.
തരംഗങ്ങളിലൂടെ വ്യാപ്തി നേടി മനുഷ്യന്റെ സർവ്വ പ്രവർത്തനങ്ങൾക്കും വിലങ്ങുതടിയായി നിൽക്കുന്ന കോവിഡ് ദാരിദ്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കൂട്ടം വല്ലായ്മ യുടെയും ഇല്ലായ്മയുടെയും ഒത്തുചേരലാണ് ദാരിദ്ര്യം എന്ന പതിവ് നിർവ്വചനം മാറ്റേണ്ട സാഹചര്യം സമാഗതമായിരുന്നു ,കോവിഡ് എന്ന മഹാമാരി ആണ് ദാരിദ്ര്യം എന്ന് മാറ്റി പറയേണ്ടി വരുന്ന വസ്തുതകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് . ബഹുമുഖമായ ദാരിദ്ര്യത്തിന് ഇന്ന് ഏക മുഖമാണ് മനുഷ്യൻ എന്ന നിലയിൽ ഏറ്റവും വലിയ അപമാനമാണ് ദാരിദ്ര്യം.

അത് അതിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിച്ചേരാൻ കൊവിഡ് കാരണമായി.
ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കുറ്റം കൊണ്ടല്ല ദരിദ്രൻ ആകുന്നത്. മറിച്ച് കോവിഡ് കാരണമാണ് എന്ന് ആധുനിക സംഭവവികാസങ്ങൾ നമ്മെ വിളിച്ചോതുന്നു.ആധുനിക ധന തത്വ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായപ്രകാരം ദാരിദ്ര്യത്തിന്റെ സാന്നിധ്യം ഒരു പൊരുത്തക്കേടിനെയാണ് കാണിക്കുന്നത്.

അതിന്റെ നിധാനം കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളാണ്. ഇന്ത്യയിൽ 30% മധ്യവർഗ്ഗ ജനങ്ങളുടെ ജീവിതനിലവാരത്തിൽ നേടിയ പുരോഗതി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചിരുന്നു. ജനസംഖ്യയിൽ ഏറ്റവും മുകളിലുള്ള 10 % വമ്പിച്ച പുരോഗതി കൈവരിച്ചപ്പോൾ ഏറ്റവും താഴെത്തട്ടിലുള്ള 60% ജനങ്ങളുടെ ജീവിതം അതീവ ദുസ്സഹമാക്കുകയാണ് കോവിഡ് ചെയ്തത്. കോവിഡ് ആരെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാം. നിലവിൽ ദാരിദ്ര്യത്തെ വിഭജിക്കുന്നത് ദരിദ്രരും അതിദരിദ്രരും എന്നാണ് എന്നാൽ കോവിഡ് കാലത്ത് ദാരിദ്ര്യം അനുഭവിക്കുന്നവർ വളരെ പെട്ടെന്ന് അതിദരിദ്രർ ആകുന്നു.

നിലവിൽ ദാരിദ്ര്യത്തെ അളക്കുന്ന അളവുകോലുകൾ ഉപയോഗിച്ച് കൊവിഡ് കാലത്തെ ദരിദ്രരെ അളക്കുവാൻ സാധിക്കുകയില്ല, വരുമാനം പൂർണമായും നിലച്ചു പോയവരുടെ ദീനരോദനങ്ങൾ അളക്കുവാനുള്ള പുതിയ അളവുകോൽ വികസിപ്പിക്കേണ്ടിവരും. പണ്ടുകാലത്ത് ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്ന വരെ മുൻകൂട്ടി നിശ്ചയിക്കാമായിരുന്നു എന്നാൽ ഇപ്പോൾ ആര് വേണമെങ്കിലും ദാരിദ്ര്യത്തിലേക്ക് വീഴാം. കോവിഡ് വന്ന് സുഖം പ്രാപിച്ചവർ പോലും കോവിഡ് ശരീരത്തിൽ അവശേഷിപ്പിച്ച പ്രശ്നങ്ങളുടെ ചുഴിയിൽ അകപ്പെട്ട് ചക്ര ശ്വാസം വലിക്കുകയാണ് .മനുഷ്യന്റെ ഭക്ഷണം, പാർപ്പിടം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ട ദാരിദ്ര്യം അതിജീവനത്തിന്റെ ചുറ്റുവട്ടത്താണ് ഉണ്ടായിരുന്നത് എങ്കിൽ ജീവിതത്തിലെ സമസ്ത മേഖലയും വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കോവിഡ് കാലത്ത് നാം കാണുന്നത്.

ഓക്സ്ഫാർമിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 73% സമ്പത്തും ജനസംഖ്യയുടെ 1% പേർ സ്വന്തമാക്കുമ്പോൾ പഴഞ്ചൻ നീതി ശാസ്ത്രത്തിലെ അളവുകോലായ ദിവസവരുമാനം, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, വാങ്ങൽ ശക്തി എന്നീ ഘടകങ്ങൾ അപ്രസക്തമാക്കുകയും വലിയ വിഭാഗത്തിൽ കോവിഡ് ഉണ്ടാക്കിയ ആഘാത പഠനം നടത്തിയതിനുശേഷം അളവുകോൽ പുനർനിർണയിക്കുകയും ചെയ്യണ്ടതായി വരും . നിശ്ചിത വരുമാനം ഇല്ലാത്തവർ ദരിദ്രരാണ് എന്ന് വിവക്ഷക്ക് വരുമാനം തന്നെ പൂർണമായും നിലച്ചു പോയവർ ഏത് ഗണത്തിൽ വരുമെന്നത് ഭരണാധികാരികൾ പുനർനിർണയം നടത്തേണ്ടവസ്ഥയിലാണ്.

കോവിഡ് കാലം പല വൈരുധ്യങ്ങളും വിളിച്ചോതുന്നു, ലോകത്തെ ഭക്ഷ്യോത്പാദന രംഗത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയിൽ ആണ് ലോകത്തെ പോഷകാഹാരം ലഭിക്കാത്തവർ ഏറ്റവും കൂടുതൽ ഉള്ളത് എന്നത് കോവിഡ് കാലത്തെ വൈരുദ്ധ്യമാണ്.

കോവിഡ് കാലത്ത് മുഴുവൻ വരുമാനവും നഷ്ടപ്പെട്ടവരിൽ 47%വും സ്ത്രീകളാണ്. 1952 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചനിരക്ക് രാജ്യം രേഖപ്പെടുത്തിയ കാലം, ഏഷ്യയിലെ സമ്പത്ത് വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 1952 നുശേഷം നേരിടുന്ന വലിയ വെല്ലുവിളിയാണ് നാം ഇപ്പോൾ ഉള്ളത്‌. ലോക സമ്പദ് വ്യവസ്ഥയെ തരിപ്പണമാക്കിയാണ് കോവിഡ് കടന്നുപോകുന്നത്. ജോലി,കൂലി ജീവനോപാധി എന്നിവ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ലോകജനസംഖ്യയിലെ 17.7 % അധിവസിക്കുന്ന ഇന്ത്യയിൽ 13.3 % മുതൽ 14.7% ദാരിദ്ര്യം വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 45 വർഷത്തിനുശേഷം ഇന്ത്യയിൽ കൊടിയ ദാരിദ്ര്യം പിടിമുറുക്കുകയാണ്.

കുറഞ്ഞ ജീവിതസൗകര്യമുള്ളവർ കടുത്ത പ്രയാസത്തിലാണ്. അടച്ചുപൂട്ടൽ ഇടിത്തീയായി ആണ് അവരിൽ പതിച്ചത് . ഇന്ത്യ സമ്പന്ന രാജ്യം അതിൽ വസിക്കുന്നവർ ദരിദ്രർ എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കോവിഡാനന്തര ഇന്ത്യയുടെ അവസ്ഥ.

2011 -19 കാലത്ത് രാജ്യത്ത് ദാരിദ്ര്യത്തിന്റെ തോത്‌ കുറയുന്ന ഒരു ഘട്ടത്തിലാണ് ,വലിയ രീതിയിൽ ദാരിദ്ര്യം വർധിപ്പിക്കാനുതകുന്ന കോവിഡിന്റെ വരവ്.
നാല് ദശാബ്ദത്തിനു ശേഷം തൊഴിലില്ലായ്മ വർദ്ധിച്ചു.മധ്യവർഗത്തിൽ ദാരിദ്ര്യം വലിയ രീതിയിൽ പടരുന്നു. 50% ആളുകളെ ദാരിദ്ര്യത്തിന് തൊട്ടടുത്താണ് കോവിഡ് കൊണ്ടെത്തിച്ചത്.PEW റിസർച്ച് സെന്ററിന്റെ പഠനപ്രകാരം ഇന്ത്യയിൽ മധ്യവർഗത്തിൽ നിന്ന് 30 ശതമാനം പേർ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴും. ചൈനയിൽ മധ്യവർഗത്തിലെ വരുമാനം 2 ശതമാനം കുറയുമ്പോൾ ഇന്ത്യയിൽ അത് 30 ശതമാനം കുറയും .ലോകത്ത് ദാരിദ്ര്യം വർധിക്കുന്നതിൽ കൊവിഡ് കാലത്ത് 60% വർധനയാണ് ഇന്ത്യയിൽ ഉണ്ടാകുക എന്നാണ് പഠനം തെളിയിക്കുന്നത്.

അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ പ്രകാരം ഗ്രാമീണ മേഖലയിൽ 15 % ഉം നഗര മേഖലയിൽ 20 % ദാരിദ്ര്യം കോവിഡ് കാരണം വർദ്ധിച്ചു. അനൂപ് സാത്ത്പതി കമ്മിറ്റി പ്രകാരം ഇന്ത്യയിൽ മിനിമം വേതനം 375 രൂപയാണ് എന്നാൽ ഈ മിനിമം വേതനം 375 രൂപ പ്രതിദിനം ലഭിക്കാത്തവർ 230 മില്യൻ ജനങ്ങളാണ് രാജ്യത്ത് ഉള്ളത് എന്നത് കോ വിഡ് കാലത്തെ ഭീകരമായ അവസ്ഥയെ വിളിച്ചോതുന്നു.

അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യം ഇല്ലാതാക്കി അതി ദാരിദ്ര്യം ഉന്മൂലനം ചെയ്യുവാൻ തീരുമാനിച്ച സർക്കാരിനു മുന്നിൽ വലിയ കടമ്പയാണ് കോവിഡാനന്തര ദാരിദ്ര്യനിർമാർജന പ്രവർത്തനം.

ഷാഹുൽ ഹമീദ്- 9895043496

Leave A Reply
error: Content is protected !!