കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ അടുത്ത നീക്കം ?

കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ അടുത്ത നീക്കം ?

കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത നീക്കത്തില്‍ ആകാംക്ഷയോടെ വീക്ഷിക്കുകയാണ് സി.പി.എമ്മും രാഷ്ട്രീയ കേരളവും . വാക്കുകൊണ്ടും നോക്കുകൊണ്ടും തങ്ങളുടെ സംഘടനാ കരുത്തിനെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള നേതാവാണ്‌ കെ. സുധാകരനെന്ന്‌ സി.പി.എമ്മിനറിയാം.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്‌ട്രീയ ജീവിതം തുടങ്ങിയ അതേ ബ്രണ്ണന്‍ കോളജിലായിരുന്നു സുധാകരന്റെയും കളരി. പിണറായിയുമായി കൈയാങ്കാളിയിലേക്കെത്തിയ സുധാകരന്റെ കഥകള്‍ പലപ്പോഴും സി.പി.എമ്മിനെതിരേ കോണ്‍ഗ്രസുകാര്‍ ആയുധമാക്കാറുണ്ട്‌.

കായികമായി പിണറായിയെ നേരിട്ട്‌ തറപറ്റിച്ച ഒരു സംഭവം പണ്ട് സുധാകരനും തുറന്നു പറഞ്ഞിരുന്നു.
പിന്നീടും സുധാകരനും സി.പി.എമ്മും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. 1993ല്‍ സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റു സി.പി.എം. പ്രവര്‍ത്തകന്‍ നാല്‌പാടി വാസു കൊല്ലപ്പെട്ടു.

സുധാകരനാണ്‌ വെടിവെച്ചതെന്ന്‌ സി.പി.എം ആരോപിച്ചു. കേസില്‍ പ്രതിയായെങ്കിലും ശിക്ഷിക്കപ്പെട്ടില്ല. പിന്നീട്‌ എം വി. രാഘവന്‍ കൂടി യു.ഡി.എഫ്‌. പാളയത്തിലെത്തിയതോടെ സുധാകരന്‍ വര്‍ധിതവീര്യനായി. കണ്ണൂര്‍ എ.കെ.ജി ആശുപത്രി ഭരണസമിതി പിടിച്ച്‌ സുധാകരന്‍ സി.പി.എമ്മിനെ ഞെട്ടിച്ചു.

സി.പി.എമ്മിന്റെയും ഡി.വൈ.എഫ്‌.ഐയുടെയും എസ്‌.എഫ്‌.ഐയുടെയും പ്രതിരോധം ഭേദിച്ച്‌ പരിയാരം സഹകരണ മെഡിക്കല്‍ കോളജിന്റെ ഉദ്‌ഘാടനം നടത്താന്‍ എം.വി.ആറിന്റെ വലം കൈയായി.

അതിന്‌ പിന്നാലെയാണ്‌ കേരള രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ച അക്രമക്കേസില്‍ സുധാകരന്‍ ആരോപണ വിധേയനാകുന്നത്‌. ഇ.പി ജയരാജനെ ട്രെയിനില്‍ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ സുധാകരന്‍ പ്രതിയായി.

എന്നാല്‍ ഈ കേസിലും സുധാകരന്‍ കുറ്റവിമുക്‌തനായി. ഇപ്പോഴും വെടിവെപ്പു കേസുമായി ബന്ധപ്പെട്ട്‌ കണ്ണൂര്‍ രാഷ്‌ട്രീയത്തില്‍ പോര്‍വിളികള്‍ ശക്‌തമാണ്‌.

1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ മടങ്ങവേ ആന്ധ്രയില്‍ വച്ച്‌ വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടകളുടെ അസ്വസ്‌ഥതകളോടെയാണ്‌ കഴിയുന്നത്‌ എന്നാണ്‌ സി.പി.എമ്മും അണികളും പറയുന്നത്‌.

എന്നാല്‍ കള്ളക്കഥ പറഞ്ഞ്‌ ഇ.പി. ജയരാജന്‍ സി.പി.എം അണികളെ വിഡ്‌ഢികളാക്കുകയാണെന്നാണ് കെ. സുധാകരന്‍ പറയുന്നത് . വെടിയുണ്ട പോയിട്ട്‌ അതിന്റെ ഒരു താരോ തരിമ്പോ ജയരാജന്റെ തലയിലുണ്ടെന്ന്‌ മെഡിക്കല്‍ ബോര്‍ഡ്‌ മുമ്പാകെ തെളിയിക്കുകയാണെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ്‌ സുധാകരന്റെ വെല്ലുവിളി.

ജലന്തറില്‍ നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത്‌ നാട്ടിലേക്ക്‌ വരുന്ന വഴി ട്രെയിനില്‍ വച്ചാണ്‌ ഇ.പി. ജയരാജന്‌ വെടിയേറ്റത്‌. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ കുടുംബസമേതം രാജധാനി എക്‌സ്പ്രസിലായിരുന്നു നാട്ടിലേക്ക്‌ തിരിച്ചത്‌. എ.സി. കോച്ചില്‍ വാഷ്‌ബേസിനുസമീപം നില്‍ക്കുമ്പോഴാണ്‌ ജയരാജന്‌ വെടിയേറ്റത്‌.

ട്രെയിൻ കൊള്ളക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കേരളീയരായിരുന്ന വിക്രം ചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കെ.സുധാകരനും സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജനും തമ്മില്‍ വാക്‌പോര്‌ നടക്കുന്ന കാലമായിരുന്നു അത്‌.

അണികള്‍ തമ്മില്‍ കയ്യാങ്കളിയയും പതിവായിരുന്നു. സംഭവം ആന്ധ്രയിലാണ്‌ നടന്നതെന്നതിനാല്‍ ആന്ധ്രയിലെ കോണ്‍ഗ്രസ്‌ നേതൃത്വവും വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടു. പ്രതിപ്പട്ടികയില്‍ കെ. സുധാകരനും പരേതനായ എം. വി രാഘവനും ഉള്‍പ്പെട്ടിരുന്നു.

ഇവര്‍ ഗൂഢാലോചന നടത്തിയാണ്‌ ജയരാജനു നേരെ അക്രമമുണ്ടായതെന്നാണ്‌ സി.പി.എം. ആരോപണം. തുടര്‍ന്ന്‌ കേസില്‍ നിന്നും സുധാകരനും എം.വി രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശന്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തു.

ആന്ധ്രയിലെ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്റെ ഇടപെടലിലാണ്‌ സുധാകരനും രാഘവനും രക്ഷപ്പെട്ടതെന്നാണ്‌ സി.പി.എം. ഇപ്പോഴും വിശ്വസിക്കുന്നത്‌. അക്കാലത്ത്‌ കെ.സുധാകരനേയും എം.വി രാഘവനേയും ജില്ലയിലെങ്ങും സി.പി.എം ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു .

Leave A Reply
error: Content is protected !!