കേരളത്തിൽ കോൺഗ്രസ്സിന്റെ മുഖ്യ ശത്രു ആര് : തർക്കം മൂക്കുന്നു

കേരളത്തിൽ കോൺഗ്രസ്സിന്റെ മുഖ്യ ശത്രു ആര് : തർക്കം മൂക്കുന്നു

സംസ്ഥാനത്ത് ആരാണ്‌ മുഖ്യശത്രു എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായഭിന്നത .
പുതുതായി വന്ന കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന് ഒരഭിപ്രായവും മറ്റുള്ളവർക്ക് ഭിന്നാഭിപ്രായവുമാണുള്ളത് .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാനകാരണമായി പാര്‍ട്ടി വിലയിരുത്തുന്നത്‌ ന്യൂനപക്ഷങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയാണ്‌. അത്‌ തിരിച്ചുപിടിക്കാനുള്ള നീക്കം വേണമെന്നാണു പ്രധാന അഭിപ്രായം.

ഇതിന്റെ ഭാഗമായാണ്‌, ബി.ജെ.പിക്കെതിരേ ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ വ്യക്‌തമാക്കിയത്‌. എന്നാല്‍ ബി.ജെ.പിയല്ല, സി.പി.എമ്മാണ്‌ മുഖ്യശത്രുവെന്ന നിലപാടാണ്‌ സുധാകരന്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്‌.

കേരളത്തില്‍ ബി.ജെ.പി. ഒരു ശക്‌തിയല്ലെന്നും അവര്‍ക്ക്‌ ഉയര്‍ന്നുവരാന്‍ കഴിയില്ലെന്നും അതേസമയം സി.പി.എമ്മിന്റെ ഫാസിസത്തിനെതിരെയുള്ള നിലപാട്‌ കടുപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ അംഗീകരിക്കുന്നില്ല. സി.പി.എമ്മിനെ നേരിടേണ്ടതില്ലെന്ന്‌ അവര്‍ പറയുന്നില്ല.

എന്നാല്‍ ബി.ജെ.പിക്കും സംഘപരിവാറിനുമെതിരായ പോരാട്ടത്തിന് ഊന്നല്‍ നല്‍കണമെന്നാണ് അവരുടെ നിലപാട് . ബി.ജെ.പിയുടെ കാര്യത്തില്‍ ഏറെ ആശങ്കയുള്ളവരാണ്‌ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ശക്‌തിയോ ദൗര്‍ബല്യമോ അല്ല, അവര്‍ക്കെതിരായി ആര്‌, എന്ത്‌ നിലപാട്‌ സ്വീകരിക്കുന്നുവെന്നതാണു പ്രധാനം.

തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും മുസ്ലീം വിഭാഗങ്ങള്‍ ശക്‌തമായി ഇടതുമുന്നണിയെ പിന്തുണച്ചത്‌ ബി.ജെ.പി. വിരുദ്ധ നിലപാട്‌ മൂലമാണെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്‌ ബി.ജെ.പിയുമായി ചായ്‌വുണ്ടെന്ന പ്രചാരണം സി.പി.എം. നടത്തുന്നുണ്ട്‌.

സുധാകരന്റെ നിലപാട്‌ ഈ തരത്തിലാണ്‌ മുന്നോട്ടുപോകുന്നതെങ്കില്‍ അതു സി.പി.എമ്മിന്റെ പ്രചാരണത്തിന്‌ കരുത്തുപകരുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം സുധാകരന്റെ വരവ്‌ പാര്‍ട്ടിക്കു പുത്തന്‍ ഊര്‍ജം നല്‍കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അണികള്‍ക്ക്‌ ആവേശം പകരാന്‍ കഴിയുന്ന നേതാവാണ്‌ സുധാകരന്‍. അതോടൊപ്പം നയപരമായ നിലപാടുകൂടി അദ്ദേഹം മാറ്റിയാല്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്‌ എളുപ്പമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2016 മുതല്‍ കോണ്‍ഗ്രസിനെ വിട്ടകന്ന മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച്‌ മുസ്ലിംവിഭാഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിൽ വ്യക്തമായ അജണ്ട വേണം . ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എല്ലാവരും അംഗീകരിക്കുന്ന വ്യക്‌തമായ ഒരു നയം അനിവാര്യമാണെന്നാണ്‌ പൊതു അഭിപ്രായം.

അതേസമയം ആരോടും ചര്‍ച്ച ചെയ്യാതെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പാണ് . പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചു. അതിന് പേരിന് വേണ്ടി അഭിപ്രായം തേടി.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. മാത്രമല്ല, പുതിയതായി പ്രഖ്യാപിച്ച മൂന്ന് പേരും എ ഗ്രൂപ്പിന്റ ഭാഗമാണ്. ഇതാണ് ഐ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോട് ചോദിക്കുക പോലും ചെയ്യാതെ തീരുമാനമെടുത്തിതില്‍ ഹൈക്കമാന്‍ഡിനെ ശക്തമായി പ്രതിഷേധം അറിയിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റ നിലപാട്.

ഗ്രൂപ്പല്ല, സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് വ്യക്തം. നിയമിച്ച രണ്ടു പേരും എ ഗ്രൂപ്പിന്റ ഭാഗമാണെങ്കിലും വക്താക്കളല്ല, അതുകൊണ്ടുതന്നെ സുധാകരന് മേല്‍ ഒരു നിയന്ത്രണം കൊണ്ടുവരനാണ് പി ടി തോമസിനെ വര്‍ക്കിങ് പ്രസിഡന്റാക്കിയതെന്ന പ്രചാരണവുമുണ്ട്.

രമേശ് ചെന്നിത്തല അടക്കമുള്ളവരെ സുധാകരന്‍ നേരിട്ട് കണ്ട് പിന്തുണ അഭ്യര്‍ഥിച്ചെങ്കിലും പൂര്‍ണമായും മഞ്ഞുരുകിയിട്ടില്ല. ഭിന്നതകള്‍ പരമാവധി പരിഹരിച്ചശേഷം നല്ലദിവസം നോക്കി അധ്യക്ഷസ്ഥാനം ഏറ്റെടുത്താല്‍ മതിയെന്നാണ് സുധാകരന്റ തീരുമാനം.

ഒരുകണക്കിന് നോക്കിയാൽ പ്രതിപക്ഷ നേതൃ സ്ഥാനവും കെ പി സി സി പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിനാണ് , ഇനി വരാൻ പോകുന്ന യു ഡി എഫ് കൺവീനർ കെ മുരളീധരൻ ആണെങ്കിൽ അതും ഐ ഗ്രൂപ്പ് ആണ് . അതുകൊണ്ട് ആയിരിക്കണം വർക്കിങ് പ്രസിഡന്റ് മൂന്നും എ ഗ്രൂപ്പിന് നൽകിയത് .

Leave A Reply
error: Content is protected !!