വൈറസിനെ കീഴ് പെടുത്താൻ പാളയത്തിൽ ചെന്ന് ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തണം ;കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

വൈറസിനെ കീഴ് പെടുത്താൻ പാളയത്തിൽ ചെന്ന് ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തണം ;കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

മുംബൈ: രാജ്യത്ത് കോവിഡ് വൈറസിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ‘ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ പോലെയാവണമെന്ന് കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത. ജസ്റ്റിസ് ജിഎസ് കുല്‍ക്കര്‍ണി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വാക്‌സിന്‍ വിതരണത്തിലെ മെല്ലപ്പോക്ക് നയത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത് .

‘കൊറോണ വൈറസ് ആണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അതിനെ നാം നേരിടണം. ശത്രുക്കള്‍ ചിലയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ചിലര്‍ക്ക് അവിടെ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ല. നിങ്ങളുടെ(സര്‍ക്കാരിന്റെ) പോരാട്ടം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണം. നിങ്ങള്‍ അതിര്‍ത്തിയില്‍ നിന്നുകൊണ്ട് ശത്രു നിങ്ങള്‍ക്കരികിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ശത്രുക്കളുടെ പാളയത്തിലേക്ക് കടന്നുചെല്ലുന്നില്ല.’ ചീഫ് ജസ്റ്റിസ് ദത്ത വിമർശിച്ചു .

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവ വളരെ വൈകിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. നിരവധി ജനങ്ങളുടെ ജീവന്‍ വരെ നഷ്ടമാവുകയാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

75 വയസ്സിന് മേൽ പ്രായമുള്ളവര്‍ക്ക് വേണ്ടി ‘ഡോര്‍ ടു ഡോര്‍ ‘വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശ നല്‍കണമെന്നാവശ്യപ്പെട്ട് ദ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നീ അഭിഭാഷകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതിയുടെ നിരീക്ഷണം.

വീടുകള്‍ തോറുമുള്ള വാക്‌സിന്‍ വിതരണം പ്രാവര്‍ത്തികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പകരം വീടിന് ഏറ്റവും സമീപത്ത് വാക്‌സിന്‍ വിതരണ സൗകര്യം ഒരുക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചത് .

Leave A Reply
error: Content is protected !!